കോവിഡ് സർട്ടിഫിക്കറ്റിൽ നിന്ന്
മോദിയുടെ ഫോട്ടോ നീക്കി

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം നീക്കിയതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിശദീകരിക്കുന്നുണ്ടെങ്കിലും കൊവിഷീൽഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങളുണ്ടെന്ന് വിതരണ കമ്പനിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടിയെന്നത് ശ്രദ്ധേയമാണ്.

Think

കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ നീക്കി ആരോഗ്യ മന്ത്രാലയം. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം നീക്കിയതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിശദീകരിക്കുന്നുണ്ടെങ്കിലും കൊവിഷീൽഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങളുണ്ടെന്ന് വിതരണ കമ്പനിയായ ആസ്ട്രസെനെക്ക (AstraZeneca) യുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടിയെന്നത് ശ്രദ്ധേയമാണ്.

മോദിയുടെ ചിത്രത്തിനൊപ്പം 'ഇന്ത്യ ഒരുമിച്ച് കൊവിഡ്-19നെ പരാജയപ്പെടുത്തും' എന്ന കാപ്ഷനുമായാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിരുന്നത്. എന്നാൽ, ഇപ്പോൾ വാക്‌സിൻ സ്വീകരിച്ചവരുടെ വിവരങ്ങളോടൊപ്പം ഉദ്ധരണി മാത്രമാണുള്ളത്. സന്ദീപ് മനുദാനെ എന്ന സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറാണ് മോദിയുടെ ചിത്രം നീക്കിയ വിവരം എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.

തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരം വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് നേരത്തെയും നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022-ൽ ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നൽകിയിരുന്ന സർട്ടിഫിക്കറ്റുകളിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം പിൻവലിച്ചിരുന്നതായി ദി പ്രിന്റിന്റെ റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിക്കുന്നതിനെതിരെ വൻ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നെങ്കിലും അതിനെയല്ലാം തള്ളിയാണ് സർക്കാർ ഈ നീക്കവുമായി മുന്നോട്ട് പോയത്.

കൊവിഷീൽഡ് വാക്‌സിനെടുത്ത അപൂർവം ചിലരിൽ രക്തം കട്ടപിടിക്കുകയും പ്ലേറ്റലെറ്റ് കൗണ്ട് കുറക്കുകയും ചെയ്യുന്ന ടി ടി എസ് (ത്രോംമ്പോസിസ് വിത്ത് ത്രോംമ്പോസൈറ്റോപീനിയ) എന്ന അവസ്ഥയുണ്ടാകുമെന്ന് വാക്‌സിന്റെ വിതരണ കമ്പനിയായ ആസ്ട്രസെനക്കെ യു.കെയിലെ കോടതിയിൽ വിശദീകരണം നൽകിയിരുന്നു. ഇത് ആഗോളതലത്തിൽ വൻ ചർച്ചയുമായിരുന്നു.

വാക്‌സീൻ സ്വീകരിച്ചശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. വാക്‌സിന്റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെക്കൊണ്ട് പഠനവിധേയമാക്കണമെന്നും വാക്‌സിൻ സ്വീകരിച്ചതുമൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നും അഭിഭാഷകനായ വിശാൽ തിവാരി സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു.

Comments