തെരഞ്ഞെടുപ്പിനുമുമ്പുതന്നെ എന്തിന് കെജ്രിവാളിനെ അറസ്റ്റു ചെയ്തു? ഇ.ഡിയോട് സുപ്രീംകോടതി

ലോക്സഭാ തെരഞ്ഞെടുപ്പിനു​ മുമ്പുതന്നെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന കെജ്രിവാളിനെ ചോദ്യത്തിന് ഉത്തരം നൽകണമെന്ന് ഇ.ഡി അഭിഭാഷകനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. അറസ്റ്റിന്റെ ആവശ്യകതയും വിശദീകരിക്കണം.

National Desk, Think

ൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റിനോട് വിശദീകരണം തേടി സുപ്രീംകോടതി. ലോക്സഭാ തെരഞ്ഞെടുപ്പിനു​ മുമ്പുതന്നെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന കെജ്രിവാളിനെ ചോദ്യത്തിന് ഉത്തരം നൽകണമെന്ന് ഇ.ഡി അഭിഭാഷകനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. അറസ്റ്റിന്റെ ആവശ്യകത വിശദീകരിക്കണം. മെയ് മൂന്ന് വെള്ളിയാഴ്ച ഉച്ചക്ക് മുമ്പായി വിശദീകരണം നൽകണം. ജസ്റ്റിസുമാരായ സജ്ഞീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.

സ്വാതന്ത്ര്യം വളരെ പ്രധാനപ്പെട്ടതാണെന്നും ഇ.ഡിക്ക് അത് നിഷേധിക്കാനാകില്ലെന്നും കോടതി പറഞ്ഞു. 'സ്വാതന്ത്ര്യം വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങൾക്കത് നിഷേധിക്കാനാകില്ല. കേജ്രിവാളിന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ച അറസ്റ്റിന്റെ സമയത്തെ കുറിച്ചാണ് അവസാനത്തെ ചോദ്യം ചോദിക്കാനുള്ളത്. എന്തിനാണ് തെരഞ്ഞെടുപ്പിന് മുമ്പായി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്?’ ജസ്റ്റിസ് സജ്ഞീവ് ഖന്ന അഡീഷ്ണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനോട് പറഞ്ഞു. ജുഡീഷ്യൽ നടപടികളിലൂടെ കടന്നുപോകാതെ കേന്ദ്ര ഏജൻസിക്ക് ക്രിമിനൽ നടപടികൾ എടുക്കാനാകുമോ എന്നും കോടതി ഇ.ഡിയോട് ചോദിച്ചു.

മദ്യനയ കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

മാർച്ച് 21നായിരുന്നു മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ കണ്ടെത്തിയെന്ന് അവകാശപ്പെട്ടിട്ടുണ്ടെങ്കിലും കെജ്രിവാളിന്റെ കാര്യത്തിൽ അത്തരത്തിലൊന്നും ഉയർന്നുകേട്ടിട്ടില്ലെന്നും കോടതി ചൂണ്ടികാട്ടി.

ഇ.ഡി അറസ്റ്റിനെ ചോദ്യം ചെയ്തുള്ള കേജ്രിവാളിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അറസ്റ്റിനെതിരെ ഏപ്രിൽ 15ന് അദ്ദേഹം ഹർജി സമർപ്പിച്ചിരുന്നുവെങ്കിലും അടിയന്തരമായി പരിഗണിക്കാനാവില്ലെന്നും ഏപ്രിൽ 29ന് ശേഷം മാത്രമെ പരിഗണിക്കൂ എന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഡൽഹി ഹൈക്കോടതി ജാമ്യം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കേജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുറത്തിറങ്ങണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഹർജിയിലെ പ്രധാന ആവശ്യം. 29ന് ഹർജി പരിഗണിക്കുമ്പോൾ അറസ്റ്റിൽ വ്യക്തമായ വിശദീകരണം നൽകണമെന്ന് ഇ.ഡിയോട് കോടതി ആവശ്യപ്പെട്ടിരുന്നു.

അഡ്വ. മനു അഭിഷേക് സിങ് വിയാണ് കെജ്രിവാളിനുവേണ്ടി ഹാജരായത്. മദ്യനയ കേസിൽ ഇ.ഡി സമൻസയച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റ് നടപടികളിൽ നിന്ന് സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ച് മണിക്കൂറുകൾക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്.

Comments