നിരന്തരം വളരുന്ന ജീവിയാകാൻ
ഒരു രാഷ്ട്രത്തിനും സാധ്യമല്ല

നവ ലിബറലിസം:
സർവാരാധനയുടെ പുറകിലെ
രാഷ്ട്രീയം- 22

ന്ന് മാനവരാശിയുടെ നിലനില്പിനെ അപകടത്തിലാക്കുന്ന രണ്ടു പ്രതിസന്ധികളെ നവ ലിബറലിസം അതിന്റെ പാരമ്യതയിലെത്തിച്ചിരിക്കുന്നു. അതിലൊന്നാമത്തേത്, രാഷ്ട്രങ്ങൾതമ്മിലും രാഷ്ട്രങ്ങൾക്കകത്തും കൂടിവരുന്ന സാമ്പത്തികാസമത്വമെന്ന സാമൂഹ്യവിപത്തും, രണ്ടാമത്തേത്, സകല ജീവജാലങ്ങൾക്കും നാശം വരുത്തിവെയ്ക്കുന്ന ആഗോള താപനമുൾപ്പെടെയുള്ള പാരിസ്ഥിതിക ദുരന്തങ്ങളുമാണ്. സാമ്പത്തികാസമത്വവും പരിസ്ഥിതി തകർച്ചയും പരസ്പരം കാര്യകാരണങ്ങളായിരിക്കുന്നു എന്ന യാഥാർത്ഥ്യം മറച്ചുവെയ്ക്കുകയും, ഇവ രണ്ടും പരിഹരിക്കുന്നതിന് ഒരേയൊരു വഴിയേയുള്ളൂ, അത് സാമ്പത്തിക വളർച്ച തന്നെ എന്ന മിഥ്യാവലയത്തിൽ ലോകത്തെ കുടുക്കുകയും ചെയ്യുന്നു, നവ ലിബറലിസം.

ദാരിദ്ര്യ നിർമ്മാർജനത്തിന് സാമ്പത്തിക വളർച്ച തന്നെ ധാരാളമെങ്കിൽ, പരിസ്ഥിതി സംരക്ഷണത്തിനാകട്ടെ വളർച്ചയുടെ വിശേഷണമായി 'പച്ച' ചേർത്ത് ഗ്രീൻ ഗ്രോത്ത് (Green Growth) മതിയാകുമെന്നാണ് നവ ലിബറൽ മറുപടി. 'സാമ്പത്തിക വളർച്ച ' എന്ന പ്രയോഗം വഴി ഇക്കണോമിക്‌സിനെയും ബയോളജിയെയും ഒരു കുടക്കീഴിൽ അണിനിരത്തുന്നതു ശ്രദ്ധിക്കുക. ഈ ഭാഷാവ്യവഹാരം 'വളർച്ച 'എന്ന ജീവശാസ്ത്രപരമായ ആവശ്യകതയെ രാഷ്ട്രത്തിന്റെ വളർച്ചയോടും അതിനകത്തെ ഓരോരുത്തരുടെയും ഉയർച്ചയോടും കൂട്ടിക്കെട്ടുന്നുണ്ട്. അങ്ങനെ, രാഷ്ട്രമെന്നത് വളരുന്ന ഒരുതരം പുതിയ ജീവിയായി മാറുന്നു. സമ്പത്ത് ഭക്ഷിച്ചു നിരന്തരം വളരുന്ന ജീവിയാണ് രാഷ്ട്രം. ഈ ജീവി വളരുമ്പോൾ അതിൽ അധിവസിക്കുന്ന എല്ലാ ജീവികളും ഒപ്പം വളർന്നുകൊള്ളും.

ദാരിദ്ര്യ നിർമ്മാർജനത്തിന് സാമ്പത്തിക വളർച്ച തന്നെ ധാരാളമെങ്കിൽ, പരിസ്ഥിതി സംരക്ഷണത്തിനാകട്ടെ വളർച്ചയുടെ വിശേഷണമായി 'പച്ച' ചേർത്ത് ഗ്രീൻ ഗ്രോത്ത് (Green Growth) മതിയാകുമെന്നാണ് നവ ലിബറൽ മറുപടി.

സമ്പത്ത് ഉല്പാദിപ്പിച്ചും ഭക്ഷിച്ചും വളരുന്ന അനേകം രാഷ്ട്രങ്ങളാകുന്ന ജീവികളുടെ സമുച്ചയമാണീ ലോകം. എല്ലാ രാഷ്ട്രജീവികൾക്കും സാമ്പത്തിക വളർച്ചയെന്ന ഒരൊറ്റ ധർമമേയുള്ളൂ. വളർച്ച ജീവന്റെ സ്വയംസിദ്ധമായ ലക്ഷണമാണെങ്കിൽ രാഷ്ട്രത്തിന്റെ സഹജധർമ്മമായി സാമ്പത്തിക വളർച്ച അബോധപരമായി എല്ലാവരാലും അംഗീകരിക്കപ്പെട്ടിരിക്കുന്നു.

നിരന്തരം വളരുകയും വികസിക്കുകയും ചെയ്യുന്ന കുറച്ചു രാഷ്ട്രങ്ങൾ ഏറ്റവും മുന്നിലായി കുതിക്കുന്നു. അവരുടെ ഒപ്പമെത്താൻ വികസ്വര രാഷ്ട്രങ്ങൾ പിന്നാലെ നടക്കുന്നു, അതിനും പിന്നിൽ വികസ്വരമാകാൻ ഇഴയുന്ന ബഹുഭൂരിപക്ഷം രാഷ്ട്രങ്ങൾ. വിജയിച്ചവർ, വിജയിക്കാൻ തുടങ്ങിയവർ, വിജയിക്കാത്തവർ.

രാഷ്ട്രത്തെ ഒരു ജീവിയോടു തുലനപ്പെടുത്തുന്ന മറ്റൊരു പ്രയോഗമാണ് വികസനം. ശരീരവളർച്ചയുടെ ഫലമായി ജീവികൾ പലതരം ശേഷികൾ നേടി വികസിക്കുന്നതു പോലെ സാമ്പത്തിക വളർച്ചയാൽ വിവിധ നേട്ടങ്ങൾ രാഷ്ട്രം കൈവരിക്കുന്നു. വളർച്ചയും വികസനവും പിന്മടക്കമില്ലാതെ മുന്നേറുന്ന അത്ഭുതജീവിയാണ് രാഷ്ട്രം. കോശങ്ങളുടെ ക്ഷയം വഴി ശേഷികൾ തളർന്നു മരണത്തിലേയ്ക്കെത്തുന്ന ജീവശാസ്ത്രപരമായ അനിവാര്യതയെ, കണ്ടുപിടുത്തങ്ങൾ കൊണ്ട് അതിജീവിച്ച് നിരന്തര വളർച്ചയും വികസനവും കരസ്ഥമാക്കിയിരിക്കുന്നു രാഷ്ട്രമെന്ന ചിരഞ്ജീവി.

