പ്രതിപക്ഷ ‘ഇന്ത്യ’

ചെയ്തതും ചെയ്യാനിരിക്കുന്നതുമായ വികസന പ്രവർത്തനങ്ങൾ മാത്രം പറഞ്ഞ് വോട്ടുപിടിച്ചിരുന്ന പാർട്ടികൾ മറ്റെല്ലാം മറന്ന് ബി ജെ പി വിരുദ്ധത എന്ന ഒറ്റ ഫാക്ടറിനു കീഴിൽ ഒത്തുചേർന്നതാണ് ‘ഇന്ത്യ’ സഖ്യത്തിന്റെ വലിയ സവിശേഷത.

ബി.ജെ.പിക്കും കേന്ദ്രസർക്കാരിനുമെതിരെ വിശാല പ്രതിപക്ഷ സഖ്യം - ഇന്ത്യൻ നാഷണൽ ഡെവലപ്പമെന്റൽ ഇൻക്ലൂസീവ് അലയൻസ് അഥവാ ‘ഇന്ത്യ’. 2023 ജൂലൈയിൽബാംഗ്ലൂരിൽ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ സമ്മേളനത്തിലാണ് ‘ഇന്ത്യ’ സഖ്യം രൂപീകരിക്കപ്പെട്ടത്.

കോൺഗ്രസ്, സി പി എം, സി പി ഐ, എ എ പി, തൃണമൂൽ കോൺഗ്രസ്, ഡി എം കെ തുടങ്ങി ബി ജെ പിയെയും കേന്ദ്രസർക്കാരിനെയും എതിർക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളും ചേർന്ന് എടുത്ത തിരുമാനമായിരുന്നു വിശാല പ്രതിപക്ഷ സഖ്യം എന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. ബി ജെ പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയിൽ 38 പാർട്ടികളാണുള്ളത്. 26 കക്ഷികൾ ‘ഇന്ത്യ’ മുന്നണിയിലും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള, ദേശീയതയും ദേശീയതക്കുള്ളിലെ പ്രദേശിക ദേശീയതയുമെല്ലാം പേറുന്ന പാർട്ടികളാണ് സഖ്യത്തിലെ അംഗങ്ങൾ എന്നതാണ് സഖ്യത്തെ വൈവിധ്യമുള്ളതാക്കുന്നത്. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, ഡി എം കെ, ആർ ജെ ഡി, സമാജ് വാദി പാർട്ടി, ശിവസേന, ഝാർഖണ്ഡ് മുക്തി മോർച്ച തുടങ്ങിയ പാർട്ടികളെല്ലാം അതത് പ്രദേശത്തെ ജനങ്ങളെയും അവിടുത്തെ പ്രദേശികതയെയുമാണ് അഡ്രസ് ചെയ്യുന്നതെന്നത് ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രത്യേകതയാണ്.

ബി ജെ പിയെയും കേന്ദ്രസർക്കാരിനെയും എതിർക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളും ചേർന്ന് എടുത്ത തിരുമാനമായിരുന്നു വിശാല പ്രതിപക്ഷ സഖ്യം എന്നത്

ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് എതിര് നിൽക്കാൻ പോകുന്നത് രാജ്യം മുഴുവനുമാണ് എന്ന പ്രതീതി സൃഷ്ടിക്കാൻ ‘ഇന്ത്യ’ എന്ന പേരിലൂടെ സഖ്യത്തിന് കഴിഞ്ഞു. ഇത് ബി.ജെ.പിയെ ഭയപ്പെടുത്തുകയും ചെയ്തു.

ജനാധിപത്യത്തിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത പൗരസമൂഹത്തിന് വലിയ പ്രതീക്ഷയായിരുന്നു ‘ഇന്ത്യ’ സഖ്യത്തിന്റെ രൂപീകരണം. അങ്ങനെ തന്നെയായിരുന്നു രാഷ്ട്രീയ വിലയിരുത്തലുകളും. ഇന്ത്യൻ നാഷണൽ ഇൻക്ലൂസീവ് അലയൻസ് എന്ന പേരിൽ തന്നെ അതിന്റെ എല്ലാ രാഷ്ട്രീയസൂചനകളുമുണ്ടായിരുന്നു. ‘ഇൻക്ലൂസീവ്’ എന്ന വാക്ക് രാഷ്ട്രീയമായി എന്നതിനൊപ്പം മാനവികതയുടെ വെളിച്ചത്തിൽ കൂടി വായിക്കപ്പെടണം. ഡെമോക്രാറ്റിക് എന്നോ റിപ്പബ്ലിക് എന്നോ ഉപയോഗിക്കാമായിരുന്നെങ്കിലും ‘ഇൻക്ലൂസീവ്’ എന്ന വാക്ക് ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയെ സംബന്ധിച്ച്, പ്രത്യേകിച്ച് പ്രസക്തമാകുന്നു. രാഹു​ൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യമായ 'വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കട തുറക്കും' ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ കുറേ നാളുകളിലായി ബി ജെ പിയും കേന്ദ്ര സർക്കാരും സ്ഥിരമായി പ്രയോഗിച്ചുവരുന്ന വെറുപ്പിനും, അപരവിദ്വേഷത്തിനും എതിരെയുള്ള ശക്തമായ നീക്കമായാണ് ‘ഇന്ത്യ’ സഖ്യത്തിന്റെ രൂപീകരണത്തെയും ജനാധിപത്യ വിശ്വാസികൾ കണ്ടത്.

