പതജ്ഞലിയുടെ 14 ഉൽപ്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി

സ്വസരി ഗോൾഡ്, സ്വസരി വറ്റി, ബ്രോൺചോം, സ്വസരി പ്രവഹി, സ്വസരി അവലെഹ്, മുക്ത വറ്റി എക്സ്ട്രാ പവർ, ലിപിദോം, ബിപി ഗ്രിഡ്, ലിവമൃത് അഡ്വാൻസ്, ലിവോഗ്രിറ്റ്, ഐഡ്രിഗ് ഗോൾഡ്, പതജ്ഞലി ദൃഷ്ടി ഐഡ്രോപ് എന്നിവയാണ് നിരോധിച്ച 14 മരുന്നുകൾ.

National Desk

തജ്ഞലി ആയുർവേദ് ലിമിറ്റഡിന്റെ കീഴിലുള്ള ദിവ്യ ഫാർമസിയുടെ 14 മരുന്നുകളുടെ ലൈസൻസ് ഉത്തരാഖണ്ഡ് സർക്കാർ റദ്ദാക്കി. പതജ്ഞലി ആയുർവേദ് ആൻഡ് ദിവ്യ ഫാർമസിയുടെ 14 ഉത്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കിയതായി ഉത്തരാഖണ്ഡ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

സ്വസരി ഗോൾഡ്, സ്വസരി വറ്റി, ബ്രോൺചോം, സ്വസരി പ്രവഹി, സ്വസരി അവലെഹ്, മുക്ത വറ്റി എക്സ്ട്രാ പവർ, ലിപിദോം, ബിപി ഗ്രിഡ്, ലിവമൃത് അഡ്വാൻസ്, ലിവോഗ്രിറ്റ്, ഐഡ്രിഗ് ഗോൾഡ്, പതജ്ഞലി ദൃഷ്ടി ഐഡ്രോപ് എന്നിവയാണ് നിരോധിച്ച 14 മരുന്നുകൾ.

1945-ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക് നിയമത്തിലെ സെക്ഷൻ 159(1) പ്രകാരം തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനാലാണ് 14 ഉത്പന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് സർക്കാർ റദ്ദാക്കിയതെന്ന് ആുർവേദ ആൻഡ് യുനാനി ലിമിറ്റഡിന്റെ ഡോയിന്റ് ഡയറക്ടർ ഓഫ് സ്റ്റേറ്റ് ലൈസൻസിങ് അധികാരിയായ മിഥിലേഷ് കുമാർ സുപ്രീംകോടതിക്ക് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവുകൾ ബോധപൂർവം ലംഘിക്കുകയില്ലെന്ന ഉറപ്പും സ്റ്റേറ്റ് ലൈസൻസിങ് അതോറിറ്റിയുടെ ക്ഷമാപണത്തോടും കൂടിയാണ് സംസ്ഥാന സർക്കാർ തങ്ങളുടെ ഉത്തരവ് കോടതിയെ അറിയിച്ചത്.

നിയമവിരുദ്ധമായ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചാൽ പിഴയോ തടവോ കൂടാതെ അല്ലെങ്കിൽ രണ്ടും ഉൾപ്പടെയോ കർശന അച്ചടക്ക നടപടികളും നിയമനടപടികളും നേരിടേണ്ടിവരുമെന്നറിയിച്ച് സ്റ്റേറ്റ് ലൈസൻസിങ് അതോറിറ്റി പൊതുഅറിയിപ്പ് നൽകിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. സംസ്ഥാന ലൈസൻസിങ് അതോറിറ്റി, ആയുർവേദിക് ആൻഡ് യുനാനി സർവീസ് എന്നിവർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ദിവ്യ ഫാർമസിക്കും പതജ്ഞലി ആയുർവേദ് ലിമിറ്റഡിനുമെതിരെ പരാതി നൽകാൻ ഹരിദ്വാറിലെ ഡ്രഗ് ഇൻസ്‌പെക്ടർക്ക് ഏപ്രിൽ 12ന് അനുമതി നൽകിയിട്ടുണ്ട്.

ഡ്രഗ് ഇൻസ്‌പെക്ടറായ ഹരിദ്വാർ പതജ്ഞലി ആയുർവേദ് ലിമിറ്റഡ് സഹസ്ഥാപകൻ ബാബാ രാംദേവിനും എം.ഡി ആചാര്യ ബാലകൃഷ്ണക്കും ദിവ്യ ഫാർമസിക്കും എതിരെ ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് നിയമത്തിലെ 3,4,7 സെക്ഷനുകളനുസരിച്ച് മജിസ്‌ട്രേറ്റിന് മുന്നിൽ പരാതി നൽകിയിരുന്നു. അതോടൊപ്പം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും കമ്പനിക്കെതിരെ കോടതിയിൽ ഹർജി നൽകിയിരുന്നു.

ആചാര്യ ബാലകൃഷ്ണയും ബാബരാംദേവും

തെറ്റ് ബോധ്യമായിട്ടും തെറ്റിധരിപ്പിക്കുന്ന പരസ്യം നൽകിയതിൽ പതഞ്ജലി ഉൽപ്പന്നങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിന് സുപ്രീംകോടതി ഉത്തരാഖണ്ഡ് സർക്കാറിനെതിരെ അതിരൂക്ഷമായി വിമർശിച്ചിരുന്നു.

പതജ്ഞലി ഫുഡ്‌സിന് ജി. എസ്. ടി ഇന്റലിജൻസ് വിഭാഗം കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്. 27.46 കോടി രൂപയുടെ ജി എസ് ടി അടക്കാത്തതിനാലാണ് നോട്ടീസ്. 2017-ലെ സംയോജിത ചരക്ക് സേവന നികുതി നിയമത്തിന്റെ 20-ാം വകുപ്പിനൊപ്പം 2017-ലെ സെൻട്രൽ ഗുഡ്‌സ് ആൻഡ് സർവീസസ് ആക്ട്, 2017-ലെ ഉത്തരാഖണ്ഡ് സ്റ്റേറ്റ് ആൻഡ് സർവീസ് ആക്ട് എന്നിവയുടെ 74-ാം വകുപ്പും ഉൾപ്പെടുത്തിയാണ് നോട്ടീസ് അയച്ചത്. എന്നാൽ കമ്പനിക്ക് നിലവിൽ കാരണം കാണിക്കൽ നോട്ടീസ് മാത്രമാണ് അയച്ചിട്ടുള്ളതെന്നും കേസുമായി മുന്നോട്ട് പോകാൻ കമ്പനി തയാറാണെന്നും പതജ്ഞലി ഫുഡ്‌സ് പറഞ്ഞു.

പതഞ്ജലി ഫുഡ്‌സ് നേരത്തെ രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് പതഞ്ജലി ആയുർവേദ് രുചി സോയയെ ഏറ്റെടുക്കുകയും പതഞ്ജലി ഫുഡ് ലിമിറ്റഡ് എന്ന് പേര് മാറ്റുകയുമായിരുന്നു.

തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ കേസിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കുന്നുണ്ട്. ബാബാ രാംദേവിനോടും ആചാര്യ ബാലകൃഷ്ണയോടും ഇന്ന് കോടതിയിൽ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Comments