പകർച്ചവ്യാധികളുടെ സ്വന്തം നാടാകുന്ന കേരളം

കേരളത്തിൽ ഒരു കാലത്ത് നിയന്ത്രിക്കപ്പെട്ടിരുന്ന സാംക്രമികരോഗങ്ങൾ വർധിച്ചുവരികയാണ്. കൊതുകുജന്യരോഗങ്ങളും ജലജന്യരോഗങ്ങളും കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും റിപ്പോർട്ടുചെയ്യപ്പെടുന്നു. മരണനിരക്കിലും വർധനവുണ്ടാകുന്നു. പൊതുജനാരോഗ്യ സംവിധാനങ്ങളും വിദഗ്ദരും ലഭ്യമായ സംസ്ഥാനമായിട്ടും കേരളം ഇത്തരമൊരു അപകടഭീഷണിയിലായത് എന്തുകൊണ്ടാണ്?

ഞ്ചു വർഷത്തിനിടെ കേരളത്തിൽ പകർച്ചവ്യാധി വ്യാപനത്തിൽ വർധന. കോവിഡിനുശേഷമുള്ള വർഷങ്ങളിൽ ഡെങ്കി, ലെപ്‌റ്റോസ്‌പൈറോസിസ്, മലേറിയ, ഹെപ്പറ്റൈറ്റിസ്, എച്ച് വൺ എൻ വൺ, സ്‌ക്രബ് ടൈഫസ് എന്നിവയുടെ വ്യാപനത്തിലാണ് വർധന രേഖപ്പെടുത്തിയത്. രോഗനിരക്കിനൊപ്പം മരണനിരക്കിലും വർധനയുണ്ട്.

ഡെങ്കി, മലേറിയ, സ്‌ക്രബ് ടൈഫസ് എന്നീ രോഗങ്ങൾ കൊതുക് പരത്തുന്നവയാണ്. കൂടാതെ, വയറിളക്കരോഗങ്ങൾ, ടൈഫോയ്ഡ്, ഹൈപ്പറ്റൈറ്റിസ് തുടങ്ങി ജലത്തിലൂടെയുള്ള അണുബാധ മൂലം പകരുന്ന രോഗങ്ങളും പല ജില്ലകളിലും കൂടിവരികയാണെന്ന് 2023-ലെ സാമ്പത്തിക അവലോകന റിപ്പോർട്ടിലെ കണക്കുകൾ സൂചിപ്പിക്കുന്നു.

പ്രധാന പകർച്ചവ്യാധികളുടെ വ്യാപനസ്വഭാവം ഇങ്ങനെയാണ്:

ഡെങ്കിപ്പനി

പ്രധാനമായും 2015 വരെ തിരുവനന്തപുരം, കോട്ടയം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വ്യാപകമായിരുന്ന ഡെങ്കിപ്പനി, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എല്ലാ ജില്ലകളിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ രോഗത്തിന്റെ പ്രാഥമിക ഉറവിടമായ ഈഡിസ് കൊതുകുകൾ മുമ്പ് ഗ്രാമീണപാശ്ചാത്തലമുള്ള മേഖലകളിലാണ് കൂടുതലും കണ്ടുവന്നിരുന്നത്. എന്നാൽ, ഇപ്പോൾ ഗ്രാമങ്ങളെപ്പോലെ, നഗരമേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്.

2018-ൽ സംസ്ഥാനത്ത് 4651 ഡെങ്കിപ്പനിബാധിതരാണുണ്ടായത്, ഇതിൽ 14 പേർ മരിച്ചു.
2019-ൽ 2722 രോഗികൾ, മരണം 22, 2020-ൽ 3251 രോഗികൾ, മരണം- 27, 2021-ൽ 4468 രോഗികൾ, മരണം 58, 2022-ൽ 8902 രോഗികൾ, മരണം 35. (സാമ്പത്തികാവലോകന റിപ്പോർട്ട്, 2023). അതായത്, 2018-ൽനിന്ന് 2022 ലെത്തുമ്പോൾ, രോഗികളുടെ എണ്ണവും ഇരട്ടിയായി, മരണനിരക്ക് ഇരട്ടിയിലേറെയുമായി.

ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ഡെങ്കി കേസുകൾ റിപ്പോർട്ടു ചെയ്യുന്ന സംസ്ഥാനമായി കേരളം മാറുകയാണ്.

കുട്ടികൾക്കും യുവാക്കൾക്കും ഡെങ്കി മൂലമുള്ള ഗുരുതര ലക്ഷണങ്ങൾ കുറവായിട്ടാണ് കാണുന്നത്. രോഗലക്ഷണം തിരിച്ചറിഞ്ഞാൽ ചികിത്സിക്കാൻ കഴിയും. കേരളത്തിൽ ഇപ്പോൾ എല്ലാ ജില്ലകളിലും മെയ് മുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ടു ചെയ്യാറുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ കൊതുകുനശീകരണപ്രവർത്തനങ്ങളും മാലിന്യനിർമാർജനവും താളം തെറ്റുന്നതടക്കമുള്ള പ്രശ്‌നങ്ങളാണ് രോഗവ്യാപനം രൂക്ഷമാക്കുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ഡെങ്കി കേസുകൾ റിപ്പോർട്ടു ചെയ്യുന്ന സംസ്ഥാനമായി കേരളം മാറുകയാണ്.

എലിപ്പനി

എൺപതുകളുടെ തുടക്കത്തിൽ അപൂർവ രോഗമായിരുന്ന എലിപ്പനി സംസ്ഥാനത്തെ പ്രധാന പൊതുജനാരോഗ്യപ്രശ്‌നമായി മാറിയിട്ടുണ്ട്. പരിസ്ഥിതി മലിനീകരണത്തെതുടർന്ന് രോഗം ബാധിച്ച എലികളുടെ മൂത്രത്തിൽനിന്നാണ് രോഗം പടർന്നിരുന്നത്. എന്നാൽ, ഇപ്പോൾ പശുക്കൾ, നായ്ക്കൾ, പന്നികൾ തുടങ്ങിയ വളർത്തുമൃഗങ്ങളിൽ രോഗം റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്.

പ്രളയശേഷമാണ് എലപ്പനിയുടെ വ്യാപനത്തിൽ വൻവർധനയുണ്ടായത്. 2018-ൽ കേരളത്തിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ട 2079 എലിപ്പനി കേസുകളിൽ 1100 എണ്ണവും പ്രളയകാലത്തായിരുന്നു. ഈ വർഷം ആകെ 99 പേരാണ് മരിച്ചതെങ്കിൽ ആഗസ്റ്റ്, സപ്തംബർ മാസങ്ങളിൽ മാത്രം 55 പേരാണ് മരിച്ചത്.
2019-ൽ കേരളത്തിൽ 1211 എലിപ്പനി കേസുകളാണ് റിപ്പോർട്ടു ചെയ്തത്. ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ, പ്രളയകാലത്ത് റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 300. പ്രളയം ഇല്ലാതിരുന്ന നവംബറിൽ 188 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
2019-ൽ കേരളത്തിലാകെ എലിപ്പനി ബാധിച്ച് 57 പേർ മരിച്ചു. ഇവരിൽ 14 പേർ ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തിലാണ് മരിച്ചത്.
2020-ൽ 1039 എലിപ്പനി കേസുകളുണ്ടായി, 48 പേർ മരിച്ചു.
2021-ൽ 1745 കേസുകൾ, മരണം- 97.
2022-ൽ 817 കേസുകൾ, മരണം 30.

