Photos: Ajmal M.K.

വോട്ടു ശതമാനം കുറച്ചത് ആരാണ്?
വിദ്യാഭ്യാസ / തൊഴിൽ പ്രവാസികളാണോ?

വിദ്യാർഥികൾ, തൊഴിൽ തേടി അടുത്ത കാലത്ത് മാത്രം കേരളം വിട്ടവർ, വോട്ടർ പട്ടികയിലുണ്ട്. അവരിൽ എത്ര ശതമാനം വോട്ട് ചെയ്തു?– ഇതന്വേഷിക്കുമ്പോൾ വോട്ടിംഗ് പാറ്റേണിനെക്കുറിച്ചുമാത്രമല്ല, മാറിവരുന്ന കേരളീയ സാമൂഹിക ഘടനയെക്കുറിച്ചും പഠിക്കാനും മനസ്സിലാക്കാനും പറ്റിയേക്കും– അങ്ങനെയല്ലേ പൊളിറ്റിക്കൽ സയൻസ്​ പഠിക്കേണ്ടത്?- ലോക്സഭാ തെരഞ്ഞെടുപ്പിൽ​ വോട്ടിംഗ് ശതമാനം കുറഞ്ഞതിന്റെ കാരണത്തെക്കുറിച്ച് എഴുതുന്നു, വി. മുസഫർ അഹമ്മദ്.

വോട്ടിംഗ് ശതമാനം കുറഞ്ഞതിനെക്കുറിച്ച് ചൂടുപിടിച്ച ചർച്ച നടക്കുകയാണല്ലോ? പോളിംഗ് ജോലിക്ക് പോയവരിൽ ഭൂരിഭാഗവും ഇങ്ങനെ പറയുന്നു– ബൂത്തിൽ ഒരു നിമിഷം പോലും ഒഴിവ് കിട്ടിയിരുന്നില്ല. വോട്ടിംഗ് തന്നെയായിരുന്നു. പല ഉദ്യോഗസ്​ഥർക്കും വോട്ടിംഗ് ദിവസം ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞില്ല, അത്രയും തിരക്കായിരുന്നു– പക്ഷെ പോളിംഗ് ശതമാനത്തിൽ കുറവും കാണുന്നു? ഇതിന്റെ യുക്തി ആർക്കും മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്നുമില്ല.

മുന്നണികളും പാർട്ടികളും പല തരം സിദ്ധാന്തങ്ങൾ പറയുന്നു: കൊടിയ വേനൽ, വോട്ടിംഗ് യന്ത്രത്തി​ന്റെ മെല്ലെപ്പോക്ക് പലരേയും മടുപ്പിച്ചു, അവർ വീട്ടിലേക്ക് പോയി തുടങ്ങി പലതരം കാരണങ്ങൾ. ഇതൊക്കെ എത്ര മാത്രം സത്യമാണ്?

ഈ ചർച്ചയിൽ കടന്നുവരാത്ത ഒരു വിഭാഗമുണ്ട്. പഠിക്കാനും ജോലി തേടിയും കേരളം വിട്ടവർ. ഇവരെല്ലാം 18 കഴിഞ്ഞവരും വോട്ടർ പട്ടികയിലുള്ളവരുമാണ്. ഇവരിൽ എത്ര പേർ വോട്ടു ചെയ്യാനായി നാട്ടിൽവന്നു? ഈ ചോദ്യത്തിനുള്ള ഉത്തരം ആരും തേടുന്നില്ല. അവരുടെ അസാന്നിധ്യമാണോ വോട്ടിന്റെ കുറവിൽ പ്രതിഫലിക്കുന്നത്. പ്രവാസി അക്കാദമിക്കുകളും സ്ഥാപനങ്ങളും ഇത്തരമൊരു കാര്യത്തെക്കുറിച്ച് പഠിക്കാൻ തയ്യാറായി കാണുന്നുമില്ല.

ഇന്ത്യയുടെ പുറത്ത് പഠിക്കാൻ പോയ വിദ്യാർഥികളുടെ കാര്യമെടുക്കുക. അവർ പോയ പല രാജ്യങ്ങളിലും ഇപ്പോൾ വെക്കേഷൻ സമയമാണ്. അതായത് ആ കുട്ടികൾ നാട്ടിലുണ്ടാകും, അവർ വോട്ട് ചെയ്തിട്ടുണ്ടാകും എന്നാണ് നമ്മൾ കരുതുക. എന്നാൽ വിദേശങ്ങളിലെ സ്വാശ്രയ കോളേജുകളിൽ മലയാളികൾ പഠിക്കുന്നത് വലിയ ഫീസ്​ നൽകിയാണ്. പലരും ബാങ്ക് വായ്പ ആശ്രയിച്ചാണ് പഠിക്കാൻ പോകുന്നത്. നാട്ടിൽ വന്നു പോവുക ചെലവേറിയ കാര്യമായതിനാൽ മിക്ക വിദ്യാർഥികളും വർഷത്തിലൊരിക്കൽ നാട്ടിൽ വരിക എന്ന ‘ആചാരത്തിൽ‘ വിശ്വസിക്കാത്തവരാണ്. വെക്കേഷൻ കാലത്ത് ജോലിക്കു പോയി പണമുണ്ടാക്കി അുടത്ത സെമസ്റ്ററിന് ഫീസടക്കാൻ ശ്രമിക്കുന്നവരും ആ കൂട്ടത്തിലുണ്ട്. അതായത് വെക്കേഷന് നാട്ടിൽ വരുന്ന പഴയ വിദ്യാഭ്യാസ രീതിയിൽ നിന്നും സങ്കൽപ്പത്തിൽ നിന്നും വിദേശത്ത് പഠിക്കുന്നവരുടെ തലമുറക്ക് വലിയ മാറ്റമുണ്ട്. അവർ വോട്ട് ചെയ്യാൻ വരേണ്ട എന്നു തന്നെ തീരുമാനിച്ചിരിക്കുമോ?

മറ്റൊരു വിഭാഗം കേരളത്തിനുപുറത്ത് ഇന്ത്യൻ നഗരങ്ങളിൽ ജോലി ചെയ്യുന്ന ഏറ്റവും പുതിയ തലമുറയിൽ പെട്ടവരാണ്. അവരിൽ പലരും ഒന്നോ രണ്ടോ മാസം മുൻപ് ജോലിയിൽ പ്രവേശിച്ചവരാണ്. സ്വകാര്യ സ്​ഥാപനങ്ങളിലാണ് ഇവരെല്ലാം ജോലി ചെയ്യുന്നത്. ഇവരും വിദ്യാർഥികളുടെ കാര്യം പറഞ്ഞപോലെ വോട്ടർ പട്ടികയിലുള്ളവരാണ്, എന്നാൽ വോട്ട് ചെയ്യാത്തവരുമാണ്. ഇങ്ങനെ ജോലി ചെയ്യുന്നവരിൽ കുറച്ചു പേർ വോട്ട് ദിനത്തിൽ എത്തുകയും സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകാം. എന്നാൽ മഹാഭൂരിപക്ഷവും അങ്ങനെയായിരിക്കില്ല ചെയ്തത്.

‘ബ്രെയിൻ ഡ്രെയിൻ’ നാം ഇടക്കിടെ ചർച്ച ചെയ്യാറുണ്ട്. അതിന്റെ കൂടെ തന്നെയുള്ളതാണ് ഈ ‘വോട്ട് ഡ്രെയിൻ’. പക്ഷെ ഇതിനെക്കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല. പഠിക്കുന്നുമില്ല, സർവേയും നടത്തുന്നില്ല. ഓരോ ബൂത്തിലും വോട്ട് ചെയ്യാത്തവരുടെ വിവരങ്ങളെടുത്ത് ഒരു സർവേ നടത്തിയാൽ ഇക്കാര്യം ചിലപ്പോൾ വെളിപ്പെട്ടേക്കാം. കേരള / കേന്ദ്ര സർക്കാരുകളുടെ കയ്യിൽ പഠിക്കാനും ജോലിക്കുമായി പോയവരെക്കുറിച്ചുള്ള ‘കൊട്ടക്കണക്കുകൾ‘ മാത്രമാണുള്ളത്. ലക്ഷങ്ങൾ പോയി എന്നൊക്കെ എളുപ്പം പറഞ്ഞ് അവർ തടിയൂരും. കൃത്യമായ കണക്കില്ല താനും. അതുകൊണ്ടുതന്നെ ആര്, എവിടെ എന്നറിയാത്ത ഒരു ഭരണ സംവിധാനമുണ്ടാക്കുന്ന വോട്ടർ പട്ടികയിലെ ശതമാനക്കുറവിനെക്കുറിച്ചാണ് നാമിപ്പോൾ ചർച്ച ചെയ്യുന്നത് എന്നോർക്കണം. സർക്കാരുകൾക്ക് കണക്കുകളില്ലെങ്കിലും നമ്മുടെ നിത്യജീവിതാനുഭവത്തിൽ നിന്ന് ഇങ്ങനെ പോകുന്നവരുടെ കണക്കുകളെക്കുറിച്ച് ഓരോ മലയാളിക്കും ഏകദേശ ധാരണയുണ്ടാകും. ആ ധാരണയിലെ കണക്കും വോട്ട് കുറച്ചിലും തമ്മിൽ ടാലിയാകുന്നുണ്ടോ? അതിനെക്കുറിച്ച് ചർച്ചയും പഠനവും സർവേയും അനിവാര്യമല്ലേ? അങ്ങനെയെങ്കിൽ ഇപ്പോൾ മലയാളി നടത്തുന്ന ‘പൊന്തമ്മൽ തല്ലൽ‘ അവസാനിക്കുമോ?

ഞാൻ 13 വർഷം സൗദിയിലായിരുന്നു. നാട്ടിൽ നിന്നു പോയി ആറു മാസം കഴിഞ്ഞപ്പോൾ വോട്ടർ പട്ടിക പുതുക്കി, ഞാനതിൽ നിന്ന് പുറത്തായി. ആറു മാസത്തിലധികം പട്ടികയിലെ വിലാസത്തിലല്ല ഒരാൾ താമസിക്കുന്നതെങ്കിൽ അയാളെ പട്ടികയിൽ നിന്നും നീക്കും– അതാണ് നിയമം. എന്നെ അന്ന് അങ്ങനെയാണ് നീക്കിയത്. പിന്നീട് മുൻ വിലാസത്തിൽ സ്​ഥിരതാമസക്കാരനായപ്പോൾ വോട്ടർ പട്ടികയിൽ തിരിച്ചെത്തി. പ്രവാസി വോട്ടിന് രജിസ്റ്റർ ചെയ്ത് ഇപ്പോൾ സമ്മതിദാനാവകാശം വിനിയോഗിക്കാം. നാട്ടിലെ ബൂത്തിൽ വന്ന് വോട്ട് ചെയ്യണം. അങ്ങനെയാണ് ഗൾഫിൽ നിന്ന് ചാർട്ടർ ചെയ്ത വോട്ടുവിമാനങ്ങൾ കേരളത്തിൽ വന്നിറങ്ങുന്നത്. എന്നാൽ വോട്ടുകാലത്ത് നാട്ടിൽ വരാൻ എല്ലാ ഗൾഫുകാരുടെയും കയ്യിൽ കാശ് കാണില്ല. അതു കൊണ്ടവർ വോട്ടെടുപ്പിൽ പങ്കെടുക്കുന്നുമില്ല.

എന്നാൽ വിദ്യാർഥികൾ, തൊഴിൽ തേടി അടുത്ത കാലത്ത് മാത്രം കേരളം വിട്ടവർ, വോട്ടർ പട്ടികയിലുണ്ട്. അവരിൽ എത്ര ശതമാനം വോട്ട് ചെയ്തു?– ഇതന്വേഷിക്കുമ്പോൾ വോട്ടിംഗ് പാറ്റേണിനെക്കുറിച്ചുമാത്രമല്ല, മാറിവരുന്ന കേരളീയ സാമൂഹിക ഘടനയെക്കുറിച്ചും പഠിക്കാനും മനസ്സിലാക്കാനും പറ്റിയേക്കും– അങ്ങനെയല്ലേ പൊളിറ്റിക്കൽ സയൻസ്​ പഠിക്കേണ്ടത്?


വി. മുസഫർ അഹമ്മദ്​

മാധ്യമ പ്രവർത്തകനും എഴുത്തുകാരനും. മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മയിലുകൾ സവാരിക്കിറങ്ങിയ ചെരുവിലൂടെ, കുടിയേറ്റക്കാരന്റെ വീട്, മരിച്ചവരുടെ നോട്ട് പുസ്തകം, ബങ്കറിനരികിലെ ബുദ്ധൻ, camels in the sky: Travels in Arabia എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments