‘ജയിലിന് മറുപടി വോട്ട്’, ബി.ജെ.പിയുടെ പേടിയും ഇലക്ഷൻ കമീഷന്റെ കത്രികയും

ഡൽഹിയിൽ ജനവികാരം വോട്ടായി മാറിയാൽ അത് തിരിച്ചടിയാകുക തങ്ങൾക്കായിരിക്കുമെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞു. ബി.ജെ.പിയുടെ ആശങ്ക ഇലക്ഷൻ കമീഷനുമുണ്ടായി. അങ്ങനെ ചരിത്രത്തിലാദ്യമായി, ഒരു രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിൽ കമീഷൻ കത്രിക വച്ചു.

National Desk

'യിൽ കാ ജവാബ് വോട്ട് സേ' എന്ന രണ്ട് മിനിട്ടും അഞ്ച് സെക്കന്റും ദൈർഘ്യമുള്ള ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണഗാനം സോഷ്യൽ മീഡിയയിൽ വൈറലാണ്. മദ്യനയകേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും തുടരുന്ന ജയിൽവാസവും വോട്ടാക്കി മാറ്റുക എന്ന ലക്ഷ്യമാണ് ഈ പ്രചാരണ ഗാനത്തിനുപുറകിൽ.

ജനവികാരം വോട്ടായി മാറിയാൽ അത് തിരിച്ചടിയാകുക തങ്ങൾക്കായിരിക്കുമെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞു. ബി.ജെ.പിയുടെ ആശങ്ക ഇലക്ഷൻ കമീഷനുമുണ്ടായി. ചരിത്രത്തിലാദ്യമായി, ഒരു രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിൽ മാറ്റം വേണമെന്ന് കമീഷൻ നിർദേശിച്ചു. എട്ടു മാറ്റങ്ങളാണ് കമീഷൻ നിര്‍ദേശിച്ചത്. വീഡിയോയിലെ ചില ഭാഗങ്ങള്‍ അക്രമത്തിന് പ്രേരണ നല്‍കുന്നു, ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തുന്നു, പൊലീസിനെ മോശമായി ചിത്രീകരിക്കുന്നു എന്നീ 'കുറ്റ'ങ്ങളാണ് കമീഷന്‍ കണ്ടെത്തിയത്. ഇതേ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബി.ജെ.പി നൽകിയ പരാതിയിലാണ് നടപടി.

ഈ പരാതി നിലനിൽക്കുന്നതാണോ?
കേന്ദ്ര ഏജൻസികളെയും ബി ജെ പിയേയും പ്രതികൂലമായി ബാധിക്കുന്ന എന്താണ് ഈ തെരഞ്ഞെടുപ്പ് ഗാനത്തിലുള്ളത്?.

നിലവിലെ രാഷ്ട്രീയ സാഹചര്യം പ്രതിപാദിക്കുന്ന ഗാനത്തിൽ, സ്വേഛാധിപത്യ ഭരണം, തൊഴിലില്ലായ്മ, വിലക്കയറ്റം, അരവിന്ദ് കെജ്രിവാൾ ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കന്മാരുടെ അറസ്റ്റ് തുടങ്ങി ബി ജെ പിയെ പ്രതികൂട്ടിലാക്കുന്ന നിരവധി വിഷയങ്ങളാണ് ചർച്ചക്കു വെക്കുന്നത്. 'ജയിലിന് മറുപടി വോട്ടിലൂടെ' എന്നാണ് പാട്ട് ആരംഭിക്കുന്നത്. ഈ ഭാഗം ജുഡീഷറിയെ അപകീർത്തിപ്പെടുത്തുന്നു എന്നാണ് ആരോപണം. ഗാനത്തിനൊപ്പമുള്ള വീഡിയോ ദൃശ്യങ്ങളിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന ദൃശ്യം ഉൾപ്പെടുത്തിയതുവഴി പൊലീസിനെ മോശമായി ചിത്രീകരിക്കുന്നതായും തെരഞ്ഞെടുപ്പ് കമീഷൻ ചൂണ്ടിക്കാട്ടുന്നു.

