ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 40
നങ്കൂരം

ജനങ്ങൾ നിർഭയമായി സംസാരിക്കുകയും പൊട്ടിച്ചിരിച്ച് നടക്കുകയും ചെയ്യുന്നത് മറക്കാനാവാത്ത കാഴ്ചയാണെന്ന് ഐനോ റെഹ്ജ പറഞ്ഞതു കേട്ടപ്പോഴും ലെനിൻ പതിവുചിരി ചിരിച്ചതല്ലാതെ മറ്റൊന്നും സംസാരിച്ചില്ല.

സ്വന്തം വിയർപ്പ് മണ്ണിലേക്കിറ്റുവീഴും വരെ ആയാസകരമായ ജോലികളിലേർപ്പെട്ടവർ. അക്ഷീണ പ്രയത്നത്തിനുള്ള നേരമിനിയും അസ്തമനത്തിനുമുമ്പ് ബാക്കിയുണ്ടെന്നു വിശ്വസിച്ച മനുഷ്യർക്ക് ഭൂമി സ്വന്തമായ ദിവസങ്ങളായിരുന്നു അത്. നൃത്തത്തോടടുക്കുന്നത്ര ആഹ്ലാദത്തോടെയാണ് സ്ത്രീപുരുഷന്മാർ നടന്നു പൊയ്ക്കൊണ്ടിരുന്നത്.

പെത്രഗ്രാദിലെ അംഗങ്ങൾക്കുമുന്നിൽ ലെനിൻ നടത്തിയ പ്രസംഗത്തിന്റ ഓരോ വാചകവും അവർ ഹൃദിസ്ഥമാക്കിയിരുന്നു. റഷ്യ, അതിന്റെ ഉൾത്താപങ്ങൾ പുറത്തേക്കുവിടുകയും പുതിയ ഉദയത്തിനുവേണ്ടി ഉറക്കമൊഴിച്ചവരുടെ കണ്ണുകൾ പ്രകാശിക്കുമെന്നുമാണ് ലെനിൻ പറഞ്ഞത്. അത് അക്ഷരംപ്രതി ശരിയാണെന്ന് ജനങ്ങൾ വിശ്വസിച്ചു.

റഷ്യയുടെ ജാതകം നിർണ്ണയിച്ചത് തൊഴിലാളികളാണ്. മണ്ണിന്റെ ആഴത്തിൽനിന്നും വീണ്ടെടുക്കുന്നതെന്തും അവർക്കുകൂടി അവകാശപ്പെട്ടതായിരുന്നു. ഇത്രനാളും അങ്ങനെയായിരുന്നില്ല. അതിന് മാറ്റങ്ങൾ സംഭവിച്ചതോടെ പലയിടങ്ങളിൽനിന്നും എതിരിടൽ വന്നുതുടങ്ങി. ലോകം മുഴുവൻ ഇമവെട്ടാതെ കാത്തിരുന്നത് ഇനി എന്താണ് റഷ്യയിൽ സംഭവിക്കാൻ പോകുന്നതെന്നാണ്? ഭൂമിയിലെവിടെയുമുള്ള മനുഷ്യന്റെ സ്വപ്നങ്ങൾക്ക് ചിറകുനല്കുന്നതിനാകണം റഷ്യ മാതൃകയാകേണ്ടത് - ലെനിൻ പ്രസംഗങ്ങളിലും ലഘുലേഖകളിലും പകർന്നു വെച്ച പുതിയ ചിന്തകളും കാഴ്ചകളും സ്വന്തം ചുവടുകൾക്ക് ശക്തി പകരുന്ന ഉരുക്കുകൂട്ടുകളായാണ് ജനങ്ങൾ കണ്ടത്.

മറ്റൊരു ചോദ്യം ചിലയിടങ്ങളിൽനിന്നുയർന്നു കേട്ടപ്പോൾ അതിനു മറുപടി പറയാതെ മുന്നോട്ടു പോകാനാവില്ലെന്ന് ലെനിന് തോന്നി. ബൽഷെവിക്കുകൾ വിപ്ലവത്തിലേക്കുള്ള പ്രയാണം ത്വരിതമാക്കിയെന്നും, അവസരത്തിനുവേണ്ടി ഇനിയും കാത്തിരിക്കേണ്ടതുണ്ടായിരുന്നെന്നും ചിലർ വാദിച്ചു. അഖില റഷ്യൻ കോൺഗ്രസിൽ പങ്കെടുത്ത 67 പേരിൽ 50 പേർ വിയോജിപ്പ് രേഖപ്പെടുത്തി. അവർ കോൺഗ്രസ് വിട്ടു പുറത്തിറങ്ങി. പുകച്ചിലുകൾ മറികടക്കേണ്ടിവന്നാലും അതിനെ അതിജീവിക്കാൻ സജ്ജരാണ് ബൽഷെവിക്കുകളെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിന് ലെനിൻ ശ്രമിച്ചു. അപ്പോഴൊക്കെ എല്ലാ കണ്ണുകളും തനിക്കു നേരേയാണ് തിരിയുന്നതെന്ന് ലെനിൻ തിരിച്ചറിയുകയും ചെയ്യുന്നുണ്ടായിരുന്നു.

വിന്റർ പാലസ് ആക്രമിക്കപ്പെട്ടു. ബൽഷെവിക്കുകളുടെ അഗ്നിഖണ്ഡങ്ങൾ എറിയുന്നതുപോലുള്ള മുന്നേറ്റത്തിൽ എന്തുചെയ്യണമെന്നറിയാതെ കെരെൻസ്കി പകച്ചു. പലായനത്തിനുള്ള വാതിലുകൾ ഓരോന്നായ് അടയുകയാണെന്ന് അതിനോടകം അയാൾ മനസ്സിലാക്കിയിരുന്നു.

പിസ്കോവ്മാർഗ്ഗം രക്ഷപെടാനാവില്ലെന്ന് മനസ്സിലായതോടെ നാവികവേഷത്തിൽ ആരുടെയും കണ്ണിൽപ്പെടാതെ കെരെൻസ്കി പുറത്തേക്കിറങ്ങി. ഏതുനിമിഷവും ബൽഷെവിക്കുകൾ പിടിക്കുമെന്നു ഭയന്ന് അവിടെനിന്നും ഓടിയും കിതച്ചും മോസ്കോയിലേക്ക് രക്ഷപെട്ടു. ഇതറിഞ്ഞതോടെ ബൽഷെവിക്കുകളും മൂന്നാം ബൈസൈക്കിൾ ബറ്റാലിയനും ഒരു നിമിഷം പകച്ചു. കൊട്ടാരത്തിനുള്ളിലൊളിച്ച മന്ത്രിമാർക്ക് സ്ത്രീകളുടെ ഷോക്ക് ബെറ്റാലിയന്റെയും മിലിട്ടറി കേഡറ്റുകളുടെയും സംരക്ഷണം ലഭിക്കുന്നുണ്ടായിരുന്നു. ഇവരെ സുരക്ഷിതരാക്കാനുള്ള ത്വരിതപ്രവർത്തനങ്ങളിൽ മെൻഷെവിക്കുകളും വലതുപക്ഷ സോഷ്യലിസ്റ്റ് റെവല്യൂഷനറികളും ബുണ്ടിസ്റ്റകളും അരയും തലയും മുറുക്കി രംഗത്തുവന്നു.

അർദ്ധരാത്രി കഴിഞ്ഞതോടെയാണ് മൂന്നാം ൈബസൈക്കിൾ ബെറ്റാലിയൻ ബൽഷെവിക്ക് പക്ഷത്തേക്ക് കൂറുമാറിയ കാര്യം പുറത്തറിഞ്ഞത്. അവരുടെ മുന്നേറ്റവും വിപ്ലവകാരികൾക്കൊപ്പമായതോടെ കൊട്ടാരം പൂർണ്ണമായും ബൽഷെവിക്കുകളുടെ നിയന്ത്രണത്തിലായി!

ഓരോ നിമിഷവും വിവരങ്ങളറിഞ്ഞു കൊണ്ടിരുന്ന ലെനിൻ വിട്ടുവീഴ്ചയില്ലാത്ത നിർദ്ദേശങ്ങൾ ബൽഷെവിക്കുകൾക്ക് കൈമാറിക്കൊണ്ടിരുന്നു. മറ്റൊരു മുഖവുമായി അയാൾ വിന്റർപാലസിൽ പ്രത്യക്ഷനാകുമെന്നും ലെനിൻ വിശ്വസിച്ചു ദയയോ ദാക്ഷിണ്യമോ ലവലേശമില്ലാതെ ഓരോ കരുക്കളും നീക്കിയ കെരെൻസ്കി ആയിരം ചിറകുള്ള ഒരു നാഗപ്പക്ഷിയെപ്പോലെ പറന്നുവരുമെന്നു കരുതണമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല.