എലികളുടെ മൂത്രത്തിലൂടെയാണ് എലിപ്പനി പ്രധാനമായും വ്യാപിക്കുന്നത്. കൈകാലുകളിൽ ഉണ്ടാകുന്ന പോറലുകൾ, മുറിവുകൾ എന്നിവയിലൂടെ രോഗാണു മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു

എലിപ്പനി, സങ്കീർണമായ ശാരീരികപ്രശ്‌നങ്ങൾക്ക് കാരണമാകുന്ന രോഗം കൂടിയാണ്. ശക്തമായ ശരീരവേദനയാണ് ഏറ്റവും വലിയ പ്രശ്‌നം. കരളിനെയും വൃക്കയെയും ബാധിച്ചേക്കാം. ഡയാലിസിസ് വരെ വേണ്ടി വരും. തലച്ചോർ, ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെയും ഈ രോഗം ബാധിക്കും. ശ്വാസകോശത്തെ ബാധിച്ചാൽ മരണസാദ്ധ്യത കൂടും. പ്ലേറ്റ്‌ലെറ്റ് കുറഞ്ഞ് ശരീരത്തിലെ പല ഭാഗങ്ങളിൽ നിന്നായി രക്തസ്രാവവും ഉണ്ടാക്കാം. 100-ൽ 10 പേർ വരെ മരിക്കാൻ സാദ്ധ്യതയുള്ള രോഗം കൂടിയാണിത്.

എലികളുടെ മൂത്രത്തിലൂടെയാണ് എലിപ്പനി പ്രധാനമായും വ്യാപിക്കുന്നത്. കൈകാലുകളിൽ ഉണ്ടാകുന്ന പോറലുകൾ, മുറിവുകൾ എന്നിവയിലൂടെ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. എലി മൂത്രം മൂലം മലിനമായ ചെളിയിലും, തോടുകളിലും, ഓടകളിലെ വെള്ളത്തിലും കളിക്കുമ്പോൾ ബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയാണ് പ്രധാന പ്രതിരോധമാർഗം. കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതിരിക്കുക. തുടക്കത്തിലേ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ എലിപ്പനി പൂർണമായും ഭേദമാക്കാം.

ചിക്കൻ ഗുനിയ

സമീപവർഷങ്ങളിൽ കേരളത്തിലെ ഏറ്റവും ഗുരതരമായ പൊതുജനാരോഗ്യപ്രശ്‌നമായി മാറിയ രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് ചിക്കൻ ഗുനിയ. രോഗബാധിതർക്ക് ദീർഘകാല പ്രതിരോധശേഷി ലഭിക്കുന്നു എന്നതിനാൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ചിക്കൻ ഗുനിയ ബാധിച്ച് മരണങ്ങളുണ്ടായിട്ടില്ല.
2018-ൽ 109 പേർക്കാണ് രോഗം വന്നത്. 2019-ൽ 558 പേർക്കും 2020-ൽ 334 പേർക്കും 2021-ൽ 66 പേർക്കും രോഗമുണ്ടായി.
2022-ൽ 66 പേർക്ക് രോഗം റിപ്പോർട്ടു ചെയ്തു. ഇതിൽ 62 എണ്ണം തിരുവനന്തപുരം ജില്ലയിലാണ്. 2023 ൽ റിപ്പോർട്ടു ചെയ്ത 20 കേസുകളിൽ 17 എണ്ണവും തിരുവനന്തപുരത്തുതന്നെയായിരുന്നു.

രോഗം പരത്തുന്നത് ഈഡിസ് ഈജിപ്തി, ഈഡിസ് ആർബോ പിക്കുസ് എന്നീ കൊതുകുകളാണ് രോഗാണുവാഹകർ. ആൽഫാ വിഭാഗത്തിൽപെട്ട വൈറസുകളാണ് രോഗാണുക്കൾ. ഇവ ആർ.എൻ.എ വൈറസുകളാണ്. രോഗാണുക്കളുടെ സംഭരണശാല സസ്തനികളാണ്.

സമീപവർഷങ്ങളിൽ കേരളത്തിലെ ഏറ്റവും ഗുരതരമായ പൊതുജനാരോഗ്യപ്രശ്‌നമായി മാറിയ രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് ചിക്കൻ ഗുനിയ.

മഴക്കാലത്താണ് രോഗം വ്യാപകമാകുന്നത്. ചിക്കൻ ഗുനിയ പരത്തുന്ന കൊതുകുകളുടെ എണ്ണം കൂടുന്നത് മഴക്കാലത്താണ്.
ഗുരുതരമായ ശരീരീകപ്രശ്‌നങ്ങളുണ്ടാക്കുന്നില്ലെങ്കിലും പ്രതിരോധശേഷി കുറഞ്ഞവരിൽ മെനിഞ്ചൈറ്റിസ്, എൻസിഫലൈറ്റീസ് തുടങ്ങിയ പ്രശ്‌നങ്ങൾക്ക് ഈ രോഗാം കാരണമായേക്കാം.
ചിക്കൻ ഗുനിയക്കുള്ള വാക്‌സിന് യു.എസ് ആരോഗ്യമന്ത്രാലയം അംഗീകാരം നൽകിയത് പ്രതീക്ഷാനിർഭരമായ വാർത്തയാണ്. വാൽനേവ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിൻ ഇക്‌സ്ചിക് ഉടൻ വിപണിയിലെത്തും. ആഗോളതലത്തിൽ 15 വർഷത്തിനിടെ ചിക്കൻ ഗുനിയ അഞ്ചു ദശലക്ഷത്തിലേറെ പേരെയാണ് ബാധിച്ചത്.

പകർച്ചപ്പനികൾ

വിവിധതരം പനികൾ ബാധിക്കുന്നവരുടെ എണ്ണം വർഷം കഴിയും തോറും വർധിച്ചുവരികയാണ്. 2022-ൽ കേരളത്തിൽ 32,85,392 വൈറൽ പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
2023 ജൂണിൽ മാത്രം പനിക്ക് ചികിത്സക്കെത്തിയവരുടെ എണ്ണം രണ്ടര ലക്ഷത്തോളമായിരുന്നുവെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത കണക്ക്.
ആഗസ്റ്റ്- സപ്തംബറിൽ, 25 ദിവസത്തിനിടെ സംസ്ഥാനത്ത് പകർച്ചപ്പനി ബാധിച്ചത് 1,89,524 പേർക്കാണ്. സമീപകാലത്തെ ഏറ്റവും കൂടിയ നിരക്കായിരുന്നു ഇത്. 2023-ൽ 22 ലക്ഷത്തിലേറെ പേരാണ് പനിക്ക് ചികിത്സ തേടിയത്. സർക്കാർ ആശുപത്രികളിലെത്തിയവരുടെ കണക്കാണിത്.
തക്കാളിപ്പനി, ചെള്ളുപനി, വൈറൽ പനികൾ തുടങ്ങിയവ വ്യാപകമാണ്. പനി മാറിയാലും മാസങ്ങളോളം രോഗബാധിതർ അതിന്റെ അനന്തര ശാരീരിക ദുരിതങ്ങൾ അനുഭവിക്കേണ്ടിവരുന്നുണ്ട്. ചില വൈറൽ അണുബാധകൾ ഡെങ്കിപ്പനി പോലുള്ള പനിക്കും കാരണമാകും.

ജപ്പാൻ ജ്വരം

ജപ്പാൻ ജ്വരം മറ്റു പകർച്ചവ്യാധികളെപ്പോലെ വ്യാപകമല്ലെങ്കിലും ശ്രദ്ധ ആവശ്യമായ പകർച്ചവ്യാധിയാണ്. 2018-ൽ ജപ്പാൻ ജ്വരം ബാധിച്ച് കോഴിക്കോട്ട് ഒരു വീട്ടമ്മ മരിച്ചിരുന്നു. 2022-ൽ രണ്ടു പേർക്കാണ് ഈ രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തത്. 2023 ആഗസ്റ്റുവരെയുള്ള കണക്കനുസരിച്ച് നാലു പേർക്ക് രോഗമുണ്ടായി, ഒരാൾ മരിച്ചു.
അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം എന്ന രോഗമാണിത്.

കേരളത്തിലെ ജലജന്യരോഗങ്ങളുടെ വ്യാപനം കാണിക്കുന്ന പട്ടിക (സാമ്പത്തിക അവലോകന റിപ്പോർട്ട് -2023)

കെട്ടിക്കിടക്കുന്ന വെള്ളത്തിൽനിന്നാണ് രോഗകാരിയായ അമീബ മനുഷ്യശരീരത്തിലെത്തുന്നത്. കുളിക്കുമ്പോഴോ മറ്റോ ഈ അമീബ മൂക്കിലേക്ക് കടക്കുന്നു. ഇവ തലച്ചോറിലെത്തുകയും മസ്തിഷ്‌ക കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും ചെയ്യും. ചൂടുള്ള കാലാവസ്ഥയിലാണ് ഈ അമീബകളെ കൂടുതൽ കാണാറ്.

മലേറിയ

കേരളത്തിൽ മലേറിയയുടെ വാർഷിക നിരക്ക് 500-ൽ താഴെയാണ്. മരണനിരക്കും വളരെ കുറവാണ്. കർണാടകത്തിലെ ഉയർന്ന മലമ്പനി നിരക്ക്, കാസർകോട് ജില്ലയെ രോഗഭീഷണിയിൽ നിർത്തുന്നു. തീരദേശമേഖലയിലും രോഗവ്യാപനസാധ്യത നിലനിൽക്കുന്നു.

അനോഫിലിസ് കൊതുകുകളിലൂടെ പകരുന്ന രോഗമാണ് മലേറിയ. മലേറിയ നിർമാർജനത്തിന് നിരവധി പദ്ധതികളുണ്ടെങ്കിലും അവ ഈ രോഗം ഇന്നും കേരളത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയായി തുടരുകയാണ്.

2018-ൽ 656 പേർക്കാണ് രോഗം ബാധിച്ചത്, ഒരു മരണം. 2019-ൽ 267 പേർക്ക് രോഗം വരികയും ഒരാൾ മരിക്കുകയും ചെയ്തു. 2020-ൽ 309 പേർക്ക് രോഗം വന്നു, ഒരാൾ മരിച്ചു. 2021-ൽ 438 പേർക്ക് രോഗമുണ്ടായി. മരണമില്ല.
2022-ൽ മലേറിയ ബാധിതരുടെ എണ്ണം 438 ആയിരുന്നു. മരണം ഇല്ല. 2023 ആഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 272 പേർക്ക് രോഗം ബാധിച്ചു, നാലുപേർ മരിച്ചു.
അനോഫിലിസ് കൊതുകുകളിലൂടെ പകരുന്ന രോഗമാണ് മലേറിയ. മലേറിയ നിർമാർജനത്തിന് നിരവധി പദ്ധതികളുണ്ടെങ്കിലും അവ ഈ രോഗം ഇന്നും കേരളത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയായി തുടരുകയാണ്. മലേറിയ കൂടുതലുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള കുടിയേറ്റമാണ്, ഈ രോഗം കൂടുതൽ വ്യാപകമാകാനുള്ള പ്രധാന കാരണമെന്ന് 2023-ലെ സാമ്പത്തിക സർവേ റിപ്പോർട്ട് പറയുന്നു. ഇതുമൂലം ഏറ്റവും ഗുരുതരമായ ഫാൽപിയം മലേറിയയും കേരളത്തിലെത്തിയിട്ടുണ്ട്.

അതിവേഗത്തിലുള്ള നഗരവൽക്കരണം, ജില്ലകളിലെ അടിസ്ഥാന സൗകര്യവികസനം, വൻതോതിലുള്ള നിർമാണപ്രവർത്തനങ്ങൾ, കാലാവസ്ഥാ വ്യതിയാനം മൂലം കൊതുകുകളുടെ ജീവിതപരിണാമത്തിലുണ്ടായ മാറ്റം തുടങ്ങിയവ മലേറിയ നിർമാർജനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നു.
കേരളത്തിൽ 1965-ൽ തന്നെ മലമ്പനി നിർമാർജനം ചെയ്യപ്പെട്ടിരുന്നു. എന്നാൽ, തദ്ദേശീയമായ മലേറിയ 1969 മുതൽ വീണ്ടും വരുന്നതിന്റെ സൂചനകളുണ്ടായി. സമീപകാലത്തായി, പുതിയ ഇനം മലേറിയ കേസുകൾ വർധിച്ചുവരുന്നതായി കാണുന്നു. 2020-ൽ ഇന്ത്യയിൽ അപൂർവമായി കാണുന്ന പ്ലാസ്‌മോഡിയം ഓവേൽ എന്ന മലേറിയ രോഗാണുവിന്റെ സാന്നിധ്യം കേരളത്തിൽനിന്ന് റിപ്പോർട്ടു ചെയ്തിരുന്നു. സുഡാനിൽനിന്നെത്തിയ കണ്ണൂർ സ്വദേശിയുടെ രക്തപരിശോധനയിലാണ് ഈ രോഗാണുവിനെ കണ്ടെത്തിയത്.

1994 മുതൽ തിരുവനന്തപുരം നഗരത്തിന്റെ തീരപ്രദേശങ്ങളിൽ പകർച്ചവ്യാധിയുടെ അനുപാതത്തിൽ മലമ്പനി വരാൻ തുടങ്ങിയതായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ എസ്. രമാദേവി, പരിയാരം അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ റീഡറായ എസ്. ദാസ് എന്നിവരുടെ പഠനത്തിൽ കണ്ടെത്തി. 1995-ലും 1996-ലും നിയന്ത്രണ നടപടികൾ നടപ്പിലാക്കിയെങ്കിലും ഈ പ്രദേശത്ത് രോഗം തുടർന്നു.

മലേറിയക്ക് കാരണമായ പാരിസ്ഥിതിക ഘടകങ്ങളെക്കുറിച്ച് എസ്. രമാദേവിയും എസ്. ദാസും തിരുവനന്തപുരം വലിയതുറയിൽ നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ ശ്രദ്ധേയമായിരുന്നു: വലിയതുറ, പൂന്തുറ പ്രദേശങ്ങളിലെ കാലാവസ്ഥാ ഘടകങ്ങൾ പൊതുവായതാണ്. ഭൂരിഭാഗം വീടുകളിലും ഭൗതികസാഹചര്യങ്ങൾ മോശമായതുകൊണ്ട് മലേറിയയുടെ വ്യാപനം കൂടുതലായി കണ്ടെത്തി. മലേറിയ നിയന്ത്രണ പരിപാടികൾ രൂപപ്പെടുത്തുന്നതിലും നടപ്പാക്കുന്നതിലുമുള്ള ചില പിഴവുകളും പ്രദേശവാസികളുടെ ഉദാസീന മനോഭാവവും ആരോഗ്യവകുപ്പിന്റെ ഇടപെടലുകൾ കാര്യക്ഷമമല്ലാതാകുന്നതിന് കാരണമായി. ചില സുപ്രധാന പാരിസ്ഥിതിക ഘടകങ്ങൾ രോഗത്തിന്റെ നിലനിൽപ്പിനെ സ്വാധീനിച്ചു. പ്രദേശത്തെ ധാരാളം കിണറുകൾ മലമ്പനിക്ക് കാരണമാകുന്ന വെക്റ്റർ കൊതുകായ അനോഫെൽസ് സ്റ്റെഫെൻസിയുടെ പ്രജനനകേന്ദ്രവും വിശ്രമകേന്ദ്രവുമാണെന്ന് തിരിച്ചറിഞ്ഞു. മുംബൈ, ഡൽഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള വരവ്, വെക്ടറുകൾ പകരാനിടയാക്കുന്നു.
പഠനത്തിലെ ഈ ക​ണ്ടെത്തലുക​ൾ കേരളത്തിലെ മറ്റേതൊരു മേഖലയ്ക്കും യോജിക്കുന്നവയാണ്.

Photo: flickr / firoze shakir photographerno1

സംസ്ഥാനം മലേറിയ ഭീഷണിയിലാണെന്ന് 2018-ൽ തന്നെ സംസ്ഥാന ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ശുചീകരണ പ്രവർത്തനങ്ങളിലുണ്ടായ പാളിച്ചയാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. കൊതുകു വഴി പകരുന്ന മലേറിയ നിർമാർജനത്തിന് ശുചിത്വമുള്ള അന്തരീക്ഷം അനിവാര്യമാണ്.

പ്രളയശേഷം രോഗകാലം

രണ്ടു പ്രളയകാലങ്ങളാണ് പകർച്ചവ്യാധികളുടെ സമീപകാല വ്യാപനയിൽ വൻ വർധനയുണ്ടാക്കിയത്. ശക്തമായ മഴ, കുടിവെള്ള സ്രോതസ്സുകളുടെ വൻതോതിലുള്ള മലിനീകരണം, രോഗകാരികളായേക്കാവുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികൾക്കും കൊതുകുകൾ, വിരകൾ, അട്ടകൾ തുടങ്ങിയവക്കും അതിജീവിക്കാൻ പറ്റിയ സാഹചര്യങ്ങളുമെല്ലാം പകർച്ചവ്യാധിവ്യാപനത്തിന് വേഗത കൂട്ടി. കെട്ടികിടക്കുന്ന ശുദ്ധജലത്തിലാണ് ഡങ്കി, ചിക്കുൻ ഗുനിയ, വെസ്റ്റ് നൈൽ പനി തുടങ്ങിയവ പകർത്തുന്ന ഈഡിസ് കൊതുകുകൾ വളരുന്നത്. ഇത്തരം അനുകൂല സാഹചര്യങ്ങൾക്കൊപ്പം തദ്ദേശതലത്തിലെ പ്രാഥമിക മലിനീകരണ നിർമാർജ്ജന പരിപാടികളിൽ സംഭവിച്ച പിഴവുകൾ കൂടിയായപ്പോൾ ദുരന്തചിത്രം പൂർത്തിയായി.

അടിസ്ഥാന പ്രതിരോധ പ്രവർത്തനങ്ങളിൽ സംഭവിക്കുന്ന പിഴവുകൾക്കൊപ്പം, അവഗണിക്കപ്പെടുന്ന പൊതുജനാരോഗ്യബോധവൽക്കരണം, പകർച്ചവ്യാധികളുടെ വ്യാപനത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ചികിത്സക്കുമാത്രം ഊന്നൽ നൽകുന്നതാണ് ഇപ്പോഴത്തെ രീതി. അതായത്, രോഗം വന്നുകഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട പ്രതിരോധ സംവിധാനങ്ങൾ ഉണരും. ആ രോഗത്തെ നിയന്ത്രിച്ചുകഴിഞ്ഞാൽ, പിന്നെ അടുത്ത വർഷം വരെ, അതേ രോഗം പൊട്ടിപ്പുറപ്പെടാൻ കാത്തിരിക്കും. രോഗ പ്രതിരോധത്തിലും ആരോഗ്യവിദ്യാഭ്യാസത്തിലും ആരോഗ്യ പരിപാലനത്തിലും ഊന്നുന്ന പൊതുജനാരോഗ്യ ഇടപെടലുകളിൽ, ഒരു കാലത്ത് മാതൃക തന്നെയായിരുന്ന കേരളം ഇന്ന് ഏറെ പുറകിലാണ് എന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ തന്നെ സമ്മതിക്കുന്നു. അതിശക്തമായ പൊതുജനാരോഗ്യ സംവിധാനങ്ങളും വിദഗ്ധരും ബോധവൽക്കരിക്കപ്പെട്ട ജനങ്ങളുമെല്ലാമുള്ള സംസ്ഥാനം കൂടിയാണ് കേരളം. കോവിഡ് പോലൊരു പകർച്ചവ്യാധിയെ നിയന്ത്രിക്കുന്നതിൽ കേരളം കൈവരിച്ച നേട്ടം ഈയൊരു അടിസ്ഥാനം മൂലമായിരുന്നു. എന്നാൽ, കോവിഡിനുശേഷം, പൊതുജനാരോഗ്യമേഖല ഉദാസീനമായ ഒരവസ്ഥയിലേക്കു പോയി. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന അതിശക്തമായ രോഗപ്രതിരോധസംവിധാനങ്ങൾ ഉപേക്ഷിക്കപ്പെട്ടു.

രണ്ടു പ്രളയകാലങ്ങളാണ് പകർച്ചവ്യാധികളുടെ സമീപകാല വ്യാപനയിൽ വൻ വർധനയുണ്ടാക്കിയത്.

ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച രോഗചികിത്സാ- രോഗ നിർണയ മാനദണ്ഡങ്ങൾ ഗൗരവത്തോടെ പിന്തുടരുന്നില്ലെന്ന കാര്യം ആരോഗ്യരംഗത്തെ വിദഗ്ധർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. പകർച്ചവ്യാധികളുടെ കാര്യത്തിൽ, പ്രത്യേകിച്ച്, പനിരോഗങ്ങളുടെ കാര്യത്തിൽ, ചികിത്സാ മാനദണ്ഡങ്ങൾ സർക്കാർ ആശുപത്രികളോടൊപ്പം സ്വകാര്യ ആശുപത്രികളിലും നടപ്പാക്കണം. മറ്റേതൊരു സംസ്ഥാനത്തേക്കാളുമേറെ പൊതുജനാരോഗ്യ സംവിധാനങ്ങളും വിദഗ്ദരും ലഭ്യമായിട്ടുള്ള സംസ്ഥാനമാണ് കേരളമെന്നത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുന്നുണ്ടെന്ന കാര്യം ഡോ. ബി. ഇക്ബാലിനെപ്പോലുള്ള പൊതുജനാരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇതുകൂടാതെ, മൃഗങ്ങളും മനുഷ്യരും തമ്മിൽ അടുത്ത സഹവസിക്കുന്ന തരത്തിലുള്ള സാഹചര്യം കൂടിക്കൊണ്ടിരിക്കുകയുമാണ്. ഇത്, വന്യജീവികളിൽ നിന്ന് മനുഷ്യരിലേക്ക് രോഗാണുക്കൾ പകരാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്.

2018 മുതൽ 2022 വരെയുള്ള, കേരളത്തിലെ സാംക്രമിക രോഗങ്ങളുടെ വ്യാപന നിരക്ക് (സാമ്പത്തിക അവലോകന റിപ്പോർട്ട്- 2023)

മനുഷ്യരുടെയും മൃഗങ്ങളുടെയും പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളുടെയും നിലനിൽപ്പ് പരസ്പരം അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു എന്ന വസ്തുത പരിഗണിച്ച് 'ഏകലോകം ഏകാരോഗ്യം' എന്ന പുതിയൊരു ആരോഗ്യ കാഴ്ചപ്പാട് ആഗോളീയമായി തന്നെ രൂപപ്പെട്ടുവന്നിട്ടുണ്ട്. പകർച്ചവ്യാധികളെ ശാസ്ത്രീയമായും സാമൂഹിക കാഴ്ചപ്പാടോടെയും നേരിടാനുള്ള ഏറ്റവും ഫലപ്രദമായ വഴിയെന്ന നിലയ്ക്കാണ് ഈ സമീപനം വികസിച്ചുവരുന്നത്.

പകർച്ചവ്യാധികളുടെ പ്രതിരോധത്തിന്, ഇത്തരം പുത്തൻ പൊതുജനാരോഗ്യ നയസമീപനങ്ങളിലൂടെയുള്ള പരിപാടികളാണ് കേരളം ആവശ്യപ്പെടുന്നത്.

Comments