മോദിയുടെ വിദ്വേഷ പ്രസംഗത്തെ വിമർശിച്ച
ബി.ജെ.പി. ന്യൂനപക്ഷ മോർച്ച നേതാവിന് സംഭവിച്ചത്…

മോദി രാജസ്ഥാനിൽ നടത്തിയ വിദ്വേഷ പ്രസ്താവന ഒരു മുസ്‌ലിം എന്ന നിലയിൽ തനിക്ക് വലിയ നിരാശയുണ്ടാക്കിയെന്നായിരുന്നു ഘനി പറഞ്ഞത്. ഇതുപോലെ ഇനി സംസാരിക്കരുത് എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും ഘനി പറഞ്ഞിരുന്നു.

Election Desk

രാജസ്ഥാനിലെ ബി.ജെ.പി പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്‍ലിംകൾക്കെതിരെ നടത്തിയ വിദ്വേഷ പ്രസ്താവനയെ വിമർശിച്ച ബി.ജെ.പി. ന്യൂനപക്ഷ മോർച്ച മുൻ നേതാവ് ഉസ്മാൻഘനിയെ പോലീസ് അറസ്റ്റ് ചെയ്തു. മോദിയുടെ വിദ്വേഷ പരാമർശത്തെ വിമർശിച്ചതിനു പിന്നാലെ ഉസ്മാൻ ഘനിയെ മുസ്‌ലിം മോർച്ചയിൽ നിന്ന് ബി.ജെ.പി. പുറത്താക്കിയിരുന്നു. ഘനി പാർട്ടിയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നാരോപിച്ചായിരുന്നു നടപടി. ആറ് വർഷത്തേക്ക് അദ്ദേഹത്തെ പാർട്ടിയിൽ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. അതിന് പിന്നാലെയാണ് സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്നാരോപിച്ച് ഉസ്മാൻ ഘനിക്കെതിരേ ബിക്കാനീർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

മോദി രാജസ്ഥാനിൽ നടത്തിയ വിദ്വേഷ പ്രസ്താവന ഒരു മുസ്‌ലിം എന്ന നിലയിൽ തനിക്ക് വലിയ നിരാശയുണ്ടാക്കിയെന്നായിരുന്നു ഘനി പറഞ്ഞത്. ഇതുപോലെ ഇനി സംസാരിക്കരുത് എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും ഘനി പറഞ്ഞിരുന്നു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്ലിംകൾക്ക് വീതിച്ചുനൽകുമെന്ന മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയായിരുന്നു ഘനി മോദിയെ വിമർശിച്ച് രംഗത്തെത്തിയത്. പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് 2006 ഡിസംബർ ഒമ്പതിന് ദേശീയ വികസന കൗൺസിൽ യോഗത്തിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം വളച്ചൊടിച്ചാണ് മോദി വിദ്വേഷ പരാമർശം നടത്തിയത്.

'കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് പിടിച്ചെടുത്ത് മുസ്‌ലിംങ്ങൾക്ക് വിതരണം ചെയ്യും എന്ന മോദിയുടെ പ്രസ്താവന നിരാശാജനകമാണ്. ഞാൻ ഒരു ബി.ജെ.പി. അംഗമാണ്. മുസ്‌ലിംകൾക്കിടയിൽ വോട്ട് ചോദിച്ചു പോകുമ്പോൾ അവർ എന്നോട് പ്രധാനമന്ത്രിയുടെ പരാമർശത്തെക്കുറിച്ച് ചോദിക്കുന്നു, ഞാൻ കുഴങ്ങുകയാണ്. ഇതുപോലെ ഇനി സംസാരിക്കരുത് എന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതും'- എന്നായിരുന്നു ഘനിയുടെ പ്രതികരണം.

എ.ബി.വി.പി. അംഗമായിരുന്ന ഉസ്മാൻ ഘനി 2005-ലാണ് ബി.ജെ.പിയിൽ ചേരുന്നത്. തുടർന്ന് ബിക്കാനീർ ജില്ലയിലെ ന്യൂനപക്ഷ മോർച്ചയുടെ ചുമതല വഹിച്ചു വരികയായിരുന്നു.

വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം ഇലക്ഷൻ കമീഷൻ നോട്ടീസ് അയച്ചിരുന്നു. ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ നോട്ടീസയക്കാൻ തയാറായെങ്കിലും നോട്ടീസിൽ എവിടെയും വിദ്വേഷ പ്രസംഗം നടത്തിയതായി പരാതി ഉയർന്ന നരേന്ദ്രമോദിയുടെ പേരുണ്ടായിരുന്നില്ല. നോട്ടീസ് ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദക്കാണ് അയച്ചിരുന്നത്. കോൺഗ്രസ്, സി.പി.എം, സി.പി.ഐ എം.എൽ (ലിബറേഷൻ) എന്നിവയാണ് പരാതി നൽകിയതെന്ന് വ്യക്തമാക്കുന്ന നോട്ടീസ് പക്ഷെ, ഈ പരാതികളിൽ വ്യക്തമായി പേരെടുത്തുപറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'താര പ്രചാരകർ' എന്ന വിശേഷണമായിരുന്നു നൽകിയത്.

അതേസമയം മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശം ആവർത്തിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും വിവാദത്തിൽ പെട്ടിരിക്കുകയാണ്. ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അനുരാഗ് ഠാക്കൂർ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവർത്തിച്ചത്. അനുരാഗ് ഠാക്കൂറിന്റെ പ്രസംഗത്തിന് എതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്.

''കോൺഗ്രസിന്റെ കൈ വിദേശകരങ്ങൾക്കൊപ്പം ചേർന്നുവെന്നും രാജ്യത്തെ ജനങ്ങളുടെ സ്വത്ത് മുസ്ലിംകൾക്ക് നൽകാൻ അവർ ആഗ്രഹിക്കുന്നുവെന്നും അവരുടെ പ്രകടനപത്രികയിൽ നിന്ന് വ്യക്തമാണ്'' എന്നായിരുന്നു അനുരാഗ് ഠാക്കൂറിന്റെ പരാമർശം.

Comments