കുട്ടികളുടെ വളർച്ചയിലും ഓരോരോ ശേഷികൾ നേടലിലും മാതാപിതാക്കൾക്കുള്ള സന്തോഷവും സംതൃപ്തിയും എത്രത്തോളമാണോ അതേവിധം ആകാംക്ഷയും വൈകാരിക മമതയും രാഷ്ട്രത്തിന്റെ വളർച്ചയോട് പൗരജനങ്ങളിൽ സൃഷ്ടിക്കുകയും, വളർച്ച തടയാതിരിക്കൽ എല്ലാവരുടെയും ഉത്തരവാദിത്വമാക്കുകയും ചെയ്യുന്നു. രാഷ്ട്രജീവികളുടെ ആഗോള സമൂഹത്തിൽ വളർച്ചയുടെയും വികസനത്തിന്റെയും പല ഘട്ടങ്ങളിലൂടെ രാഷ്ട്രങ്ങൾ കടന്നുപോകുന്നു. വികസിച്ച രാഷ്ട്രങ്ങൾ, വികസ്വര രാഷ്ട്രങ്ങൾ, അവികസിത രാഷ്ട്രങ്ങൾ എന്നിങ്ങനെ അവ തരം തിരിക്കപ്പെട്ടിരിക്കുന്നു. നിരന്തരം വളരുകയും വികസിക്കുകയും ചെയ്യുന്ന കുറച്ചു രാഷ്ട്രങ്ങൾ ഏറ്റവും മുന്നിലായി കുതിക്കുന്നു. അവരുടെ ഒപ്പമെത്താൻ വികസ്വര രാഷ്ട്രങ്ങൾ പിന്നാലെ നടക്കുന്നു, അതിനും പിന്നിൽ വികസ്വരമാകാൻ ഇഴയുന്ന ബഹുഭൂരിപക്ഷം രാഷ്ട്രങ്ങൾ. വിജയിച്ചവർ, വിജയിക്കാൻ തുടങ്ങിയവർ, വിജയിക്കാത്തവർ.

നിരന്തരം വളരുകയും വികസിക്കുകയും ചെയ്യുന്ന കുറച്ചു രാഷ്ട്രങ്ങൾ ഏറ്റവും മുന്നിലായി കുതിക്കുന്നു. അവരുടെ ഒപ്പമെത്താൻ വികസ്വര രാഷ്ട്രങ്ങൾ പിന്നാലെ നടക്കുന്നു, അതിനും പിന്നിൽ വികസ്വരമാകാൻ ഇഴയുന്ന ബഹുഭൂരിപക്ഷം രാഷ്ട്രങ്ങൾ.

സാമ്പത്തിക വളർച്ചയെ അടിസ്ഥാനമാക്കിയ കളിനിയമങ്ങളുടെ ബന്ധനത്തിലാണ് ലോകത്തെ എല്ലാ രാഷ്ട്രങ്ങളും അതിലെ മനുഷ്യകോടികളും അവരുടെ പ്രവൃത്തിപഥമായ സൗരമണ്ഡലവും. വളർച്ചയുടെ മുൻകൂട്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് അനുസരിച്ചു നിർണയിക്കപ്പെട്ടവയാണ് ലോകജനതയുടെ തലേലെഴുത്തുകൾ. ഈ സ്‌ക്രിപ്റ്റിന് ദേശീയ ഭേദങ്ങൾക്കൊത്ത് താലിബാൻ ഭരണമെന്നോ ആഫ്രിക്കൻ വംശീയ സംഘർഷമെന്നോ അറബ് രാജവാഴ്ചയെന്നോ കമ്യൂണിസ്റ്റ് ചൈനയെന്നോ ഇന്ത്യൻ ജനായത്തമെന്നോ സ്ഥലകാലങ്ങളിലെ സംവിധാനകല വ്യത്യാസപ്പെട്ടിരിക്കുന്നുവെങ്കിലും സാമ്പത്തിക വളർച്ചയെ നായക കഥാപാത്രമാക്കി തയ്യാറാക്കിയ ശക്തമായ തിരക്കഥ ഒന്നുതന്നെ.

അധിനിവേശത്തിന്റെ അഞ്ചു നൂറ്റാണ്ടുകളിലെ അധ്വാനത്തിന്റെയും വിഭവങ്ങളുടെയും ഉല്പന്നങ്ങളുടെയും സമ്പത്തിന്റെയും അറിവിന്റെയും അസന്തുലിതമായ ആഗോള വിനിമയത്തിന്റെ ഫലമാണ് നാം ഇന്നു കാണുന്ന വികസിത-വികസ്വര- അവികസിത രാഷ്ട്ര ഭൂപടങ്ങൾ.

സാമ്പത്തികവളർച്ച രാഷ്ട്രങ്ങളുടെ ആദർശമായി മാറുന്നത് കോളനിവാഴ്ച വഴി അമേരിക്കകളിൽ നിന്നുള്ള സമ്പത്ത് പടിഞ്ഞാറൻ യൂറോപ്പിലേക്ക് ഒഴുകിയെത്തുന്നതോടെയാണ്. 16-ാം നൂറ്റാണ്ടിൽ കോളനിയുഗം ആരംഭിച്ച് ദശകങ്ങൾ പിന്നിട്ടപ്പോൾ തന്നെ ആദ്യകാല കോളനിശക്തികളായിരുന്ന സ്‌പെയിൻ, പോർച്ചുഗൽ ഇവരുടെ വാർഷിക ബഡ്ജറ്റിന്റെ അഞ്ചിലൊന്നും വന്നുചേർന്നത് അമേരിക്കളിൽ നിന്നെടുത്ത വെള്ളിയിൽ നിന്നായിരുന്നു.

കോളനിവാഴ്ചക്കു മുമ്പ് അമേരിക്കകളിലെ ആസ്റ്റെകുകളും ഇൻകാകളും (Aztecs and Incas) ഇന്ത്യയിലെ മുഗൾ ഭരണവും ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നസ്ഥിതിയിൽ നിന്നിരുന്നത്രേ. എന്നാൽ പിന്നീട് അമേരിക്കയെ ഇംഗ്ലീഷുകാർ കോളനിയാക്കി താമസിച്ചപ്പോൾ , അവിടെ ഇംഗ്ലീഷുകാരുടെ ശരാശരി വാർഷിക വരുമാനം 1774 കാലത്ത് 13.85 ഡോളർ ആയി. ഇത് അന്ന് പാശ്ചാത്യരാജ്യങ്ങളിൽ വെച്ചു തന്നെ ഏറ്റവും ഉയർന്നതായി മാറി. യൂറോപ്യൻ അധിനിവേശം ലോകസമ്പത്തിന്റെ ഭൂപടത്തെ നാം ഇന്നു കാണുന്ന വിപരീതാവസ്ഥയിലെത്തിച്ചുവെന്നു സാരം.

അമേരിക്കയെ ഇംഗ്ലീഷുകാർ കോളനിയാക്കി താമസിച്ചപ്പോൾ , അവിടെ ഇംഗ്ലീഷുകാരുടെ ശരാശരി വാർഷിക വരുമാനം 1774 കാലത്ത് 13.85 ഡോളർ ആയി. ഇത് അന്ന് പാശ്ചാത്യരാജ്യങ്ങളിൽ വെച്ചു തന്നെ ഏറ്റവും ഉയർന്നതായി മാറി.

അധിനിവേശത്തിന്റെ അഞ്ചു നൂറ്റാണ്ടുകളിലെ അധ്വാനത്തിന്റെയും വിഭവങ്ങളുടെയും ഉല്പന്നങ്ങളുടെയും സമ്പത്തിന്റെയും അറിവിന്റെയും അസന്തുലിതമായ ആഗോള വിനിമയത്തിന്റെ ഫലമാണ് നാം ഇന്നു കാണുന്ന വികസിത-വികസ്വര- അവികസിത രാഷ്ട്ര ഭൂപടങ്ങൾ. ഉദാഹരണമായി, ഈസ്റ്റ് ഇന്ത്യാ കമ്പനി വെറും വ്യാപരികളായി, ഇന്ത്യയിൽ നിന്നും തുണിത്തരങ്ങൾ വാങ്ങി ഇംഗ്ലണ്ടിൽ വില്പന നടത്തിയ ആദ്യകാലത്ത്, ഇന്ത്യൻ പരുത്തിവസ്ത്രങ്ങൾ ഇംഗ്ലീഷ് മാർക്കറ്റ് കീഴടക്കി, അത് അവിടുത്തെ വസ്ത്രോല്പാദകരുടെ പ്രതിഷേധങ്ങൾക്കു കാരണമായപ്പോൾ , ഇംഗ്ലീഷ് ആഭ്യന്തര വസ്ത്രോല്പാദനത്തെ സംരക്ഷിക്കുന്നതിനായി 1685 മുതൽ 1774 വരെ ഇന്ത്യൻ ഉല്പന്നങ്ങൾക്ക് വിശിഷ്യാ, ഇവിടെ നിന്നുമുള്ള പരുത്തി വസ്ത്രങ്ങൾക്ക് ആദ്യം ഇറക്കുമതിച്ചുങ്കം കൂട്ടിയും, അതും മതിയാകാതെ കർക്കശ ഇറക്കുമതി നിരോധനം (Calico Acts-1700,1721) ഏർപ്പെടുത്തിയുമാണ് ഇംഗ്ലീഷ് വിപണിയിൽ നിന്നും ഇന്ത്യൻ വസ്ത്രങ്ങളെ തുരത്തിയത്. ഇന്ത്യൻ വസ്ത്രങ്ങൾ ധരിക്കുന്നതുപോലും ഈ നിയമം വഴി വിലക്കുകയുണ്ടായി.

വ്യവസായവിപ്ലവം വഴി വളർച്ചനേടി ലോകത്തിലെ ആദ്യത്തെ വൻശക്തിയായി തീർന്ന ബ്രിട്ടൺ അന്നു മുതൽ ഇന്നോളം എല്ലാ രാഷ്ട്രങ്ങൾക്കും ചരിത്രപരമായ പുരോഗതിയുടെ അനിഷേധ്യ മാതൃകയായി പരിലസിക്കുന്നു.

ബ്രിട്ടീഷ് ആധിപത്യം ഇന്ത്യയിൽ സ്ഥാപിതമാകുന്നതിനു മുന്നേ തന്നെ, ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യൻവസ്ത്ര ഇറക്കുമതി നിരോധനത്തിന്റെ ഈ തൊണ്ണൂറു വർഷത്തെ ഇടവേള ലോകചരിത്രത്തിൽ തന്നെ ഏറ്റവും നിർണ്ണായക നാളുകളായിരുന്നു. ഇക്കാലയളവിൽ ബ്രിട്ടണിൽ നൂൽനൂൽപ്പിലും നെയ്ത്തിലും യന്ത്രവൽക്കരണം വരുത്തി, ആദ്യമായി വസ്ത്രനിർമ്മാണ ഫാക്ടറികൾ സ്ഥാപിച്ചു വ്യവസായവൽക്കരണം അരങ്ങേറി. അങ്ങനെ ഗുണത്തിലും വിലയിലും മാർക്കറ്റ് അടക്കി വാഴുന്ന പുത്തൻ പരുത്തി വസ്ത്രങ്ങൾ നിർമ്മിച്ചുകൊണ്ട് ഇന്ത്യയുടെ ലോകവസ്ത്രവിപണി ബ്രിട്ടൺ പിടിച്ചെടുത്തു. തുടർന്ന് ഇംഗ്ലീഷ് ഭരണത്തിൽ, ബ്രിട്ടണിലേക്കു വസ്ത്രം കയറ്റുമതി ചെയ്തിരുന്ന ഇന്ത്യ, അവിടേയ്ക്കു വേണ്ട അസംസ്കൃത പരുത്തി കുറഞ്ഞ വിലയ്ക്കു കയറ്റുമതി ചെയ്യുന്ന രാജ്യം മാത്രമായി. അതോടെ, കൃഷി കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്കു തൊഴിൽ കൊടുത്തിരുന്ന വസ്ത്രനിർമ്മാണ മേഖല 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ബ്രിട്ടീഷ് യന്ത്രത്തുണികൾക്കു മുന്നിൽ നിലംപരിശായി.

ബ്രിട്ടണിൽ നൂൽനൂൽപ്പിലും നെയ്ത്തിലും യന്ത്രവൽക്കരണം വരുത്തി, ആദ്യമായി വസ്ത്രനിർമ്മാണ ഫാക്ടറികൾ സ്ഥാപിച്ചു വ്യവസായവൽക്കരണം അരങ്ങേറി. അങ്ങനെ ഗുണത്തിലും വിലയിലും മാർക്കറ്റ് അടക്കി വാഴുന്ന പുത്തൻ പരുത്തി വസ്ത്രങ്ങൾ നിർമ്മിച്ചുകൊണ്ട് ഇന്ത്യയുടെ ലോകവസ്ത്രവിപണി ബ്രിട്ടൺ പിടിച്ചെടുത്തു.

അമേരിക്കകളിൽ നിന്നും കടത്തിയ വെള്ളിയില്ലായിരുന്നെങ്കിൽ ഏഷ്യയിലെ ഉല്പന്നനിർമ്മാതാക്കളുമായി വ്യാപാരം മാത്രമല്ല, വ്യവസായവിപ്ലവത്തിന്റെ കണ്ടുപിടുത്തങ്ങളും ഇംഗ്ലണ്ടിനു സാധ്യമാകുമായിരുന്നില്ലെന്നു വില്യം ജെ. ആഷ്വർത്ത് (William J. Ashworth) പറയുന്നുണ്ട്. ഇതര ലോകങ്ങളിൽ നിന്നും വൈജ്ഞാനിക സമ്പത്ത് യൂറോപ്പിൽ എത്തിയതിനെ പറ്റി ആഷ്വർത്ത് സൂചന നൽകുന്നതിങ്ങനെയാണ്. ‘‘ശാസ്ത്രചിന്തകനായ ഫ്രാൻസിസ് ബേക്കൺ 1620 ൽ 'സയൻസിന്റെ പുതിയ രീതികൾ ' (Novum Organum Scientiarum ) എഴുതുമ്പോൾ അദ്ദേഹത്തിനറിയാമായിരുന്നു വെടിയുപ്പ്, പേപ്പർ, വടക്കുനോക്കി , അച്ചടിയന്ത്രം, പലവിധ തുണിത്തരങ്ങൾ, കളിമൺ പാത്രങ്ങൾ എന്നിവയെല്ലാം ഉത്ഭവിച്ചതും യൂറോപ്പിൽ എത്തിച്ചേർന്നതും ഏഷ്യയിൽ നിന്നാണെന്ന്.’’
അതായത് അമേരിക്കകളിൽ നിന്നും കടത്തിയ ഭൗതിക സമ്പത്തും, ലോകത്തെവിടെ നിന്നും യൂറോപ്പിലേക്കെത്തിച്ച തദ്ദേശീയ വൈജ്ഞാനിക സമ്പത്തും, സ്വതന്ത്ര വ്യാപാരത്തിനു നേർവിപരീതമായി, ഇറക്കുമതി വിഭവങ്ങൾക്ക് ഉയർന്ന നികുതിയും നിരോധനവും കർക്കശമാക്കി , ആഭ്യന്തരോല്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂട നയവും ഒത്തുചേർന്നപ്പോൾ സംഭവിച്ചതാണ് ഇംഗ്ലീഷ് വ്യവസായ വിപ്ലവം.

William J. Ashworth

പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ തനതു മാഹാത്മ്യമല്ല ബ്രിട്ടീഷ് വ്യവസായ വിപ്ലവത്തിനു കാരണമായത് പകരം, വേറിട്ട പാശ്ചാത്യ സംസ്‌ക്കാരം അത്തരമൊരു ചരിത്രം മെനഞ്ഞെടുക്കുകയായിരുന്നുവെന്നും ആഷ്വർത്ത് പറയുന്നുണ്ട്. അതിനാൽ വ്യവസായവിപ്ലവം വഴി വളർച്ചനേടി ലോകത്തിലെ ആദ്യത്തെ വൻശക്തിയായി തീർന്ന ബ്രിട്ടൺ അന്നു മുതൽ ഇന്നോളം എല്ലാ രാഷ്ട്രങ്ങൾക്കും ചരിത്രപരമായ പുരോഗതിയുടെ അനിഷേധ്യ മാതൃകയായി പരിലസിക്കുന്നു. അമേരിക്ക- സോവിയറ്റ് ശീതസമര കാലത്തും ലോകത്തിന്റെ വികസനമാതൃക ശത്രുമിത്രഭേദമില്ലാതെ ഏവർക്കും ബ്രിട്ടീഷ് വ്യവസായവൽക്കരണം തന്നെ ( സാമ്പത്തിക വളർച്ച നേടുന്നതിന്റെ കൂടെ എല്ലാത്തിനേയും പൊതുവുടമയിലാക്കി സാമ്പത്തിക സമത്വവും കൂടി സ്ഥാപിക്കണം എന്നതാണ് അതിനകത്തെ സ്ഥിതിസമത്വ തിരുത്ത് ) . അതുപ്രകാരം ഏതെല്ലാം ഘട്ടങ്ങളിലൂടെ ബ്രിട്ടൺ കടന്നുവന്നോ, ആ ഘട്ടങ്ങൾ എല്ലാ രാഷ്ട്രങ്ങളും പിന്തുടരേണ്ട പുരോഗതിയുടെ ചരിത്രപരമായ അനിവാര്യതയായി തീർന്നു. അവിടെ സംഭവിച്ചതെല്ലാം ലോകത്ത് എല്ലായിടത്തും സംഭവിക്കുമെന്നും അങ്ങനെ സംഭവിപ്പിക്കലാണ് മാനവവർഗ്ഗത്തിന്റെ ചരിത്രപരമായ കടമയെന്നും നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഇതാണ് വികസിതം, വികസ്വരം, അവികസിതം എന്നീ ചരിത്ര ഘട്ടങ്ങളുടെ മാനദണ്ഡം.

അതുപ്രകാരം മാറ്റങ്ങൾ എല്ലാം പുരോഗതിയിലേക്കാണ്; പുരോഗതിയുടെ അളവുകോലാണ് സാമ്പത്തിക വളർച്ച . തദ്ദേശീയരെ ഉന്മൂലനം ചെയ്തും അടിമയാക്കിയും അമർച്ച ചെയ്തും ഇതര ഭൂഖണ്ഡങ്ങളെ കോളനിയാക്കുന്നതും , അതിനായി യുദ്ധം വെട്ടുന്നതും , വ്യാപാര ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതും എല്ലാം സാമ്പത്തിക വളർച്ച നേടിത്തരുന്നതിനാൽ, അവയെയെല്ലാം രാഷ്ട്രപുരോഗതിക്കു വേണ്ടിയുള്ള അനിവാര്യമായ മാറ്റങ്ങളായി കരുതി രാഷ്ട്രത്തിനകത്ത് പ്രജാസമൂഹം അംഗീകരിച്ചു കൊള്ളണം. ഇതാണ് സാമ്പത്തിക വളർച്ചയുടെ പ്രത്യയശാസ്ത്ര ധർമ്മം. സാമ്പത്തിക വളർച്ചയെന്ന രാഷ്ട്രദേവതയ്ക്കു വേണ്ടി ബലിയർപ്പിക്കപ്പെടേണ്ടവരാണ് രാഷ്ട്രത്തിനു പുറത്തുള്ളവരും ഒപ്പം അകത്തുള്ളവരും. നീതിക്കും ധാർമ്മികതയ്ക്കും പകരമായി നിന്ന് , അവയെ രാഷ്ട്രചിന്തയിൽ നിന്നു തന്നെ വിസ്മൃതമാക്കുന്ന പ്രയോഗമാണത്. അതുപ്രകാരം സാമ്പത്തിക വളർച്ചയെ കരുതി തച്ചു തകർക്കുന്നതെന്തും പുരോഗമനപരമാണ്. വളർച്ചയാണ് രാഷ്ട്രത്തിന്റെ നീതിയും ധർമ്മവും.

എന്തുകൊണ്ട് കോളനി ജനതയോടു ചെയ്ത കൊടുംപാതകങ്ങൾക്കു ബ്രിട്ടൺ ഇന്നും ക്ഷമ ചോദിക്കുന്നില്ല എന്നതിനു , ആ നൃശംസതകൾ ഇല്ലെങ്കിൽ സാമ്പത്തിക വളർച്ച നേടി ബ്രിട്ടീഷ് സാമ്രാജ്യം സംഭവിക്കില്ലായിരുന്നു എന്നാണുത്തരം.

എന്തുകൊണ്ട് കോളനി ജനതയോടു ചെയ്ത കൊടുംപാതകങ്ങൾക്കു ബ്രിട്ടൺ ഇന്നും ക്ഷമ ചോദിക്കുന്നില്ല എന്നതിനു , ആ നൃശംസതകൾ ഇല്ലെങ്കിൽ സാമ്പത്തിക വളർച്ച നേടി ബ്രിട്ടീഷ് സാമ്രാജ്യം സംഭവിക്കില്ലായിരുന്നു എന്നാണുത്തരം. ഒരു രാഷ്ട്രം ബാഹ്യസമൂഹത്തോടു കാട്ടുന്ന അതിക്രമങ്ങളെ പിന്തുണയ്ക്കുന്നതിനു അതിലെ ജനങ്ങൾക്കു കിട്ടുന്ന പ്രതിഫലമാണ് രാഷ്ട്രത്തിന്റെ സാമ്പത്തിക വളർച്ചയെങ്കിൽ, രാഷ്ട്രത്തിനകത്ത് നടത്തുന്ന അതിക്രമങ്ങളെയും അതിലെ ഗുണഭോക്താക്കൾ സാമ്പത്തിക വളർച്ചയെ പ്രതി ന്യായികരിക്കുന്നു. വൈദേശികമോ ആഭ്യന്തരമോ ആയി കോളനിവൽക്കരണമില്ലെങ്കിൽ സാമ്പത്തിക വളർച്ച സാധ്യമല്ലെന്നാണ് ബ്രിട്ടീഷ് മാതൃകയുടെ പാഠം. 18-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ 'ദ വെൽത്ത് ഓഫ് നേഷൻസ് ' എന്ന സാമ്പത്തികശാസ്ത്ര അടിസ്ഥാന ഗ്രന്ഥം പുറത്തു വരുന്നങ്ങനെയാണ്.

ജയതി ഘോഷ്

ഇന്ന് നവ ലിബറലിസത്തിൽ അസമമായ അന്താരാഷ്ട്ര വായ്പാ പദ്ധതികൾ, നിബന്ധനകൾ, വാണിജ്യക്കരാറുകൾ, നിക്ഷേപങ്ങൾ, ഏജൻസികൾ എന്നിവ വഴി മുൻ കോളനിയജമാനശക്തികളുടെ സാമ്പത്തിക വളർച്ചയ്ക്കു വേണ്ടി പഴയ കോളനിരാഷ്ട്രങ്ങളിൽ പരോക്ഷ കോളനിവൽക്കരണം ആഗോളതലത്തിൽ അതിരൂക്ഷമായിരിക്കുന്നു. സമകാലിക ഇംപീരിയലിസത്തെ ബലപ്പെടുത്തുന്ന നവ ലിബറലിസത്തിലെ ഈ പുതിയ തന്ത്രം ഒട്ടും ശ്രദ്ധിക്കപ്പെടുന്നില്ലെന്നു ജയതി ഘോഷ് (Jayati Ghosh ) പറയുന്നുണ്ട്. ഇന്നത്തെ ആഗോള സാമ്പത്തികഘടന വികസ്വര രാഷ്ട്രങ്ങൾക്കുമേൽ അടിച്ചേല്പിക്കുന്ന നിയന്ത്രണങ്ങൾ കോളനികാലത്തുണ്ടായിരുന്നതിനു സമാനമാണെന്നും, നവ നിബറലിസം അതിനാൽ നവ കൊളോണിയലിസത്തെ സൃഷ്ടിച്ചിരിക്കുന്നുവെന്നും അവർ ചൂണ്ടുന്നു.

നവ ലിബറൽ പരിഷ്ക്കാരങ്ങൾ ശക്തമായപ്പോൾ മുതൽ മുൻ കോളനികളിൽ നിന്നും യജമാനരാഷ്ട്രങ്ങളിലേയ്ക്ക് അധാർമ്മികമായി എത്തുന്ന അസമ സമ്പത്ത് ഒരു വർഷം 2.2 ട്രില്യൻ ഡോളർ വരുമെന്നു സമീർ അമിനും ( Samir Amin) മറ്റും കണക്കുകൂട്ടിയിട്ടുണ്ട്. ലോകത്തെയാകെ കൊടും ദാരിദ്ര്യം അവസാനിപ്പിക്കാൻ വേണ്ട പണത്തിന്റെ 15 മടങ്ങുവരും ഈ തുക. മാത്രമല്ല 1960 കൾ മുതൽ നോക്കിയാൽ ഇപ്രകാരം വടക്കോട്ടെത്തിയത് 62 ട്രില്യൻ ഡോളർ വരും. ഈ സമ്പത്ത് തെക്കൻ രാഷ്ട്രങ്ങളിൽ തന്നെ നിലനിന്നിരുന്നെങ്കിൽ അതുവഴി ഇന്നവിടങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന മൂല്യം 152 ട്രില്യൻ ഡോളർ ആകുമായിരുന്നു. അതിസൂക്ഷ്മമായും ആദൃശ്യമായും അധിനിവേശ അക്രമം കാട്ടാതെയും അതിനാൽ തന്നെ പ്രതിഷേധങ്ങളോ ധാർമ്മികരോഷമോ ഇല്ലാതെ, ചരിത്രപരമായി അനിവാര്യമായ പരിഷ്ക്കാരങ്ങൾ എന്ന ബോധം സൃഷ്ടിച്ചാണ് ഈ സാമ്പത്തിക സമാഹരണം നടക്കുന്നത്.

Samir Amin

അമേരിക്ക, ക്യാനഡ, ആസ്ട്രേലിയ, ന്യൂസിലാന്റ്, ഇസ്രായേൽ, ജപ്പാൻ, കൊറിയ, യൂറോപ്പിലെ സമ്പന്ന രാഷ്ട്രങ്ങൾ എന്നിവയുടെ സാമ്പത്തിക കുതിപ്പിന്റെ മീനാരങ്ങൾക്കു മുന്നിൽ നിന്നും സെൽഫിയെടുക്കുമ്പോൾ ആരറിയുന്നു ഇവിടങ്ങളിൽ നിന്നുള്ള അനുസ്യൂത ധനപ്രവാഹമില്ലെങ്കിൽ അവിടുത്തെ മനുഷ്യനിർമ്മിത അത്ഭുതങ്ങളില്ലെന്ന്.

അതു കൂടാതെ യജമാനരാഷ്ട്രങ്ങളിലും, കോളനികാലത്തിൽ നിന്നു ഭിന്നമായി, വളർച്ചയുടെ പേരിൽ ആഭ്യന്തര കോളനിവൽക്കരണം ശക്തിപ്പെട്ടിരിക്കുന്നു എന്നു കാണാം. ആളോഹരി വരുമാനത്തിൽ മുന്നിൽ നിൽക്കുന്ന അമേരിക്ക വികസിത രാഷ്ട്രങ്ങളിൽ സാമ്പത്തിക അസമത്വത്തിലും മുന്നിലുണ്ട്. 2018 ലെ കണക്കുപ്രകാരം ലോകജനതയിൽ പകുതി വരുന്നവരുടെ ( 380 കോടി ) മൊത്തം സമ്പത്തിനേക്കാൾ കൂടുതൽ വരും 26 അതിസമ്പന്നരുടെ സ്വത്ത്. ഒരു ശതമാനം വരുന്ന ലോക ധനികവർഗ്ഗത്തിന്റെ പക്കൽ ബാക്കി 99% ത്തിന്റെ മൊത്തം സമ്പത്തിനേക്കാൾ കൂടുതൽ ഉണ്ട്. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ സമത്വാധിഷ്ഠിത സാമ്പത്തികവളർച്ച എന്ന കമ്യൂണിസ്റ്റ് വ്യവഹാരം പ്രയോഗത്തിൽ നിലംപൊത്തിയപ്പോൾ, ഇന്നു യൂറോപ്പിലും അസമത്വാധിഷ്ഠിത സാമ്പത്തിക വളർച്ച അപ്രതിരോധ്യമായി തീർന്നിരിക്കുന്നു. മൂന്നാംലോക രാജ്യങ്ങളിലാകട്ടെ അസന്തുലിതമായ സാമ്പത്തിക വളർച്ചയുടെ കോളനി പാരമ്പര്യം പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുകയും ചെയ്തിട്ടുണ്ട്.

ഫോസിൽ ഇന്ധനങ്ങൾ വ്യവസായവൽക്കരണ കുതിപ്പിന്റെ നട്ടെല്ലാക്കുന്നതിനെതിരെ അതിന്റെ തുടക്കത്തിൽ തന്നെ യൂറോപ്പിൽ എതിർപ്പുകളുണ്ടായിരുന്നെങ്കിലും കുറഞ്ഞ ചെലവിൽ കിട്ടുന്ന ഊർജ്ജ സ്രോതസ്സുകളിലായിരുന്നു വളർച്ചയുടെ കണ്ണ്.

അതുകൊണ്ട് വികസിതാവികസിത വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രങ്ങളിലും സാമ്പത്തിക വളർച്ചയാൽ അസമത്വം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും വളർച്ച എന്ന വ്യവഹാരം എല്ലാ പൗരഗണങ്ങളെയും രാഷ്ട്രത്തോട് സ്വമനസ്സാലെ തന്നെ ബന്ധിച്ചു നിർത്തുന്നു. അസമത്വം നാൾക്കുനാൾ പെരുകുന്നുവെങ്കിലും, രാഷ്ട്രം തന്നെ ശരീരമായി തീർന്ന ഏക പൗരമനസ്സിനെ വളർച്ച സൃഷ്ടിച്ചിട്ടുണ്ട്. രാഷ്ട്രങ്ങളെല്ലാം ചേർന്ന് ഒരൊറ്റ ഉടലായി മാറിയ ആഗോള പൗരഹൃദയവും വളർച്ചയാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. 'നമ്പൂതിരി മുതൽ നായാടി വരെ' എന്നു വ്യവഹരിക്കുന്നതു പോലെ, സമൂഹങ്ങൾക്കിടയിലെ വൈരുദ്ധ്യങ്ങളും ആധിപത്യങ്ങളും ഒളിപ്പിച്ചു വെയ്ക്കുന്ന വളർച്ചയെന്ന ചരടിനാൽ കോർത്തിട്ടിരിക്കുന്നു വിശ്വമാനവൻ എന്ന ബിംബത്തെ .

വളർച്ചയെന്ന ചരടിൽ മാനവലോകത്തെ ഒറ്റക്കെട്ടാക്കി നിർത്തുന്നത് മാനവ പുരോഗതിക്കു വിലങ്ങുതടി ബാഹ്യലോകം - പ്രകൃതിയാണെന്നു ശത്രുവിനെ പ്രതിഷ്ഠിച്ചു കൊണ്ടാണ്. പ്രകൃതിയെ മാറ്റിമറിക്കുന്ന ഉല്പാദന പ്രവർത്തനമാണ് വളർച്ച. സ്വന്തം വസ്ത്രത്തിൽ ചെളി തെറിക്കുമ്പോഴും അതു കാര്യമാക്കാതെ 'എന്തൊരു സ്പീഡ് 'എന്നു വാഹനത്തെ നോക്കി അതിശയം കൂറുന്ന കൊടിയേറ്റം ഗോപിയുടെ കഥാപാത്രം വളർച്ചയിൽ അന്ധാളിച്ചു ഐക്യപ്പെട്ടു നിൽക്കുന്ന നിസ്വരായ ലോകജനതയാണ്.

ലോകക്ഷേമത്തിനു സാമ്പത്തിക വളർച്ച എന്ന ബ്രീട്ടീഷ് വ്യവസായവൽക്കരണ മാതൃക സാമ്പത്തികാസമത്വം കഠിനമാക്കി സാമൂഹ്യാസ്വസ്ഥതകൾ വർദ്ധിപ്പിക്കുന്നു എന്നു സമ്മതിക്കേണ്ടി വന്നതിനാലാണ് മനുഷ്യവികസന (human development) ത്തിലൂന്നിയ സാമ്പത്തിക വളർച്ച എന്ന വ്യവഹാരം അമർത്യാസെന്നിനും മറ്റും കൊണ്ടുവരേണ്ടി വന്നത്. അതിന്റെ അർത്ഥം കഴിഞ്ഞ 200 വർഷമായി ലോകരാഷ്ട്രങ്ങൾ പിന്തുടരാൻ നിർബ്ബന്ധിതമായ വളർച്ചയുടെ ബ്രിട്ടീഷ് മാതൃക ഭൂരിഭാഗം രാഷ്ട്രങ്ങളിലും സാമ്പത്തിക - സാമൂഹിക നീതി ഉറപ്പാക്കി മാനവക്ഷേമം പ്രദാനം ചെയ്തില്ല എന്നാണല്ലോ.

അപകടകരമായ അളവിൽ കാർബൺ വാതക ബഹിർഗമനം 90% വും നടത്തുന്നത് വികസിത രാഷ്ട്രങ്ങളാണ്. ലോക വിഭവങ്ങൾ അധികമായി ഉപയോഗിക്കുന്നതും അവർ തന്നെ. സുസ്ഥിരമായ നിലനില്പിനു വേണ്ടതിനേക്കാൾ നാലുമടങ്ങു കുടുതലാണിത്.

സാമ്പത്തിക വളർച്ച ഏവർക്കും സാമൂഹിക ക്ഷേമം നൽകിയില്ലെന്നു മാത്രമല്ല, വളർച്ചയുടെ ഉല്പാദന പ്രവർത്തനങ്ങൾ കടുത്ത പാരിസ്ഥിതിക പ്രതിസന്ധികൾ വരുത്തി വെച്ച് അടിത്തട്ടു ജനങ്ങളെ എവിടെയും, അവരുടെ ആവാസമേഖലകളെ തകർത്ത് സാമ്പത്തിക - സാമൂഹിക അരക്ഷിതത്വത്തിലേക്കു വലിച്ചെറിഞ്ഞു കൊണ്ടിരിക്കുന്നു. ഒപ്പം വളർച്ചയെ പ്രതി രണ്ടു നൂറ്റാണ്ടിന്റെ കാർബൺ പുറന്തള്ളൽ, ഇതേവിധം ഇനിയും മുമ്പോട്ടു കൊണ്ടുപോകാനാകാത്ത ആഗോളതാപന വിപത്തിലേക്കു ലോകത്തെ എത്തിച്ചു കഴിഞ്ഞു. ആഗോള താപനകാരിയായ കാർബണിന്റെ 80% 1825 ലും, അതിന്റെ 60% തുടർന്നുള്ള കാൽ നൂറ്റാണ്ടിലും പുറത്തുവിട്ടത് ഇന്നും പുരോഗതിയുടെ ലോകമാതൃകയായ ബ്രിട്ടൺ തന്നെയെന്നറിയുക.

ഫോസിൽ ഇന്ധനങ്ങൾ വ്യവസായവൽക്കരണ കുതിപ്പിന്റെ നട്ടെല്ലാക്കുന്നതിനെതിരെ അതിന്റെ തുടക്കത്തിൽ തന്നെ യൂറോപ്പിൽ എതിർപ്പുകളുണ്ടായിരുന്നെങ്കിലും കുറഞ്ഞ ചെലവിൽ കിട്ടുന്ന ഊർജ്ജ സ്രോതസ്സുകളിലായിരുന്നു വളർച്ചയുടെ കണ്ണ്. സൈനികാക്രമണം, കൂട്ടക്കൊല, ഭൂമി പിടിച്ചെടുക്കൽ, കുടിയൊഴിപ്പിക്കൽ, പരിസ്ഥിതി വിനാശം, തൊഴിൽ നശീകരണം എന്നിവ വഴി സ്ഥാപിക്കപ്പെട്ട വംശീയവും ഫോസിൽ അധിഷ്ഠിതവുമായ സമ്പദ്ഘടനയ്ക്കെതിരെ ലോകമാകെ കോളനികളിൽ നാട്ടുസമൂഹങ്ങൾ സമരം ചെയ്തതിനെ പറ്റി കെയ്റ്റ് സോപർ (Kate Soper) ഓർമ്മിപ്പിക്കുന്നു. രാഷ്ട്രത്തിന്റെ വളർച്ചയെ മുൻനിർത്തിയുള്ള ലാഭാസക്തിയുടെ കരുനീക്കങ്ങളിൽ വിനാശകരമല്ലാത്ത ഊർജ്ജോറവിടങ്ങൾക്കായുള്ള അന്വേഷണങ്ങളും പ്രതിഷേധങ്ങൾക്കൊപ്പം അടിച്ചമർത്തപ്പെട്ടു.

കെയ്റ്റ് സോപർ

ഫോസിൽ ഇന്ധനങ്ങൾ വരുത്തുന്ന അന്തരീക്ഷ താപവർദ്ധവ് ഈ നൂറ്റാണ്ടിന്റെ പകുതിയോടെ കാലാവസ്ഥാ ദുരന്തങ്ങൾ വരുത്തുമെന്ന് 1980 കളുടെ ആദ്യത്തിൽ തന്നെ എക്സോൺ, ഷെൽ എന്നീ കമ്പനികൾക്കു അവരുടെ ഗവേഷകർ മുന്നറിയിപ്പു നൽകിയിരുന്നത് ഇപ്പോൾ പുറത്തറിയുന്നു. എന്നാൽ ഈ വിവരം കമ്പനികൾ ഭരണകൂടത്തെയോ ജനങ്ങളെയോ അറിയിച്ചില്ല. വളർച്ച വിട്ട് മറ്റൊരു കളിയില്ലാത്തതിനാൽ വമ്പൻ കമ്പനികളും ഭരണകൂടങ്ങളും ഫോസിൽ ഇന്ധന പ്രോത്സാഹനം കൂട്ടിക്കൊണ്ടിരിക്കുന്നു. അപകടകരമായ അളവിൽ കാർബൺ വാതക ബഹിർഗമനം 90% വും നടത്തുന്നത് വികസിത രാഷ്ട്രങ്ങളാണ്. ലോക വിഭവങ്ങൾ അധികമായി ഉപയോഗിക്കുന്നതും അവർ തന്നെ. സുസ്ഥിരമായ നിലനില്പിനു വേണ്ടതിനേക്കാൾ നാലുമടങ്ങു കുടുതലാണിത്. അധികമായി ഉപയോഗിക്കുന്നു ഈ വിഭവങ്ങളെല്ലാം തെക്കൻ രാഷ്ട്രങ്ങളിൽ നിന്നും നീതിപൂർവ്വകമല്ലാത്ത വിഭവ - അധ്വാന വിനിമയം വഴി വടക്കോട്ട് എത്തിച്ചേരുന്നു.

ലോകതലത്തിൽ രണ്ടോ മൂന്നോ ശതമാനം ജി.ഡി. പി.വളർച്ച സംഭവിച്ചെങ്കിലേ വൻകിട നിർമ്മാതാക്കൾക്ക് അവരുടെ മൊത്തം ലാഭം നിലനിർത്താൻ കഴിയൂ. മൂന്നു ശതമാനം വളർച്ചയെന്നാൽ ഓരോ 23 വർഷം കൊണ്ട് ലോക സമ്പദ്വ്യവസ്ഥയുടെ വലിപ്പം ഇരട്ടിയാകുമെന്നും വീണ്ടും അതിന്റെ ഇരട്ടിയിൽ വലുതാകുമെന്നുമാണ്. ഈ വളർച്ച അതിനൊത്ത് ഊർജ്ജവും വിഭവങ്ങളും ഉപയോഗിക്കാതെ നടക്കില്ലെന്നും ജെയ്‌സൺ ഹെക്കൽ (Jason Hickel ) എഴുതുന്നു. അതുകൊണ്ട് സാമ്പത്തിക വളർച്ച കൊണ്ട് ആഗോളതാപനത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും തടയാനാവില്ല. ഇതേ നിലയിൽ വികസിത രാഷ്ട്രങ്ങൾ വളർന്നാൽ ആഗോള താപനം 1.5°C -2°C ൽ താഴെയെങ്കിലും പിടിച്ചു നിർത്തുക സാധ്യമല്ല.

ഇനി 'ഹരിതം' എന്ന വിശേഷണം കൂട്ടിച്ചേർക്കാതെ വളർച്ചയെപ്പറ്റി സംസാരിക്കാൻ പറ്റാത്തതിനാൽ ' സുസ്ഥിര വികസനം ' എന്ന പുതിയ വ്യവഹാരം നവ ലിബറൽ സംഭാവനയായി വന്നിട്ടുണ്ടിന്ന്. ഭാവിയിൽ 100% ക്ലീൻ എനർജി ഉയോഗിച്ചാൽ പോലും വളർച്ചയുടെ പാതയിൽ നിന്നു മാറിയില്ലെങ്കിൽ വനനശീകരണം, മരുവൽക്കരണം, വിഭവങ്ങളുടെ അമിതോപയോഗം, മലിനീകരണം എന്നിവയ്ക്കു മറുമരുന്നില്ല. യഥാർത്ഥത്തിൽ മനുഷ്യവികസനം, സുസ്ഥിര വികസനം , ഗ്രീൻ ഗ്രോത്ത് എന്നീ സംജ്ഞകൾ ഭംഗ്യന്തരേണ നമ്മെ ബോധിപ്പിക്കുന്നത് സാമ്പത്തിക വളർച്ച, വികസനം എന്നീ വ്യവഹാരങ്ങളെ അപനിർമ്മിക്കാൻ തുനിയരുതെന്നല്ലേ? പ്രകൃതിക്കും മനുഷ്യർക്കും മേലുള്ള കോളനിവൽക്കരണത്തിന്റെ ഈ ന്യായീകരണ ചിഹ്നങ്ങളെ അപനിർമ്മിക്കാതെ സാമൂഹിക-പാരിസ്ഥിതിക നീതിയിലൂന്നിയ ലോകവ്യവസ്ഥയെ നമുക്കു സങ്കല്പിക്കാൻ ഇനി സാധ്യമാണോ?

സാമ്പത്തിക വളർച്ചയെയും അതിനെ കേന്ദ്രമാക്കിയ ഉല്പാദന പ്രക്രിയയെയും അപനിർമ്മിക്കുക എന്നാൽ നമ്മുടെ ഭാവനയെ അപകോളനീകരിക്കുക എന്നാണർത്ഥം.

സാമ്പത്തിക വളർച്ചയെയും അതിനെ കേന്ദ്രമാക്കിയ ഉല്പാദന പ്രക്രിയയെയും അപനിർമ്മിക്കുക എന്നാൽ നമ്മുടെ ഭാവനയെ അപകോളനീകരിക്കുക എന്നാണർത്ഥം. മാനവ പുരോഗതിയെപ്പറ്റിയുള്ള സാമ്പ്രദായിക രേഖീയ വിശ്വാസങ്ങളെ ഭാവനയുടെ അപകോളനീകരണം പുന:പരിശോധിക്കും. അപവളർച്ച (Degrowth) എന്ന മൂന്നാംമാർഗ്ഗത്തിലേയ്ക്കാണ് അപ്പോൾ നാം എത്തിചേരുക. ആക്രമണത്തിലും അധീശത്വത്തിലും കാലുകളൂന്നി ഭീകരമായി വളരുന്ന ഉല്പാദന വ്യവസ്ഥക്കു പകരം അനുരഞ്ജനത്തിലും ജനായത്തത്തിലും അധിഷ്ഠിതമായ അപവളർച്ചയുടെ ബദൽ മാതൃകകൾ വ്യവസായ വിപ്ലവത്തിന്റെ തലസ്ഥാനങ്ങളിൽ തന്നെ പശ്ചാത്താപമായി പിറക്കേണ്ടതുണ്ട്. ഉല്പാദനവും ഉപഭോഗവും കൂട്ടുകയല്ല, ഇനി കുറയ്ക്കുകയാണ് ഞങ്ങൾ എന്നു മുൻ കോളനിയജമാനരാഷ്ട്രങ്ങൾ തീരുമാനിക്കുമ്പോൾ , യൂറോപ്യൻ മാതൃകകൾ മാത്രം പിന്തുടരാത്ത ബഹുസ്വരതയുടെ അപവളർച്ചാ ഉല്പാദനശൈലികൾ മൂന്നാംലോക സമൂഹങ്ങളിൽ നിന്നും വികസിത രാഷ്ട്രങ്ങൾക്കു എതിർദിശയിൽ വഴി കാട്ടും. പിടിച്ചടക്കലിനു പകരം അപവളർച്ചയുടെ സാമമാർഗ്ഗമാണ് സാമൂഹികവും പാരിസ്ഥിതികവുമായ കോളനിവൽക്കരണത്തിൽ നിന്നും മാനവരാശിയുടെ തുണ.

ജി.ഡി.പി. വളർച്ചയിൽ നോക്കാതെ മനുഷ്യ നന്മയും പരിസ്ഥിതിരക്ഷയും വിഷയമാക്കണമെന്ന് 238 ശാസ്ത്രജ്ഞർ 2018 ൽ യൂറോപ്യൻ കമ്മീഷൻ മുമ്പാകെ ആവശ്യപ്പെട്ടു. ലോകരാഷ്ട്രങ്ങൾ വളർച്ചയെ വിട്ട് സുസ്ഥിര ഭാവിയ്ക്കായി പ്രയത്നിക്കാൻ തൊട്ടടുത്ത വർഷം 150 രാജ്യങ്ങളിലെ 11,000 ശാസ്ത്രജ്ഞർ ഗവണ്മെന്റുകളോടായി പറഞ്ഞു. 'അപവളർച്ച വേണോ അതോ ദുഷ്ടത വേണോ' എന്നു പോൾ എറീസ് (Paul Ariès) ചോദിക്കുന്നു. 'ശിലായുഗത്തിലേക്കു തിരികെ പോകണമെന്നല്ല ഞാൻ പറയുന്നത്. എന്റെ ലക്ഷ്യം പിന്തിരിപ്പത്തരമോ യാഥാസ്ഥിതികത്വമോ അല്ല, പകരം വഴി മാറി പോകലാണ്. വളർച്ചയുടെ ഒരൊറ്റ വഴിയിൽ നമ്മുടെ ഉട്ടോപ്യൻഭാവന കുടങ്ങിക്കിടക്കുന്നു. ഞാൻ ശ്രമിക്കുന്നത് ഈ വഴിയിൽ ഒരു പന്നിയെ കൊണ്ടു വെയ്ക്കാനാ'ണെന്ന് ഉർസുല ലി ഗ്വിൻ (Ursula Le Guin) പറയുന്നു.

(അവസാനിച്ചു)

Comments