ചില ചരിത്രസന്ധികളിൽ മാപ്പ് നല്കലും വിട്ടുവീഴ്ചയും ദയയുമൊന്നിച്ചുള്ള രാഷ്ട്രീയത്തിന്റെ സാദ്ധ്യതയെക്കുറിച്ചും ആലോചിക്കേണ്ടതുണ്ടെന്ന് ലെനിൻ വിശ്വസിച്ചു. അത് തിളച്ചു മറിയുന്ന ജനതയ്ക്കു മുന്നിൽ അവതരിപ്പിക്കുന്നതിനും നിരന്തരം ശ്രമിച്ചു. അതിൽ ലെനിൻ വിജയിക്കുകയും ചെയ്തു.

ബൽഷെവിക്കുകൾ അടയ്ക്കാൻ മറന്ന വാതിലിലൂടെയാണ് കെരെൻസ്കി രക്ഷപെട്ടതെന്ന് ലെനിനറിയാമായിരുന്നു. അവർ അതനുവദിച്ചില്ലായിരുന്നെങ്കിൽ കെരെൻസ്കിയും മന്ത്രിമാരും വിന്റർപാലസിൽ നിന്നും രക്ഷപെടുമായിരുന്നില്ല. പ്രതിരോധ നിരയിലുണ്ടായിരുന്നവരെ നല്ല നടപ്പിന് വിധിച്ച് തിരിച്ചു പോകാനനുവദിച്ചതും ബൽഷെവിക്കുകളായിരുന്നു.

കെരെൻസ്കിയുടെ സൈനികമേധാവിയായിരുന്ന ജനറൽ ക്രാസ്‌നവിനോടുപോലും ബൽഷെവിക്കുകൾ അനുതാപം കാട്ടിയിരുന്നു. ഇതൊക്കെ അപ്രതീക്ഷിതമായ തിരിച്ചടി കിട്ടാൻ കാരണമാകുമെന്ന ലെനിന്റെ വിലയിരുത്തൽ തെറ്റായിരുന്നില്ലെന്ന് തൊട്ടടുത്തുള്ള ദിവസങ്ങളിൽ ബൽഷെവിക്കുകൾക്ക് മനസ്സിലായി.

കെരെൻസ്കിയും കേഡറ്റുകളും പെത്രഗ്രാദിനു നേരെ നീങ്ങി. വീട്ടുതടങ്കലിൽ നിന്നും രക്ഷപെട്ട ക്രാസ്‌നവ് ജർമ്മൻ ഭരണകൂടത്തിന്റെ സഹായത്തോടെ ഒരു ലക്ഷത്തോളം അംഗബലമുള്ള വൈറ്റ് ആർമിക്ക് രൂപം നല്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചപ്പോൾ ലെനിൻ ഏറെ നേരം നിശ്ശബ്ദനായിരുന്നു. തുടർന്ന് ഡയറിയിൽ ഇങ്ങനെ കുറിച്ചിട്ടു:

"ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കണം അവരിൽനിന്ന്. നഷ്ടപ്പെടുമെന്നു തോന്നുന്ന അധികാരം തിരിച്ചുപിടിക്കാനായിരിക്കും കെരെൻസ്കി മരണനിമിഷം വരെ ശ്രമിക്കുക. അതിനുള്ള കോപ്പുകൾ കൂട്ടാനായിരിക്കും അയാൾ കഠിനപ്രയത്നം നടത്തിയിട്ടുണ്ടാവുക. പക്ഷേ, റഷ്യയുടെ ഹൃദയം മറ്റൊരു വഴിക്ക് യാത്ര ആരംഭിച്ചുകഴിഞ്ഞു!"

രക്തക്കറപുരണ്ട മണ്ണിലൂടെ റഷ്യൻ ജനത സഞ്ചരിക്കരുതെന്ന് ലെനിൻ ആഗ്രഹിച്ചു; മറുപുറത്തുനിന്നും ഉയർന്നുവന്ന ഓരോ വാൾവീശലും പ്രതിരോധിച്ചു മുന്നേറാനാകുമെന്നും. തുടർന്നുള്ള ദിവസങ്ങളിൽ അതിനുള്ള സാധ്യതകെടുത്തുന്ന വാർത്തകൾ ഗാട്ചിനയിൽ നിന്നും കേൾക്കാൻ തുടങ്ങി.