രാഹു​ൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യമായ 'വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കട തുറക്കും' എന്ന വാക്കുകൾ ഇന്ത്യൻ നാഷണൽ ഡെവലപ്പ്‌മെന്റൽ ഇൻക്ലൂസിവ് അലയൻസ് എന്ന പേരിനോട് ചേർത്തു വായിക്കേണ്ടതാണ്‌

‘ഇന്ത്യ’ എന്ന പേരിൽ തുടങ്ങുന്നുണ്ട് സഖ്യത്തിന്റെ പ്രത്യേകതകൾ. രാജ്യത്തിന്റെ പേര് ഓർമിപ്പിക്കുന്നുണ്ടെന്നതാണ് അതിൽ ആദ്യത്തേത്. ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് എതിര് നിൽക്കാൻ പോകുന്നത് രാജ്യം മുഴുവനുമാണ് എന്ന പ്രതീതി സൃഷ്ടിക്കാൻ ഈ പേരിലൂടെ സഖ്യത്തിന് കഴിഞ്ഞു. ഇത് ബി.ജെ.പിയെ ഭയപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടാണ് ഇന്ത്യ എന്ന പേരിനെതിരെ ബി ജെ പിയും കേന്ദ്ര സർക്കാരും വലിയ പ്രതിഷേധം സംഘടിപ്പിച്ചത്. സഖ്യം രൂപീകരിച്ച് രണ്ട് ദിവസങ്ങൾ കഴിയുമ്പോഴേക്കും, ഒരു രാഷ്ട്രീയ സഖ്യത്തിന് 'ഇന്ത്യ' എന്ന് പേരിട്ടതിനെതിരെ ഡൽഹി പോലീസിൽ പരാതി പോയിക്കഴിഞ്ഞിരുന്നു. പ്രതിപക്ഷ പാർട്ടികളുടെ ഈ വിശാല സഖ്യത്തെ ബി ജെ പി ഭയപ്പെട്ടുതുടങ്ങിയിരുന്നു എന്നതിന്റെ തെളിവായിരുന്നു അത്. ബി ജെ പി ഐ.ടി സെൽ ഹെഡ് അമിത് മാളവ്യ സഖ്യത്തിന്റെ പേരിനെ നിരോധിത സംഘടനയായ ‘സിമി’യോടാണ് ഉപമിച്ചത്.

പാർട്ടി അധ്യക്ഷസ്ഥാനം രാജിവെച്ച് നെഹറു കുടുംബത്തിന് പുറത്തുള്ള ഒരാളെ അധ്യക്ഷസ്ഥാനം ഏൽപ്പിക്കാൻ രാഹുൽ ഗാന്ധി എടുത്ത തീരുമാനം മുതൽ വ്യക്തമാവുന്നുണ്ട് അനുഭവങ്ങളിലൂടെ കോൺഗ്രസ് നേടിയ ആ രാഷ്ട്രീയ പക്വത

തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ, സർക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങളിലെല്ലാം രാജ്യത്തിന്റ പേര് ‘ഇന്ത്യ’ എന്നത് മാറ്റി ‘ഭാരത്’ എന്നാക്കി. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കാരിന്റെ ഔദ്യോഗിക ക്ഷണക്കത്തുകളിൽ ഇന്ത്യൻപ്രസിഡന്റ് എന്നതിനുപകരം ഭാരതത്തിന്റെ പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയത് വലിയ ചർച്ചയായി. ബി ജെ പിയും കേന്ദ്ര സർക്കാരും പ്രതിപക്ഷ സഖ്യത്തെ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ഇന്ത്യയെ 'ഭാരത്' ആക്കാനുളള നീക്കം. 2024-ലും പാട്ടുംപാടി ജയിക്കാം എന്ന മോദിയുടെ പ്രതീക്ഷകൾക്കേറ്റ വമ്പൻ തിരിച്ചടി തന്നെയായിരുന്നു ‘ഇന്ത്യ’ സഖ്യത്തിന്റെ രാഷ്ട്രീയ ഏകീകരണം.

എന്നാൽ കാര്യങ്ങളിങ്ങനെയൊക്കെ ആണെങ്കിലും രൂപീകരണ വേളയിൽ തന്നെ സഖ്യത്തെയും സഖ്യത്തിന്റെ പ്രവർത്തനങ്ങളെയും ചുറ്റിപ്പറ്റി സന്ദേഹങ്ങളുമുണ്ടായിരുന്നു. 'ഇനിയാണ് യഥാർഥ വെല്ലുവിളി' എന്നാണ് സഖ്യരൂപീകരണത്തിന് ശേഷം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചത്. ‘ഇന്ത്യ’ മുന്നണിയെ സംബന്ധിച്ച മമതയുടെ ആ സന്ദേഹത്തിന് ഇപ്പോഴും കുറവൊന്നും വന്നിട്ടില്ലെന്നാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് മനസ്സിലാകുന്നതും.

സാധാരണ കുറഞ്ഞത് 450 സീറ്റുകളിലെങ്കിലും മത്സരത്തിനിറങ്ങാറുള്ള കോൺഗ്രസ് ഇത്തവണ മത്സരിക്കുന്നത് 255 സീറ്റുകളിൽ മാത്രം. 450 സീറ്റിൽനിന്ന് 255-ലേക്കുള്ള ഈ നീക്കം അതിവിദഗ്ധമായൊരു ഡിപ്ലോമാറ്റിക് തന്ത്രം കൂടിയായിരുന്നു.

ബി.ജെ.പി എന്ന ഇന്ത്യ നേരിടുന്ന എക്കാലത്തെയും വലിയ വെല്ലുവിളി തിരിച്ചറിയാനും അതിനെ ഫലപ്രദമായി നേരിടാനുമായി ഇതുവരെ പോരടിച്ചുനിന്നവരും ഇനിയുമങ്ങോട്ടും പോരടിക്കാൻ പോകുന്നവരുമായ ഈ പ്രതിപക്ഷ കക്ഷികൾക്ക് ഒന്നിക്കാൻ കഴിഞ്ഞു എന്നതുതന്നെ അവിശ്വസനീയമാണ്. സഖ്യത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായി മുന്നോട്ടുവന്നെങ്കിലും ദേശീയതയും പ്രദേശിക ദേശീയതയുമെല്ലാം അകത്ത് പേറുന്ന പാർട്ടികളെ സംബന്ധിച്ച് അത് സ്വന്തം സ്വത്വത്തെ തന്നെ ബാധിക്കുന്ന സംഗതിയാണ്. ചെയ്തതും ചെയ്യാനിരിക്കുന്നതുമായ വികസനപ്രവർത്തനങ്ങൾപറഞ്ഞു മാത്രം വോട്ടുപിടിച്ചിരുന്ന ഈ പാർട്ടികൾ മറ്റെല്ലാം മറന്ന് ബി ജെ പി വിരുദ്ധത എന്ന ഒറ്റ ഫാക്ടറിനു കീഴിൽ ഒത്തുചേർന്നതും ജനാധിപത്യവിശ്വാസികളെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്നു.
മാത്രമല്ല, അധികാരത്തിൽനിന്ന് പുറത്തായതു മുതൽ കോൺഗ്രസും കോൺഗ്രസ് നേതാക്കളും, പ്രത്യേകിച്ച് രാഹുൽ ഗാന്ധിയും പഠിച്ച പാഠങ്ങളും കൈക്കൊണ്ട തിരുമാനങ്ങളും നിർണായകമായിരുന്നു. പാർട്ടി അധ്യക്ഷസ്ഥാനം രാജിവെച്ച് നെഹറു കുടുംബത്തിന് പുറത്തുള്ള ഒരാളെ അധ്യക്ഷസ്ഥാനം ഏൽപ്പിക്കാൻ രാഹുൽ ഗാന്ധി എടുത്ത തീരുമാനം മുതൽ വ്യക്തമാവുന്നുണ്ട് അനുഭവങ്ങളിലൂടെ കോൺഗ്രസ് നേടിയ ആ രാഷ്ട്രീയ പക്വത.

മറ്റൊന്ന്, ഇത്തവണ ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൈക്കൊണ്ട തിരുമാനമാണ്. സാധാരണ കുറഞ്ഞത് 450 സീറ്റുകളിലെങ്കിലും മത്സരത്തിനിറങ്ങാറുള്ള കോൺഗ്രസ് ഇത്തവണ മത്സരിക്കുന്നത് 255 സീറ്റുകളിൽ മാത്രം. 450 സീറ്റിൽനിന്ന് 255ലേക്കുള്ള ഈ നീക്കം അതിവിദഗ്ധമായൊരു ഡിപ്ലോമാറ്റിക് തന്ത്രം കൂടിയായിരുന്നു. കളി പഠിച്ച കോൺഗ്രസാണ് മത്സരത്തിനിറങ്ങുന്നത്. ബാക്കി പകുതിയിലേറെ സീറ്റുകളിൽ മത്സരിക്കുന്നത് അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളാണ്. ‘ഇന്ത്യ’ സഖ്യം പ്രതിനിധീകരിക്കുന്ന ബഹുസ്വരതയുടെ പ്രതിഫലനം കൂടിയായിരുന്നു കോൺഗ്രസിന്റെ ഈ തീരുമാനം.

ഇനിയാണ് യതാർത്ഥ വെല്ലുവിളി എന്നാണ് ഇന്ത്യാ സഖ്യത്തിന്റെ രൂപീകരണത്തിന് ശേഷം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചത്‌

എന്നാൽ 'ഇന്ത്യ’യെ ആകെ ഉലയ്ക്കുന്നതാണ് സഖ്യത്തിനകത്ത് പാർട്ടികൾ തമ്മിൽ ഇപ്പോഴും തുടരുന്ന സ്വരച്ചേർച്ചയില്ലായ്മ. ഇ.ഡി പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ പേടിപ്പിച്ച് വശത്താക്കാമെന്ന ബി.ജെ.പി നയം കുറേയൊക്കെ ഇപ്പോഴും നടപ്പിലാക്കാൻ കഴിയുന്നുണ്ടെന്നതാണ് കേന്ദ്ര സർക്കാരിനും ബി ജെ പിക്കും ആത്മവിശ്വാസം നൽകുന്ന ഘടകം. കോൺഗ്രസ് നേതാക്കൾ തുടർച്ചയായി ബി ജെ പിയിലേക്ക് പോകുന്നതും തിരിച്ചടിയാണ്.

ഇ.ഡി അറസ്റ്റ് ഉൾപ്പടെയുള്ള നീക്കങ്ങൾ കേന്ദ്രത്തിൽനിന്ന് പ്രതിപക്ഷ നേതാക്കൾക്ക് ഇപ്പോഴും നേരിടേണ്ടിവരുന്നുണ്ട്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ തളർത്താനുള്ള നീക്കം കൂടിയാണിത്. ഝാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന്റെയും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയുമെല്ലാം അറസ്റ്റ് ഇതിനുദാഹരണമാണ്. ഝാർഖണ്ഡിൽ സോറന്റെ അറസ്റ്റിന് ശേഷവും സോറൻ കുടുംബത്തിൽ പോലും ബി.ജെ.പി കടന്നുകയറി.

1979 മുതലുള്ള ഇന്ത്യയുടെ രാഷ്ട്രീയ സഖ്യങ്ങളുടെ ചരിത്രം പരിശോധിച്ചാൽ, എൻ.ഡി.എയും യു.പി.എയുമല്ലാതെ മറ്റൊരു സഖ്യവും രണ്ടു വർഷത്തിൽ കൂടുതൽ നിലനിന്നിട്ടില്ലെന്ന് കാണാം. 1998- ൽ രൂപീകരിച്ച ബി ജെ പി നയിക്കുന്ന എൻ.ഡി.എ മാത്രമാണ് 25 വർഷങ്ങൾക്കിപ്പുറം ഇപ്പോഴും തുടരുന്നത്. 10 വർഷം തുടർന്ന യു.പി.എ ആണ് രണ്ടാം സ്ഥാനത്ത്. വലിയ പ്രതീക്ഷകളോടെ രൂപീകരിക്കപ്പെട്ട ‘ഇന്ത്യ’ സഖ്യം ചരിത്രം തിരുത്തും എന്ന പ്രതീക്ഷയിലാണ് ജനാധിപത്യ വിശ്വാസികൾ. പ്രതിസന്ധികൾ പലതുമുണ്ടെങ്കിലും ജനാധിപത്യ വിശ്വാസികൾക്ക് ഇപ്പോഴും പ്രതീക്ഷ നൽകുന്നതാണ് ‘ഇന്ത്യ’ സഖ്യത്തിന്റെ രാഷ്ട്രീയ ഏകത. അസ്തിത്വത്തെ തന്നെ ബാധിക്കുന്ന സംഗതികൾ പലതുമുണ്ടായിട്ടും ഒത്തുചേർന്ന് സഖ്യം രൂപീകരിക്കാൻ മുന്നോട്ടു വന്ന പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തിനുതന്നെയാണ് ഇന്ത്യൻ രാഷ്ട്രീയം കടപ്പെട്ടിരിക്കുന്നത്.

Comments