മണിപ്പുരിൽ നടന്നത് ഗുരുതര മനുഷ്യാവകാശ ലംഘനം, മാധ്യമങ്ങൾ വേട്ടയാടപ്പെടുന്നു- യു.എസ് സ്റ്റേറ്റ് റിപ്പോർട്ട്

നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനുശേഷം ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ സാഹചര്യം മോശമാണെന്ന് മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വാർഷിക മനുഷ്യാവകാശ റിപ്പോർട്ടിൽ പറയുന്നു.

National Desk

ണിപ്പുർ കലാപത്തിൽ ഗുരുതര മനുഷ്യവകാശലംഘനം നടന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വാർഷിക മനുഷ്യാവകാശ റിപ്പോർട്ട്. മണിപ്പുരിൽ ന്യുനപക്ഷങ്ങൾ വേട്ടയാടപ്പെട്ടുവെന്നും കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി നേരിടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബി.ബി.സി ഓഫീസിലെ ആദായനികുതി റെയ്ഡ് മുൻനിർത്തി മാധ്യമ സ്ഥാപനങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും മേൽ കേന്ദ്രസർക്കാർ കടന്നുകയറ്റം നടത്തുകയാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

മണിപ്പുരിൽ നടന്നത് കൊടിയ മനുഷ്യാവകാശ ലംഘനമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2023 മെയിൽ പെട്ടെന്ന് പൊട്ടിപുറപ്പെട്ട കലാപത്തിൽ 175 പേർ കൊല്ലപ്പെടുകയും 60,000 ത്തിലധികം പേർ പലായനം ചെയ്‌തെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. അക്രമം തടയുന്നതിനും മനുഷ്യാവകാശ സഹായങ്ങൾ നൽകുന്നതിലും സർക്കാർ സ്വീകരിക്കുന്ന മെല്ലപ്പോക്ക് നയത്തെ പ്രാദേശിക മനുഷ്യാവകാശ സംഘടനകൾ, ന്യൂനപക്ഷ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവർ വിമർശിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അക്രമം തടയുന്നതിലും മാനുഷിക സഹായമെത്തിക്കുന്നതിലും കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് സംഭവിച്ച വീഴ്ചകളെ സുപ്രീംകോടതി വിമർശിച്ചിരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മണിപ്പൂര്‍കലാപം

നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനുശേഷം ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ സാഹചര്യം മോശമാണെന്ന് വിവിധ മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ജമ്മു കാശ്മീരിൽ മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും അന്വേഷണങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടിലുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും മതം അടിസ്ഥാനമാക്കിയുള്ള പൗരത്വ നിയമഭേദഗതിയും മുസ്‍ലിംകളുടെ സ്വത്തുകൾ തകർക്കുന്നതുമെല്ലാം ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നതിന്റെ സൂചനകളായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

2023 ഫെബ്രുവരിയിലാണ് ആദായ നികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹിയിലേയും മുംബൈയിലേയും ഓഫീസിൽ പരിശോധന നടത്തിയത്. 2002-ൽ ഗുജറാത്തിൽ അരങ്ങേറിയ വംശീയകലാപം പ്രമേയമായ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി പുറത്തിറക്കിയശേഷമാണ് ബി.ബി.സി ഓഫീസിൽ പരിശോധന നടന്നത്. യൂട്യൂബ്, ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ നിന്ന് ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ കേന്ദ്രം ഉത്തരവിറക്കിയിരുന്നു. അതോടൊപ്പം ഡോക്യുമെന്ററി പ്രദർശനം നിരോധിക്കാൻ കേന്ദ്രം ഉത്തരവിടുകയും ഉത്തരവ് ലംഘിച്ച് പ്രദർശനം നടത്തിയ സംഘടനകൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. റെയ്ഡ് ഡോക്യുമെന്ററിയുടെ പേരിലായിരുന്നില്ല എന്ന് പ്രധാനമന്ത്രി തന്നെ പറയുന്നുണ്ടെങ്കിലും 180 രാജ്യങ്ങൾ ഉൾപ്പെട്ട മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പട്ടികയിൽ 163-ാം സ്ഥാനത്താണ് ഇന്ത്യയെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഇത് എക്കാലത്തെയും ഏറ്റവും താഴ്ന്ന സ്ഥാനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബി.ബി.സി ഓഫീസില്‍ നടത്തിയ റെയ്ഡില്‍ നിന്നും

മോദി സർക്കാർ രണ്ടാമതും അധികാരത്തിലേറിയ 2019 മുതൽ 35 മാധ്യമപ്രവർത്തകരെങ്കിലും പലവിധ ചോദ്യം ചെയ്യലുകൾക്കും കെട്ടിചമച്ച കേസുകളാൽ വേട്ടയാടപ്പെടുകയോ അന്വേഷണം നേരിടുകയോ റെയ്ഡുകൾക്ക് വിധേയമാവുകയോ ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി കേസിൽ രണ്ടു വർഷം തടവ് വിധിച്ച ഗുജറാത്ത് ഹൈക്കോടതിയുടെ നടപടിയേയും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിൽ രാഹുൽ ഗാന്ധി നടത്തിയ ഒരു പരാമർശം മോദി സമുദായത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് അദ്ദേഹത്തിനെതിരെ ബി ജെ പി എം.എൽ.എയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദി പരാതി നൽകിയത്.

രാഹുല്‍ ഗാന്ധി

അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ ബ്യൂറോ ഓഫ് ഡെമോക്രസി, ഹ്യൂമൻ റൈറ്റ്സ് ആന്റ് ലേബർ വിഭാഗമാണ് 2023-ലെ കൺട്രി റിപ്പോർട്ട്സ് ഓൺ ഹ്യുമൻ റൈറ്റ്സ് പ്രാക്ടീസസ് പുറത്തുവിട്ടത്. മാധ്യമങ്ങൾ, പൗരസംഘടനകൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.

Comments