നവംബർ 9 ന് കെരെൻസ്കി ഗാട്ചിന പിടിച്ചടക്കി. ഏര്യാ സ്റ്റാഫ് കോർട്ടേഴ്സിലെത്തിയ ലെനിൻ ഒരു ഭൂപടം നിവർത്തി മുന്നിൽ വച്ചു. അന്ന് ബൽഷെവിക്കുകൾ പറന്നുയരേണ്ട ദിശകളും പറന്നിറങ്ങേണ്ട തിരിവുകളും ലെനിൻ വയലറ്റ് നിറമുള്ള മഷികൊണ്ട് അടയാളപ്പെടുത്താൻ തുടങ്ങി.

ലെനിൻ ഒരു സന്ധ്യാനേരത്താണ് ഹെൽസിങ്ഫോർസുമായി സംസാരിച്ചത്. പെത്രഗ്രാദിൽ രണ്ട് നശീകരണ കപ്പലുകളും ഒരു യുദ്ധക്കപ്പലും നങ്കൂരമിടണമെന്ന് ലെനിൻ നിർദ്ദേശിച്ചു. പ്രതിയോഗികളുടെ ശക്തിയും ദൗർബല്യവും മനസ്സിലാക്കി മുന്നേറുകയാണ് നാം ചെയ്യേണ്ടതെന്നും സന്ധിയും സംഭാഷണവും ഇനി അപ്രസക്തമാണെന്നും വിശദമാക്കി.

തൊട്ടടുത്ത പ്രഭാതത്തിൽ യാത്രയ്ക്കൊരുങ്ങിയ ലെനിൻ ക്രൂപ്സ്കയയോട് പറഞ്ഞു: "ഇനി കാത്തിരുപ്പിന് സമയമില്ല. ഓരോ നിമിഷവും വിലപ്പെട്ടതാണ്!"

പുച്ചിലോവ് വർക്സിലേക്കാണ് ആദ്യം ലെനിൻ പോയത്. കവചിത തീവണ്ടി എത്രയും വേഗം നിർമ്മിക്കണമെന്ന ലെനിന്റെ നിർദ്ദേശം തൊഴിലാളികൾ ആവേശപൂർവ്വമേറ്റെടുത്തു. എല്ലാ വിഭാഗത്തിൽ നിന്നുമുള്ള പ്രതിനിധികളുടെ സാന്നിദ്ധ്യമുറപ്പാക്കിക്കൊണ്ടുള്ള ഒരു സമ്മേളനം തൊട്ടടുത്ത ദിവസം തന്നെ വിളിച്ചുചേർത്തു. ശത്രുപാളയത്തിൽ നടന്നുകൊണ്ടിരിക്കുന്ന നീക്കങ്ങൾ അതതു സമയത്തുതന്നെ രഹസ്യമായി ലെനിൻ അറിയുന്നുണ്ടായിരുന്നു. കെരെൻസ്കിയുടെ സൈനികരെ നേരിടാൻ സജ്ജരായി പെത്രഗ്രാദിലെ തൊഴിലാളികൾ യുദ്ധമുന്നണിയ്ക്ക് രൂപം നല്കി. പ്രവിശ്യകളിൽ നിന്നും വിളിച്ചുവരുത്തിയ അശ്വഭടസേനയുടെ നീക്കങ്ങൾ മുന്നേറ്റസ്വഭാവമുള്ളതാണെന്ന് ആർക്കും ആ ദിവസങ്ങളിൽ തോന്നിയതുമില്ല.

തൊഴിലാളികളും അശ്വഭടന്മാരും തമ്മിൽ പല തിരിവുകളിൽ തർക്കം നടന്നു. കെരെൻസ്കിയുടെ സൈനികവ്യൂഹത്തിൽ ഛിന്നഭിന്നമായ ചിത്രങ്ങൾ തെളിഞ്ഞ ദിവസങ്ങൾ കൂടിയായിരുന്നു അവ. തൊഴിലാളികൾ ചിലയിടങ്ങളിൽ എതിർമുന്നണിയുടെ കടന്നുകയറ്റത്തിനിരയായി. നിരവധിപേർ മരിച്ചുവീണു. സമരവീര്യം ചോർന്നു പോകാതെ തൊഴിലാളികൾ കെരെൻസ്കിയുടെ സൈന്യത്തോട് പോരാടിക്കൊണ്ടിരുന്നു.

നല്ലനടപ്പിന് വിധിച്ച കേഡറ്റുകൾ വീണ്ടും കെരെൻസ്കിയ്ക്കൊപ്പം ചേർന്ന് യുദ്ധമാരംഭിച്ചു. ബൽഷെവിക്കുകൾക്കെതിരെ പടനയിക്കാൻ തക്കം പാർത്തു നില്ക്കുന്നവരായിരുന്നു അവരെന്ന് ലെനിൻ നേരത്തെ മുന്നറിയിപ്പു നല്കിയിരുന്നതാണ്.

വരുന്ന ദിവസങ്ങളിൽ എന്തൊക്കെയാവും റഷ്യയിൽ സംഭവിക്കാൻ പോകുന്നതെന്ന് ലെനിൻ ചുരുങ്ങിയ വാക്കുകളിൽ വിശദമാക്കി.

ക്രൂപ്സ്കയയ്ക്ക് ചില സന്ദേഹങ്ങൾ ബാക്കിയുണ്ടായിരുന്നു. പവ്‌ലോവ്സ്കയ മിലിട്ടറി സ്കൂളിന്റെ പരിസരത്ത് തൊട്ടുമുമ്പുള്ള ദിവസം തുടങ്ങിയ യുദ്ധം അപായകരമായ നിലയിലേക്ക് പടർന്നു പിടിച്ചിരുന്നു. കൂറുമാറിയ സൈനികരോട് ഇരട്ടിച്ച രോഷം റെഡ് ഗാർഡുകളിൽനിന്നും ഫാക്ടറിത്തൊഴിലാളികളിൽനിന്നും പൊട്ടിയൊഴുകി. രക്തത്തിന്റെ ചാലുകൾ തെരുവുകളിൽ കവിഞ്ഞൊഴുകുന്നതറിഞ്ഞ ലെനിന് ഉറങ്ങാൻ കഴിഞ്ഞില്ല. ഒന്നല്ല പല ദിവസങ്ങളിൽ ഉറങ്ങാനാവാതെ കണ്ണും മനസ്സും കനത്തു.

“ലോകമഹായുദ്ധമാണെങ്കിലും ഒരണുകുടുംബത്തിൽ നടക്കുന്ന സംഘർഷമാണെങ്കിലും അത് ചില ചുമരുകളെ ദുർബ്ബലമാക്കും. ചിലപ്പോൾ അപ്രതീക്ഷിതമായ സമയത്ത് ആ ചുമരുകളിലേതെങ്കിലുമൊന്ന് ഇടിഞ്ഞുവീണാലും അത്ഭുതപ്പെടാനില്ല."

എഴുത്തുമേശയിൽ കൈകുത്തി നിന്നുകൊണ്ടാണ് ലെനിൻ ഇത്രയും പറഞ്ഞത്.

ഏറ്റുമുട്ടലിന്റെ വിവരങ്ങൾ പലരിൽനിന്നും ഇല്ലിച്ച് കേൾക്കുന്നുണ്ടായിരുന്നു. അവിടേക്ക് ചിലരുടെ കൈവശം ലെനിൻ ചില കുറിപ്പുകൾ കൊടുത്തയയ്ക്കുകയും ചെയ്തു.

കെരെൻസ്കി പരാജിതനായി പിൻവാങ്ങിയെങ്കിലും അയാൾ രക്ഷപെട്ടെന്ന വാർത്ത ഒട്ടും സന്തോഷത്തോടെയല്ല ലെനിൻ കേട്ടത്. പെത്രഗ്രാദിൽ ബൽഷെവിക്കുകൾ വിജയപതാക ഉയർത്തിക്കെട്ടിയതും തൊഴിലാളികൾ ഗാട്ചിന തിരിച്ചു പിടിച്ചതുമൊക്കെ അറിഞ്ഞതോടെ തെരുവായ തെരുവൊക്കെ വിജയഗീതങ്ങൾ നിറഞ്ഞു.

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments