ബി.ജെ.പിക്ക് തിരിച്ചടിയാകുന്നു, സാമുദായിക വിഭജനത്തിന്റെ ‘ഗുജറാത്ത് മോഡൽ’

ദലിത് വോട്ടുബാങ്കിനെ പ്രീണിപ്പിക്കാൻ കേന്ദ്രമന്ത്രിയായ പർഷോത്തം രുപാല അസ്ഥാനത്തു നടത്തിയ രജ്പുത് വിരുദ്ധ പ്രസ്താവന, പട്ടീദാർ- രജ്പുത് സമുദായങ്ങൾ തമ്മിലുള്ള ഭിന്നതയുടെ ആഴം കൂട്ടിയിരിക്കുകയാണ്. രുപാലക്കെതിരെ രജ്പുത് സമുദായവും പിന്തുണയുമായി സ്വന്തം സമുദായമായ പട്ടീദാർ വിഭാഗവും അണിനിരന്നതോടെ സാമുദായിക ​ധ്രുവീകരണമെന്ന ബി.ജെ.പി പദ്ധതി വിജയിച്ചുവെങ്കിലും രജ്പുത്തുകൾക്ക് സ്വാധീനമുള്ള പത്തു മണ്ഡലങ്ങളിലെങ്കിലും ഈ ധ്രുവീകരണം ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് സൂചന.

Election Desk

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും തട്ടകമായ ഗുജറാത്തിൽ സ്വന്തം സാമുദായിക വിഭജനതന്ത്രം ബി.ജെ.പിക്ക് വൻ തിരിച്ചടിയായി മാറുന്നു. ദലിത് വോട്ടുബാങ്കിനെ പ്രീണിപ്പിക്കാൻ കേന്ദ്രമന്ത്രിയായ പർഷോത്തം രുപാല അസ്ഥാനത്തു നടത്തിയ രജ്പുത് വിരുദ്ധ പ്രസ്താവന, പട്ടീദാർ- രജ്പുത് സമുദായങ്ങൾ തമ്മിലുള്ള ഭിന്നതയുടെ ആഴം കൂട്ടിയിരിക്കുകയാണ്. രുപാലക്കെതിരെ രജ്പുത് സമുദായവും പിന്തുണയുമായി സ്വന്തം സമുദായമായ പട്ടീദാർ വിഭാഗവും അണിനിരന്നതോടെ സാമുദായിക ​ധ്രുവീകരണമെന്ന ബി.ജെ.പി പദ്ധതി വിജയിച്ചുവെങ്കിലും രജ്പുത്തുകൾക്ക് സ്വാധീനമുള്ള പത്തു മണ്ഡലങ്ങളിലെങ്കിലും ഈ ധ്രുവീകരണം ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് സൂചന.
ഗുജറാത്തിനു പുറത്ത്, ​​ക്ഷത്രിയ സമുദായത്തിന് സ്വാധീനമുള്ള രാജസ്ഥാൻ, മഹാരാഷ്ട്ര, യു.പി, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിലേക്കുകൂടി രജ്പുത് പ്രതിഷേധം വ്യാപിക്കുന്നത്, ബി.ജെ.പിയുടെ വർഗീയ കാമ്പയിനേറ്റ തിരിച്ചടി കൂടിയാണ്.

സൂറത്തിൽ വിജയകരമായി നടത്തിയെടുത്ത ‘ഓപ്പറേഷൻ താമര’യുടെ ആഹ്ലാദം കെടുത്തുന്നതാണ് ഗുജറാത്തിൽ ആളിക്കത്തുന്ന രജ്പുത് പ്രതിഷേധം. പത്ത് സീറ്റുകളിൽ ബി.ജെ.പിയെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്ന് ക്ഷത്രിയ സമുദായം പ്രഖ്യാപിച്ചതോടെ, കഴിഞ്ഞ രണ്ട് ​തെരഞ്ഞെടുപ്പുകളിൽ ആകെയുള്ള 26 സീറ്റിലും ജയിച്ചുവരുന്ന ബി.ജെ.പിയുടെ ഇത്തവണത്തെ തുടർജയസാധ്യതകൾക്ക് വലിയ തിരിച്ചടിയേറ്റു.

കേന്ദ്രമന്ത്രി പർഷോത്തം രുപാലയുടെ വിവാദപരാമർശമാണ് രജ്പുത് സമുദായത്തെ രോഷാകുലരാക്കിയത്. രാജ്‌കോട്ടിൽ രുഖി സമാജ് എന്ന ദലിത് വിഭാഗത്തിന്റെ യോഗത്തിലായിരുന്നു രുപാലിയുടെ വിവാദ പ്രസംഗം: 'ക്ഷത്രിയ രാജാക്കന്മാർ ബ്രിട്ടീഷുകാർക്കു മുന്നിൽ വണങ്ങിനിന്നു. അവർ മക്കളെ വിവാഹം ചെയ്തുകൊടുത്തും ഭക്ഷണം പങ്കിട്ടും അവർ വിദേശ ഭരണാധികാരികളുമായി സൗഹൃദം പങ്കിട്ടു, എന്നാൽ, രുഖി സമുദായക്കാർ ഏറെ പീഡിപ്പിക്കപ്പെട്ടിട്ടും അങ്ങനെ ചെയ്തില്ല' എന്നാണ് രുപാലി നടത്തിയ പ്രസ്താവന.

ഇത് തങ്ങളുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിച്ചുവെന്നാരോപിച്ചും രുപാലയെ മാറ്റണമെന്നാവശ്യപ്പെട്ടും വൻ പ്രകടനങ്ങൾ നടന്നു. രജപുത്ര കർണിസേനയുടെ ഒരു വിഭാഗത്തിന്റെ പ്രസിഡന്റായ രാജ് ഷൈഖാവത്ത് ബി.ജെ.പിയിൽനിന്ന് രാജിവച്ചു. രുപാലി രണ്ടു തവണ മാപ്പ് ചോദിച്ചെങ്കിലും ക്ഷത്രിയ സമാജിന്റെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. 25 സീറ്റിലും ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുമെന്നാണ് രജ്പുത് സമുദായം പറയുന്നത്. എന്നാൽ, രുപാലയെ മാറ്റിക്കൊണ്ടുള്ള ഒത്തുതീർപ്പിന് ബി.ജെ.പി വഴങ്ങുന്നില്ല. കാരണം, രുപാലയെപ്പോലൊരു മുതിർന്ന നേതാവിനെ മാറ്റുന്നത് മറ്റു നിരവധി മണ്ഡലങ്ങളിലെ പാർട്ടിയുടെ വിജയസാധ്യതയെ പ്രതികൂലമായി ബാധിക്കും. ഇത്, സംസ്ഥാനത്തെ 14-16 ശതമാനം വരുന്ന പട്ടീദാർ വോട്ടുബാങ്കിനെയും ബി.ജെ.പിക്ക് എതിരാക്കും. ഏഴ് ലോക്‌സഭാ സീറ്റിലെങ്കിലും പട്ടീദാർ സമുദായമാണ് ജയപരാജയം നിർണയിക്കുന്നത്. അത്രത്തോളം സ്വാധീനം 5-6 ശതമാനം വരുന്ന ക്ഷത്രിയ സമുദായത്തിനില്ല എന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.

തങ്ങളുടെ ആവശ്യം നിരസിക്കപ്പെട്ടതിനെതുടർന്ന് പ്രതിഷേധം കടുപ്പിക്കാൻ സമുദായ നേതാക്കൾ രജ്പുത് കോ ഓർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകുകയും മെയ് ഏഴിനു മുമ്പ് നാല് മഹാസമ്മേളനങ്ങൾ നടത്താൻ തീരുമാനിക്കുകയും ചെയ്തു. പത്ത് സീറ്റിലെങ്കിലും ബി.ജെ.പി സ്ഥാനാർഥികളെ തോൽപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്മിറ്റി വക്താവ് കരണസിങ് ചാവ്ദ പറഞ്ഞു. രാജ്‌കോട്ട്, സുരേന്ദ്രനഗർ, ജാംനഗർ, ഭാവ്‌നഗർ, കച്ച്, ബനസ്ഖണ്ഡ്, പാടൻ, സബർഖണ്ഡ്, മേഹ്‌സാന, ബറൂച്ച് എന്നിവിടങ്ങളിലെ ബി.ജെ.പി സ്ഥാനാർഥികളെ തോൽപ്പിക്കാനാണ് ആഹ്വാനം.

ഇതേതുടർന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സി.ആർ. പാട്ടീൽ ക്ഷത്രിയ സമുദായ നേതാക്കളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തി. രുപാലയോടാണ്, മോദിയോടല്ല രജ്പുത്തരുടെ പ്രതിഷേധം എന്നാണ് പാട്ടീൽ ചർച്ചക്കുശേഷം പറഞ്ഞത്. നരേന്ദ്രമോദിയെ തന്നെ കൊണ്ടുവന്ന് രുപാലക്കെതിരായ പ്രതിഷേധം തണുപ്പിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

രജപുത്ര കർണിസേനയുടെ ഒരു വിഭാഗത്തിന്റെ പ്രസിഡന്റായ രാജ് ഷൈഖാവത്ത്

സംസ്ഥാന ജനസംഖ്യയിലെ 17 ശതമാനം വരുന്ന രജ്പുത്തുകളുടെ പിന്തുണ ബി.ജെ.പിക്ക് അനിവാര്യമാണ്. ഗുജറാത്തിൽ മാത്രമല്ല, രാജസ്ഥാൻ, മഹാരാഷ്ട്ര, യു.പി, മധ്യപ്രദേശ് എന്നിവിടങ്ങളിലും ക്ഷത്രിയ വിഭാഗത്തിന് സ്വാധീനമുണ്ട്. ഗുജറാത്തിൽനിന്നുള്ള ക്ഷത്രിയ സമുദായം മുംബൈയിൽ 12,000-ഓളം കുടുംബങ്ങളിലായി വ്യാപിച്ചുകിടക്കുന്നുണ്ട്.

ഗുജറാത്തിൽ, തങ്ങളെ ബി.ജെ.പി അവഗണിക്കുന്നുവെന്ന പരാതി നേരത്തെ തന്നെ ക്ഷത്രിയർക്കുണ്ട്. സൗരാഷ്ട്ര മേഖലയിൽ രജ്പുത് സമുദായത്തെ പ്രതിനിധീകരിച്ച് അഞ്ച് എം.എൽ.എമാരും ഒരു രാജ്യസഭാ എം.പിയുമാണുള്ളത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും കേന്ദ്രമന്ത്രിമാരായ മൻസുഖ് മാണ്ഡവ്യയും രുപാലയും പട്ടീദാർ സമുദായക്കാരാണ്. മന്ത്രിസഭയിലും പ്രമുഖ ക്ഷത്രിയ മുഖങ്ങളില്ല.

സംസ്ഥാനത്തെ സാമ്പത്തിക- സാമൂഹിക- അധികാര മേഖലകളിൽ സ്വാധീനമുള്ള പട്ടീദാർ സമുദായക്കാരനാണ് രുപാല. പട്ടീദാർ- രജ്പുത് സമുദായങ്ങൾ തമ്മിൽ ദീർഘകാലമായി അത്ര നല്ല ബന്ധത്തിലുമല്ല എന്നത് രുപാലയുടെ പ്രസ്താവനയുണ്ടാക്കിയ വിഭജനത്തിന്റെ ആഴം കൂട്ടുന്നു. സംസ്ഥാന ജനസംഖ്യയിൽ (6.9 കോടി) പട്ടീദാർ സമുദായം ഒന്നര കോടിയോളമാണ്. രജ്പുത്തുകൾ 5-6 ശതമാനവും. ഗുജറാത്തിലെ നരേന്ദ്രമോദി മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരുന്ന രുപാല പട്ടീദാർ സമുദായത്തിന്റെ ശക്തനായ നേതാവാണ്. അതുകൊണ്ടു​തന്നെ, ഇപ്പോഴത്തെ വിവാദത്തിൽ രുപാലക്ക് പിന്തുണയുമായി പട്ടീദാർ സമുദായ ഗ്രൂപ്പുകൾ സോഷ്യൽ മീഡിയ കാമ്പയിൻ നടത്തുന്നുണ്ട്. നേരത്തെ കോൺഗ്രസിനൊപ്പമായിരുന്ന പട്ടീദാർ സമുദായം ഇപ്പോൾ ബി.ജെ.പിക്കൊപ്പമാണ്.

രാഷ്ട്രീയ പ്രാതിനിധ്യത്തിലും സംസ്ഥാന സർക്കാറുകളുടെ സാമ്പത്തിക നയങ്ങളിലും പ്രകടമായ അസന്തുലിതമായ മാറ്റങ്ങളാണ് സൗരാഷ്ട്ര മേഖലയിൽ സ്വാധീനശക്തിയുള്ള പട്ടീദാർ, രജ്പുത് വിഭാഗങ്ങളെ തമ്മിൽ അകറ്റിയത്. അമ്പതുകളിൽ തുറന്നുകിട്ടിയ സാമൂഹിക- സാമ്പത്തിക അവസരങ്ങൾ ഉപയോഗപ്പെടുത്തി പട്ടീദാർ സമുദായം അധികാര രാഷ്ട്രീയത്തിലും സാമ്പത്തിക മേഖലയിലും സ്വാധീനശക്തിയായി വളർന്നു. ഇത് രജ്പുത് വിഭാഗത്തിനിടയിൽ കടുത്ത അതൃപ്തിയുണ്ടാക്കി. എൺപതുകളിൽ ഇരു സമുദായങ്ങളും തമ്മിൽ സായുധ സംഘർഷം പോലുമുണ്ടായിരുന്നു. നിരവധിപേർ കൊല്ലപ്പെടുകയും ചെയ്തു.

രജ്പുത് വിഭാഗത്തിന്റെ പ്രതിഷേധത്തിൽ നിന്നും

ഈ സംഘർഷകാലത്താണ് കോൺഗ്രസ് നേതാവ് മാധവ്‌സിങ് സോളങ്കി 'ക്ഷത്രിയ- ഹരിജൻ- ആദിവാസി- മുസ്‌ലിം’ (KHAM) ഫോർമുലക്ക് രൂപം നൽകിയത്. സ്വതന്ത്ര പാർട്ടിയുടെ സ്വാധീനം ചെറുക്കാനായിരുന്നു ഈ നീക്കം. 1985-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ ഫോർമുല കോൺഗ്രസിന് വൻ നേട്ടമുണ്ടാക്കി, 185-ൽ 149 സീറ്റിലും ജയം. 2022-ലാണ് കോൺഗ്രസിന്റെ ഈ റെക്കോർഡ് തകർക്കപ്പെട്ടത്. അതേസമയം, KHAM ഫോർമുല പട്ടീദാർ സമുദായത്തെ അധികാര രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തു. മാധവ് സിങ് സോളങ്കി സർക്കാറിന്റെ സംവരണ നയം സമുദായങ്ങൾ തമ്മിലുള്ള ബന്ധത്തെ സംഘർഷഭരിതമാക്കി. പട്ടീദാർ- രജ്പുത് സമുദായങ്ങൾ തമ്മിലുള്ള ശത്രുത ഇരട്ടിയാക്കി, മാത്രമല്ല, പട്ടീദാർ, രജ്പുത് വിഭാഗങ്ങൾ കോൺഗ്രസിനെ കൈവെടിയുകയും ചെയ്തു. കോൺഗ്രസിന് ക്ഷത്രിയ അനുകൂല നയമാണുണ്ടായിരുന്നതെങ്കിലും അത് വോട്ടാക്കി മാറ്റാനായില്ല.

എൺപതുകളിൽ സൗരാഷ്ട്ര മേഖലയിലുണ്ടായ സാമുദായിക വിഭജനരാഷ്ട്രീയം സ്വഭാവികമായ ചില പ്രവണതകളുടെ കൂടി ഫലമായിരുന്നു​വെങ്കിൽ ഇ​​പ്പോൾ ബി.ജെ.പി ആവർത്തിക്കുന്നത്. രജ്പുത്തുകളെ പ്രകോപിപ്പിച്ച് ദലിത്- ആദിവാസി- പട്ടീദാർ വിഭാഗങ്ങളുടെ ​ധ്രുവീകരണം സാധ്യമാക്കുക എന്ന അപകടകരമായ ​ഇലക്ഷൻ അജണ്ടയാണ്.

മെയ് ഏഴിനു നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ ഗുജറാത്തിലെ 25 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. സംസ്ഥാനത്ത് 26 മണ്ഡലങ്ങളാണുള്ളത്. സൂറത്തിൽ 'ഓപറേഷൻ താമര'യെ തുടർന്ന് ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാൽ 'എതിരില്ലാതെ' തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014, 2019-തെരഞ്ഞെടുപ്പുകളിൽ 26 സീറ്റും സ്വന്തമാക്കിയ ബി.ജെ.പി ഇത്തവണ ക്ഷത്രിയരോഷം കൂടാതെ സംഘടനാതലത്തിലും ബി.ജെ.പി വൻ പ്രതിരോധത്തിലാണ്. പ്രാദേശിക അണികളുടെ പ്രതിഷേധത്തെതുടർന്ന് വഡോദരയിലും സബർകന്ദയിലും നിശ്ചയിച്ച സ്ഥാനാർഥികളെ മാറ്റേണ്ടിവന്നു.

കേന്ദ്രമന്ത്രി അമിത് ഷാ ആണ് ബി.ജെ.പിയുടെ പ്രമുഖ സ്ഥാനാർഥി. തൊണ്ണൂറുകൾ മുതൽ എൽ.കെ. അദ്വാനി ജയിച്ചുവരുന്ന ഗാന്ധി നഗറിലാണ് അമിത് ഷാ മത്സരിക്കുന്നത്. മറ്റു രണ്ട് കേന്ദ്രമന്ത്രിമാരും രംഗത്തുണ്ട്. പോർബന്തറിൽനിന്ന് മൻസൂഖ് മാണ്ഡവ്യ, പർഷോത്തം രുപാല രാജ്‌കോട്ടുനിന്നും. ഇരുവരും രാജ്യസഭാ എം.പിമാരായിരുന്നു.

എന്നാൽ, ബി.ജെ.പിയിലെ പ്രതിസന്ധി കോൺഗ്രസ്- ആപ് സഖ്യത്തിന് തീരെ മുതലെടുക്കാനുമായിട്ടില്ല. രാജ്‌കോട്ടിൽ പരേഷ് ധനാനിയാണ് കോൺഗ്രസ് സ്ഥാനാർഥി. മുൻ പ്രതിപക്ഷ നേതാവായ ധനാനി പട്ടീദാർ സമുദായക്കാരനാണ്. കോൺഗ്രസിന്റെ കടുത്ത സമ്മർദത്തിനൊടുവിലാണ് രുപാലിക്കെതിരെ ധനാനി രംഗത്തിറങ്ങിയത്. പട്ടീദാറാണെങ്കിലും പ്രകടമായി സാമുദായിക രഷ്ട്രീയത്തിലില്ലാത്ത ധനാനിക്ക്, രജ്പുതുകളുടെ വോട്ടു കൂടി സമാഹരിക്കാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ധനാനിയും രുപാലയും തമ്മിൽ മത്സരിക്കുന്നത് ഇതാദ്യമായല്ല. 2002-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ അംറേലിയിൽ ഇരുവരും പരസ്പരം ഏറ്റുമുട്ടിയിരുന്നു. അന്ന് രുപാലി മോദി മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്നു. 1972 മുതൽ കോൺഗ്രസിന് ജയിക്കാനാകാത്ത അംറേലിയിൽ രുപാലിക്കെതിരെ ധനാനി അട്ടിമറിജയം നേടി. മൂന്നു തവണ എം.എൽ.എയും ബി.ജെ.പിയിൽ ഉയർന്നുവരുന്ന താരവുമായിരുന്ന രുപാലിയുടെ തോൽവി അന്ന് ബി.ജെ.പിയെ ഞെട്ടിച്ചിരുന്നു. അത്തരമൊരു മത്സരം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇത്തവണ കോൺഗ്രസ്. രണ്ട് പട്ടീദാർ സമുദായക്കാർ എന്ന നിലയ്ക്കുള്ള മത്സരവും രാജ്‌കോട്ടിനെ ശ്രദ്ധാകേന്ദ്രമാക്കിയിട്ടുണ്ട്.

ഗാന്ധിനഗറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്ന ആഭ്യന്തരമന്ത്രി അമിത്ഷാ

ആം ആദ്മി പാർട്ടി ബറൂച്ചിലും ഭാവ്‌നഗറിലുമാണ് മത്സരിക്കുന്നത്. സിറ്റിങ് എം.എൽ.എമാരായ ചൈതാർ വാസവ ബറൂച്ചിലും ഉമേഷ് മക്‌വാന ഭാവ്‌നഗറിലും മത്സരിക്കുന്നു. ബറൂച്ചിൽ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന എം.പിയായ ബി.ജെ.പിയിലെ മൻസൂഖ് വാസവക്കെതിരെ ആപ്പിന്റെ ജനകീയനായ ആദിവാസി നേതാവ് 36 കാരനായ ചൈതാർ വാസവ് കടുത്ത മത്സരമാണ് കാഴ്ചവക്കുന്നത്. ആദിവാസി- മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ ഇവിടെനിന്ന് 1998 മുതൽ വിജയിക്കുന്ന എം.പിയാണ് മൻസുഖ് വാസവ.

കോൺഗ്രസ് 23 സീറ്റിൽ മത്സരിക്കുന്നു. ആനന്ദ്, സബർകന്ദ, ബാനസ്‌കന്ദ, പഞ്ചമഹൽ, വൽസാദ് എന്നിവിടങ്ങളിൽ സിറ്റിങ് എം.എൽ.എമാരെയാണ് നിർത്തിയിരിക്കുന്നത്. ഏഴ് മുൻ എം.എൽ.എമാരും ഒരു മുൻ എം.പിയും മത്സരരംഗത്തുണ്ട്.

Comments