കമീഷൻ ബി.ജെ.പി പക്ഷത്തുനിന്നാണ് നടപടിയെടുക്കുന്നതെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. ഗാനത്തിൽ കമീഷന്റെ നിർദേശ പ്രകാരമുള്ള മാറ്റങ്ങൾ വരുത്താനാകില്ലെന്ന് എ എ പി നേതാക്കൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. കമീഷൻ ഉയർത്തുന്ന എതിർപ്പിനോട് യോജിക്കാനാവില്ലെന്നും ഉത്തരവിൽ പ്രതിപാദിക്കുന്ന തരത്തിൽ ഒന്നും ഗാനത്തിലില്ലെന്നുമാണ് പാർട്ടി നൽകിയ വിശദീകരണം. മന്ത്രിമാരായ അതീഷി, സൗരവ് ഭരത്വാജ് എന്നിവർ കമീഷൻ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് നിലപാട് അറിയിച്ചത്.

1994-ലെ കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് നിയമങ്ങളുടെ ലംഘനമാണ് പ്രചാരണ ഗാനത്തിന്റെ ഉള്ളടക്കമെന്നായിരുന്നു കമീഷന്റെ നിലപാട്. എന്നാൽ ബി ജെപി അനുകൂല നിലപാടാണിതെന്ന് എ എ പി നേതാവും മന്ത്രിയുമായ അതിഷി ആരോപിച്ചു. മാർച്ച് 22 മുതൽ വിവിധ വിഷയങ്ങളിലായി എ എ പി നിരവധി തവണ തെരഞ്ഞെടുപ്പ് കമീഷനെ കാണാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ അതിന് സാധിച്ചിട്ടില്ലെന്നും അവർ പറഞ്ഞു: “ബിജെപി പരാതി നൽകുമ്പോൾ തെരഞ്ഞെടുപ്പ് കമീഷൻ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഉടൻ നടപടിയെടുക്കും. കഴിഞ്ഞ ഒരു മാസമായി ബി ജെ പിക്കെതിരെ എ എ പി നൽകിയ പരാതികളിൽ നടപടി എടുത്തിട്ടില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്പ്പോൾ തെരഞ്ഞെടുപ്പ് കമീഷൻ അതിനെ ചോദ്യം ചെയ്തില്ല. കെജ്രിവാളിന്റെ അറസ്റ്റിനെക്കുറിച്ച് എ എ പി പ്രചാരണഗാനം പുറത്തിറക്കിയപ്പോൾ കമീഷൻ അതിനെ എതിർത്തു”, അതിഷി പറഞ്ഞു.

ആം ആദ്മി മന്ത്രി അതീഷി

എ എ പിയുടെ കാമ്പയിൻ ഗാനം എഴുതി പാടിയത് പാർട്ടി എം.എൽ.എ ദിലീഷ് പാണ്ഡെയാണ്. റാപ് സ്വഭാവത്തിലുള്ള ഗാനം ഇതിനകം സമൂഹമാധ്യമ പ്ലാറ്റഫോമുകളിൽ വൻതോതിൽ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 25-ന് വ്യഴാഴ്ച പാർട്ടി ആസ്ഥാനത്തുവെച്ചാണ് ഗാനം പുറത്തിറക്കിയത്. ഇന്നത്തെ യാഥാർഥ്യങ്ങളെയാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് പാർട്ടി ആസ്ഥാനത്ത് സംസാരിക്കവെ ദിലീഷ് പാണ്ഡെ പറഞ്ഞത്: “ഞങ്ങളുടെ പ്രചാരണ ഗാനങ്ങൾ എല്ലായ്‌പ്പോഴും സാധാരണക്കാരുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ജനങ്ങളുടെ വികാരമാണ് ഈ ഗാനം പ്രതിഫലിപ്പിക്കുന്നത്. ഇന്നത്തെ കാലത്ത് സംഭവിക്കുന്ന യാഥാർത്ഥ്യങ്ങളെ ചിത്രീകരിക്കുന്നതാണ് ഗാനത്തിന്റെ വരികൾ’’.

Comments