രജപുത്ര സമുദായാംഗങ്ങൾ രാജ്‌കോട്ടിൽ പ്രതിഷേധ മാർച്ചിൽ നിന്ന്

സൂറത്ത് മോഡലും വിദ്വേഷ പ്രസംഗവും
ബി.ജെ.പിയുടെ പേടിപ്പാച്ചിലും

തൊഴിലില്ലായ്മയിലും വിലക്കയറ്റത്തിലും വലയുന്ന ജനത്തിനുമുന്നിൽ വിഭജന- വിദ്വേഷ രാഷ്ട്രീയത്തിന് പഴയപോലെ മൈലേജില്ല. നരേന്ദ്രമോദി തുടരുന്ന വിദ്വേഷ പ്രസംഗത്തിനെതി​​രെ രാജ്യമാകെ വൻ പ്രതിഷേധം രൂപപ്പെടുന്നത് അതിന്റെ സൂചനയാണ്.

മോദിയുടെ സ്വന്തം ഗ്യാരന്റിയിലൂന്നി, 400 സീറ്റ് എന്ന അവകാശവാദത്തോടെ ഇറങ്ങിയ ബി.ജെ.പിക്ക്, ആദ്യഘട്ട വോട്ടെടുപ്പോടെ കാര്യങ്ങൾ അത്ര എളുപ്പമാവില്ലെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. തൊഴിലില്ലായ്മയിലും വിലക്കയറ്റത്തിലും വലയുന്ന ജനത്തിനുമുന്നിൽ വിഭജന- വിദ്വേഷ രാഷ്ട്രീയത്തിന് പഴയപോലെ മൈലേജില്ല. നരേന്ദ്രമോദി തുടരുന്ന വിദ്വേഷ പ്രസംഗത്തിനെതി​​രെ രാജ്യമാകെ വൻ പ്രതിഷേധം രൂപപ്പെടുന്നത് അതിന്റെ സൂചനയാണ്.

2019 അല്ല 2024 എന്ന് ഇപ്പോൾ ബി.ജെ.പി തിരിച്ചറിയുന്നുണ്ട്. പ്രതിപക്ഷ കക്ഷികൾ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രംഗത്തുവരുന്നു. നേരത്തെ മോദിക്കുവേണ്ടി നിലകൊണ്ടിരുന്ന ആജ് തക് ചാനൽ അടക്കമുള്ളവർ മോദിയുടെ കള്ളങ്ങൾപൊളിച്ചടുക്കി രംഗത്തുവരുന്നു. വിദ്വേഷ പ്രസംഗത്തിനെതിരെ 17,000 ത്തിലധികം പേർ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കത്തയക്കുന്നു. പൗരാവകാശ സംഘടനകൾ രംഗത്തുവരുന്നു. രാജസ്ഥാനിലെ വിദ്വേഷ പ്രസംഗത്തിനുപിന്നാലെ അതിന്റെ ഡോസ് കൂട്ടി ഛത്തീസ്ഗഢിലും മോദി അത് ആവർത്തിച്ചെങ്കിലും ബി ജെ പി ഐടി സെൽ വരെ അതേറ്റെടുക്കാത്ത നില വന്നു. പത്തു വർഷം രാജ്യം ഭരിച്ച പാർട്ടിക്കും ​നേതാവിനും തങ്ങളുടെ എക്കാലത്തേയും തുറുപ്പുചീട്ടായ വർഗീയ കാർഡ് അല്ലാതെ മറ്റൊന്നും ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കാനില്ലെന്ന യാഥാർത്ഥ്യം ഉത്തരേന്ത്യയിലടക്കം തുറന്നുകാട്ടപ്പെടുന്നു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി

രാജസ്ഥാനിലും ഗുജറാത്തിലുമടക്കമുള്ള രജപുത്ര വിഭാഗത്തിന്റെ ശക്തമായ എതിർപ്പ്, ബിഹാറിൽ തേജസ്വി യാദവ് നേടിയ മുൻതൂക്കം, യു.പിയി​ലെ ആദ്യ ഘട്ട വോട്ടെടുപ്പിലുണ്ടായ താഴ്ന്ന പോളിങ് തുടങ്ങിയവ ‘മോദി ബ്രാൻഡി’ന്റെ മാർക്കറ്റ് വാല്യു ഇടിച്ചിട്ടുണ്ട് എന്ന വസ്തുത, നിലവിട്ടോടുന്ന അവസ്ഥയിലേക്ക് ബി ജെ പിയെ കൊണ്ടെത്തിച്ചിട്ടുണ്ട്.

ബ്രിട്ടീഷുകാരുമായി ഒളിബന്ധമുണ്ടായിരുന്നവരാണ് രജപുത്രന്മാർ എന്ന ഗുജറാത്തിൽ നിന്നുള്ള നേതാവും കേന്ദ്രമന്ത്രിയുമായ പർഷോത്തം രൂപാലയുടെ പ്രസംഗവും അതിനോടുള്ള രജപുത്ര വിഭാഗങ്ങളുടെ പ്രതിഷേധവും ബി ജെ പിക്ക് ഇരുട്ടടിയായി. 2019-ൽ ആകെയുള്ള 25 സീറ്റും ലഭിച്ച രാജസ്ഥാനിൽ ഒരു കോടിയോളം വരുന്ന രജപുത്രവിഭാഗങ്ങളുടെ എതിർപ്പ് മറികടക്കാൻ മുസ്‌ലിം വിരോധമല്ലാതെ മോദിക്ക് മറ്റ് വഴിയില്ലാതായി. അതേസമയം, ഈ പ്രതിസന്ധി മറിക്കാൻ മോദിയുടെ വിഭജന രാഷ്ട്രീയത്തിനാവില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതേ പ്രതിസന്ധി പടിഞ്ഞാറൻ യു.പിയിലും ഗുജറാത്തിലും മുംബൈയിലും ബി ജെ പി നേരിടുന്നുണ്ട്.

അഹമ്മദാബാദിലെ ഗോട്ട രജപുത്ര ഭവനിൽ ക്ഷത്രിയ സ്ത്രീകൾ തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് ഏഴ് വരെ പ്രതീകാത്മക ഉപവാസം നടത്തുകയാണ്. ഗുജറാത്തിലുടനീളം ഇന്നു മുതൽ ധർമ രഥയാത്ര നടത്താനും രജപുത്ര വിഭാഗം തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്തിലെ 26 സീറ്റിലും ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുമെന്നാണ് രജപുത്ര സമുദായം പ്രഖ്യാപിച്ചിത്.

മുംബൈയിൽ ക്ഷത്രിയ സമുദായമാണ് ബി.ജെ.പിക്കെതിരെ രംഗത്ത്. പർഷോത്തം രുപാലയുടെ സ്ഥാനാർഥിത്വം പിൻവലിച്ചില്ലെങ്കിൽ മുംബൈയിലെ എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്. 50,000- ഓളം ക്ഷത്രിയ സമുദായക്കാരാണ് മുംബൈയിൽ മാത്രമുള്ളത്. നേരത്തെ രൂപാലയെ പിന്തുണച്ചവരാണ് തങ്ങൾ, എന്നാൽ, ഇപ്പോൾ സ്വന്തം കാലിലാണ് അദ്ദേഹം വെട്ടിയിരിക്കുന്നതെന്നാണ് മുംബൈയിലെ ക്ഷത്രിയ രജപുത്ര സംഘടനാ അധ്യക്ഷൻ ജിതു മാക്വാന മുന്നറിയിപ്പ് നൽകി.

ബ്രിട്ടീഷുകാരുമായി ഒളിബന്ധമുണ്ടായിരുന്നവരാണ് രജപുത്രന്മാർ എന്ന ഗുജറാത്തിൽ നിന്നുള്ള നേതാവും കേന്ദ്രമന്ത്രിയുമായ പർഷോത്തം രൂപാലയുടെ പ്രസംഗവും അതിനോടുള്ള രജപുത്ര വിഭാഗങ്ങളുടെ പ്രതിഷേധവും ബി ജെ പിക്ക് ഇരുട്ടടിയായി

പടിഞ്ഞാറൻ യു.പിയിലെ സഹരാൻ പുരിൽ ഏപ്രിൽ ഏഴിന് രജപുത്രർ വിളിച്ച മഹാപഞ്ചായത്തിൽ തങ്ങളുടെ സമുദായാംഗങ്ങളോട് ബി ജെ പിക്ക് വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്യുന്ന പ്രമേയം പാസാക്കി. രജപുത്ര നേതാവ് കൂടിയായ ജനറൽ വി.കെ. സിംഗിന് സീറ്റ് നിഷേധിച്ചതും രൂപാലയുടെ വിവാദ പരാമർശവും പടിഞ്ഞാറൻ യു.പിയിലും ബി ജെ പിക്ക് തലവേദനയാണ്. 2014- ലും 19- ലും അഞ്ച് ലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു വന്ന വി.കെ. സിംഗിന്റെ സ്ഥാനാർത്ഥി നിഷേധത്തിന് ബി ജെ പി കടുത്ത വില കൊടുക്കേണ്ടി വരും.
പടിഞ്ഞാറൻ യു.പിയിൽ നടന്ന ആദ്യ ഘട്ട പോളിങ്ങിലെ തണുപ്പൻ പ്രതികരണം നേരിടാൻ, ഏപ്രിൽ 26ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ പരമാവധി വോട്ടർമാരെ പോളിങ് ബൂത്തിലെത്തിക്കാനാണ് ബി.ജെ.പി ശ്രമം. വിളവെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിലായ കർഷകരുടെയും തൊഴിലാളികളുടെയും അരികിൽ പ്രവർത്തകർ നേരിട്ടെത്തി ബൂത്തിലേക്ക് കൊണ്ടുവരുന്നതാണ് പദ്ധതി.

ആദ്യ ഘട്ടത്തിൽ രാജസ്ഥാനിൽ വിധിയെഴുതിയ 12 ലോക്സഭാ മണ്ഡലങ്ങളിലും വോട്ടിങ് ശതമാനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതും ബി ജെ പിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. രാജസ്ഥാനിലെ ബാക്കി 13 മണ്ഡലങ്ങളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ചയാണ്. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് മെയ് ഏഴിനും.

അതായത്, മേൽക്കൈയുണ്ടെന്ന് ബി.ജെ.പി അവകാശപ്പെടുന്ന ഈ സംസ്ഥാനങ്ങളിലെ നിരവധി മണ്ഡലങ്ങളിൽ, അവർക്ക് വോട്ട് ചെയ്തിരുന്ന വലിയ സമുദായം- അവർ തന്നെ അവകാശപ്പെടുന്ന പ്രകാരം രാജ്യത്ത് 24 കോടിയോളം രാജ്പുത്രരുണ്ട്- പുറംതിരിഞ്ഞുനിൽക്കുന്നത് ബി ജെ പിയെ അങ്കാലപ്പിലാക്കുന്നുണ്ട്.
2019- ൽ എൻ.ഡി.എ എതിരില്ലാതെ മുന്നേറിയ പല സംസ്ഥാനങ്ങളിലും ഇത്തവണ കടുത്ത മത്സരം നടക്കുന്നുണ്ട്. ഈ പ്രതിസന്ധി മറികടക്കാനാണ് ​ഒടുവില​ത്തെ അടവായ വർഗീയ കാർഡുമായി മോദിയും പാർട്ടിയും അവതരിച്ചിരിക്കുന്നത്.

സൂറത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ എതിരില്ലാതെ വിജയിച്ച ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാൽ

തെരഞ്ഞെടുപ്പിനെതന്നെ അട്ടിമറിക്കാൻ ബി.ജെ.പി ഏതറ്റംവരെയും പോകും എന്നതിന്റെ സൂചനയാണ് സൂറത്തിൽ സംഭവിച്ചത്. സൂറത്തിൽ ‘എതിരില്ലാതെ’ വിരിഞ്ഞ താമരയെ കുറിച്ച് അധികം ചർച്ചയുണ്ടായില്ല. പകരം, വോട്ടെടുപ്പിന് മുന്നേ ബി ജെ പിക്ക് ഒരു എം.പിയെ കിട്ടി എന്ന ആഘോഷമാണ് നടന്നത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആദ്യ ജയം ബി ജെ പിക്ക് എന്ന തലക്കെട്ടിലാണ് ആ വാർത്ത പുറത്തുവന്നത്. എന്നാൽ, അതൊരു സ്വഭാവിക തെരഞ്ഞെടുപ്പായിരുന്നില്ല. കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാനിയുടെ പത്രിക തള്ളിയതോടെ ബി ജെ പി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നില്ല സൂറത്തിൽ. എതിരാളികളെ മത്സരരംഗത്തുനിന്ന് ഇല്ലാതാക്കി വോട്ടെടുപ്പില്ലാതെ തെരഞ്ഞെടുപ്പ് ജയിക്കുന്ന സൂറത്ത് മോഡലിന്റെ നടത്തിപ്പുകാരൻ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെയായിരുന്നു. പണവും ഭരണസ്വാധീനവും കൊണ്ട് ബി ജെ പി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്ന് ആരോപിക്കുന്ന കോൺഗ്രസ് നേതൃത്വം അതുവരെ എവിടെയായിരുന്നു എന്ന ചോദ്യം സൂറത്തിലും ഉയരുന്നുണ്ട്. സൂറത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്. അതിനിർണായകമായ ഒരു തെരഞ്ഞെടുപ്പിനെ ഇത്രയും അലസമായി കണ്ട കോൺഗ്രസും സൂറത്തിൽ പ്രതിക്കൂട്ടിലാണ്. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഉന്നയിച്ച മാച്ച് ഫിക്സിംഗ് ആരോപണത്തിൽ, അതേ പാർട്ടിയുടെ സ്ഥാനാർത്ഥി മുഖ്യ നടത്തിപ്പുകാരാകുന്ന കാഴ്ച ഒരു ട്രോൾ മെറ്റീരിയിൽഅല്ല. ജനാധിപത്യ അട്ടിമറിയുടെ ആഘോഷമാണത്.

സൂറത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന നിലേഷ് കുംബാനി

എതിരില്ലാതെ ജയിക്കാനുള്ള ശ്രമം സൂറത്തിൽ മാത്രമല്ല, മധ്യപ്രദേശിലെ ഖജുരാഹോ മണ്ഡലത്തിലും നടന്നു. ‘ഇന്ത്യ’ സഖ്യത്തിലെ എസ്.പി സ്ഥാനാർത്ഥി മീര യാദവിന്റെ നാമനിർദ്ദേശ പത്രിക തള്ളി. ഒരിടത്ത് ഒപ്പിട്ടില്ല എന്നായിരുന്നു കാരണം. എന്നാൽ അവിടെ മത്സര രംഗത്തുണ്ടായിരുന്ന ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് സ്ഥാനാർത്ഥിയ്ക്ക് ‘ഇന്ത്യ’ സഖ്യം പിന്തുണ കൊടുത്ത് ആ ശ്രമം പരാജയപ്പെടുത്തി. ഫോർവേഡ് ബ്ലോക്കിന്റെ ആർ.ബി. പ്രജാപതിയാണ് നിലവിൽ ‘ഇന്ത്യ’ സഖ്യം സ്ഥാനാർത്ഥി. എന്നാൽ പത്രിക പിൻവലിക്കാൻ സമ്മർദം ചെലുത്തുകയാണെന്ന് ആരോപിച്ച് പ്രജാപതി മാധ്യമങ്ങളെ കണ്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയും നൽകി. കലക്ടർ (റിട്ടേണിംഗ് ഓഫീസർ) ബി ജെ പി പ്രവർത്തകനെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും ശേഷിക്കുന്ന സ്ഥാനാർത്ഥികൾ സമ്മർദ്ദത്തിലാണെന്നുമായിരുന്നു പട്വാരിയുടെ ആരോപണം.

ബി ജെ പിയുടെയും മോദിയുടെയും പ്രതിസന്ധികൾ മറികടക്കാൻ ഇനിയും സൂറത്ത് മോഡലുകൾ പരീക്ഷിക്കപ്പെട്ടേക്കാം.

Comments