ധ്രുവ് റാഠി

ധ്രുവ് റാഠി എന്ന മെയിൻസ്ട്രീം

ഇന്ത്യയിലെ മെയിൻസ്ട്രീം മീഡിയയും പ്രതിപക്ഷവും ചെയ്യേണ്ട രാഷ്ട്രീയ ഇടപെടലാണ് ഒരു യൂട്യൂബർ ഏറ്റെടുത്ത് നടത്തിയിരിക്കുന്നത്.

നരേന്ദ്ര മോദിയെ ഏകാധിപതിയെന്ന് പലരും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ പലപ്പോഴും അതൊരു രാഷ്ട്രീയ പ്രയോഗമായി കണ്ട്, ഗൗരവം ഉൾക്കൊള്ളാതെ അവഗണിക്കപ്പെടുകയാണ് പതിവ്. എന്നാൽ മോദി എന്തുകൊണ്ട് ഏകാധിപതിയാവുന്നു എന്ന് കൃത്യമായി വിശദീകരിച്ച് അക്ഷരാർഥത്തിൽ കോടിക്കണക്കിന് ജനങ്ങളിലേക്ക് അതെത്തിച്ച് ഒരു ട്രെൻഡിംഗ് ടോപിക് ആക്കി മാറ്റുക എന്നത് ധ്രുവ് റാഠിക്ക് മാത്രം സാധിച്ച കാര്യമാണ്.

2024 ഫെബ്രുവരി 22-നാണ് യൂട്യൂബറായ ധ്രുവ് റാഠി 'ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ?' എന്ന ടൈറ്റിലിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്. പിറ്റേന്നുമുതൽ തുടർച്ചയായ അഞ്ചു ദിവസമാണ് #DhruvRathee എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗ് ആയി തുടർന്നത്. ഇതിനകം രണ്ട് കോടിക്കുമേൽ ആളുകൾ ധ്രുവ് റാഠിയുടെ വീഡിയോ കണ്ടുകഴിഞ്ഞിരുന്നു.

Is India becoming a DICTATORSHIP? / Watch Video Here

ഇന്ത്യയിലെ വിവിധ ഭരണമേഖലകളിൽ നടന്നുകൊണ്ടിരിക്കുന്ന അസാധാരണ സംഭവങ്ങൾ ക്രോഡീകരിച്ചാണ് ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുന്നു എന്ന് ധ്രുവ് റാഠി സമർഥിക്കുന്നത്. തിരഞ്ഞെടുപ്പുകളിലെ അട്ടിമറിസാധ്യത, അസം നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി നേതാവിന്റെ കാറിൽ നിന്ന് ഇ.വി.എം കണ്ടെടുത്ത സംഭവം, 19 ലക്ഷം വോട്ടിംഗ് മെഷീൻ കാണാതായ സംഭവം തുടങ്ങിയ കാര്യങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് കമീഷൻ സുതാര്യമായല്ല പ്രവർത്തിക്കുന്നതെന്നും മോദിയുടെ സഖ്യകക്ഷിയായാണ് അവർ പ്രവർത്തിക്കുന്നതെന്നും ഉദാഹരണസഹിതം ധ്രുവ് ആരോപിക്കുന്നു.

വ്ലാദ്മിർ പുടിന്റെ റഷ്യക്കും കിം ജോങ്ങ് ഉന്നിന്റെ ഉത്തര കൊറിയക്കും സമാനമായ അന്തരീക്ഷത്തിലേക്കാണ് ഇന്ത്യ പോവുന്നതെന്നും ധ്രുവ് പറയുന്നു. പുതിയ ഇന്ത്യയില്‍ ഇതൊരു ചെറിയ കാര്യമല്ല. യൂട്യൂബിൽ ധ്രുവ് റാഠിയുടെ വീഡിയോക്ക് രണ്ട് കോടി വ്യൂസ് എന്ന എണ്ണത്തേക്കാള്‍ വലിയ ഇംപാക്ട് ഈ വീഡിയോ ഉണ്ടാക്കിയിട്ടുണ്ട്. വീഡിയോക്ക് പുറമെ ഈ വീഡിയോയുടെ കട്ട് ചെയ്ത് പ്രചരിപ്പിക്കപ്പെടുന്ന ഭാഗങ്ങളിലൂടെയും വീഡിയോയെ അധികരിച്ച് എഴുതപ്പെട്ട വാർത്തകളിലൂടെയും ലേഖനങ്ങളിലൂടെയും വീണ്ടും കോടിക്കണക്കിന് ജനങ്ങളിലേക്ക് ധ്രുവ് പറയാനുദ്ദേശിച്ച ആശയം എത്തുന്നു.

വ്ലാദ്മിർ പുടിന്റെ റഷ്യക്കും കിം ജോങ്ങ് ഉന്നിന്റെ ഉത്തര കൊറിയക്കും സമാനമായ അന്തരീക്ഷത്തിലേക്കാണ് ഇന്ത്യ പോവുന്നതെന്നും ധ്രുവ് പറയുന്നു.

അതിനുശേഷം ദേശീയ തലത്തിലുണ്ടാുന്ന ഓരോ സംഭവത്തെയും വീഡിയോയുടെ ആശയവുമായി ആളുകൾക്ക് കണക്ട് ചെയ്യാനാവുന്നുണ്ട്. ഉദാഹരണത്തിന് വീഡിയോയ്ക്ക് താഴെ 'അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനുശേഷം വീഡിയോ കാണുന്നവർ ആരൊക്കെയുണ്ട്?' എന്ന കമൻറിന് കിട്ടിയ ലൈക്കുകൾ പതിനായിരത്തിന് മുകളിലാണ്.

സംഘപരിവാർ കേന്ദ്രങ്ങളെ ഈ യുവ യൂട്യൂബർ എത്രത്തോളം ഉലച്ചിട്ടുണ്ട് എന്നത് തുടർന്നുള്ള ദിവസങ്ങളിൽ ധ്രുവിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽനിന്ന് വ്യക്തമാണ്. ധ്രുവ് റാഠിക്കെതിരെ നിരവധി റൈറ്റ് വിംഗ് വീഡിയോകൾ തുടർദിവസങ്ങളിൽ വന്നു. ട്വിറ്ററിൽ ധ്രുവ് റാഠിക്കെതി ഹാഷ്ടാഗ് ആരംഭിച്ച് കാമ്പയിൻ തുടങ്ങി. സംഘപരിവാറിന് ഇത്ര തലവേദന സൃഷ്ടിക്കുന്ന യൂട്യൂബർ വേറെയില്ല.

ഹിന്ദിയിൽ ധ്രുവ് സംസാരിക്കുന്നത് സാധാരണക്കാർ ഉൾപ്പെടുന്ന വലിയ ഓഡിയൻസിനോടാണ്.

മാസ് ഓഡിയൻസിനെയാണ് ധ്രുവ് റാഠി ലക്ഷ്യമിടുന്നത്. മുഹമ്മദ് സുബൈർ, ഹിന്ദുത്വ വാച്ച് തുടങ്ങിയ ഹാൻഡിലുകൾ ട്വിറ്ററിലാണ് സജീവം. ഉപയോഗിക്കുന്ന ഭാഷ ഇംഗ്ലിഷും. അവരെ വായിക്കുന്ന ഓഡിയൻസിലേക്കല്ല ധ്രുവ് റാഠി എത്തുന്നത്. ഹിന്ദിയിൽ ധ്രുവ് സംസാരിക്കുന്നത് സാധാരണക്കാർ ഉൾപ്പെടുന്ന വലിയ ഓഡിയൻസിനോടാണ്. ‌വീഡിയോ ഫോർമാറ്റിൽ സംവദിക്കുന്നു എന്നത് സാധാരണക്കാരിലേക്ക് കൂടുതൽ പ്രചരിക്കാൻ ധ്രുവ് റാഠിയെ സഹായിക്കുന്നു.

ധ്രുവ് റാഠി

ദി കേരള സ്റ്റോറി എന്ന പ്രൊപ്പഗാന്റ സിനിമയിലെ വസ്തുതാവിരുദ്ധതയും വിദ്വേഷപ്രചാരണവും പൊളിച്ചുകാട്ടി ധ്രുവ് റാഠി പ്രസിദ്ധീകരിച്ച വീഡിയോ ഹിന്ദിയിലായിരുന്നിട്ടു കൂടി കേരളത്തിലടക്കം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു.

‌കേരളത്തിൽ വ്യാപകമായി 'ലൗ ജിഹാദ്' നടത്തുന്നു എന്ന സംഘപരിവാർ പ്രചാരണത്തിനുള്ള മെറ്റീരിയലായിരുന്നു കേരള സ്റ്റോറി. കാസർഗോഡുള്ള നഴ്സിംഗ് കോളേജിലേക്ക് എത്തുന്ന മൂന്ന് പെൺകുട്ടികളെ ഒരു സംഘം ബ്രയിൻവാഷ് ചെയ്യുന്നതും, പ്രണയം നടിച്ച് വലയിലാക്കി മതപരിവർത്തനം ചെയ്യുന്നതും, അഫ്ഗാനിലേക്കും അവിടുന്ന് സിറിയയിലേക്കും കടത്തുന്നതുമാണ് സിനിമയുടെ കഥ.
ചിത്രം റിലീസ് ചെയ്തതിനെ തുടർന്ന് ദേശീയ മാധ്യമങ്ങൾ വളരെ രൂക്ഷമായതും വസ്തുതാ വിരുദ്ധവുമായ പ്രചാരണങ്ങളാണ് കേരളത്തിനെതിരെ നടത്തിയത്. എ ബി പി ന്യൂസും ടൈംസ് നൗവും തുടരെ തുടരെ സ്പെഷ്യൽ സ്റ്റോറികൾ സംപ്രേക്ഷണം ചെയ്തു. മതം മാറിയ പെൺകുട്ടികളെ 'ലൗ ജിഹാദിന്റെ' ഇരകൾ എന്ന രീതിയിൽ ഇന്റർവ്യൂ ചെയ്ത് അവതരിപ്പിച്ചു. 32,000 പെൺകുട്ടികളെ ഐ.എസിലേക്ക് കടത്തിക്കൊണ്ടുപോയി എന്ന സിനിമയിലെ വാദം പലതവണ ഈ ചാനലുകൾ അതേ പോലെ ക്വോട്ട് ചെയ്തു.

ദി കേരള സ്റ്റോറി എന്ന പ്രൊപ്പഗാന്റ സിനിമയിലെ വസ്തുതാവിരുദ്ധതയും വിദ്വേഷപ്രചാരണവും പൊളിച്ചുകാട്ടി ധ്രുവ് രഠി പ്രസിദ്ധീകരിച്ച വീഡിയോ ഹിന്ദിയിലായിരുന്നിട്ടു കൂടി കേരളത്തിലടക്കം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. The Kerala Story | True or Fake? / Watch Video Here

സിനിമയുടെ വാദങ്ങളെ പൊളിച്ച് ധ്രുവ് റാഠി പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 1.8 കോടി തവണ കണ്ടു. അതിന്റെ തന്നെ ചെറു ക്ലിപ്പുകളും റീലുകളും അതിലധികം പേർ കണ്ടിട്ടുണ്ടാവണം. 22 മിനിറ്റുള്ള വീഡിയോയിൽ കേരള സ്റ്റോറിയിലെ ഓരോ ആരോപണങ്ങളും ഓരോ നുണകളും പ്രത്യേകം പ്രത്യേകമായെടുത്ത് പൊളിക്കുന്നുണ്ട്. കേരളത്തിന്റെ സാമുദായിക സൗഹാർദ്ദത്തെക്കുറിച്ചും സമാധാനാന്തരീക്ഷത്തെക്കുറിച്ചും ധ്രുവ് വീഡിയോയിൽ വിശദീകരിക്കുന്നു. വിഷയത്തിൽ ഫോളോഅപ് ആയി ധ്രുവ് പോസ്റ്റ് ചെയ്ത വീഡിയോകൾക്കും ഒരു കോടിക്ക് മുകളിൽ കാഴ്ചക്കാരുണ്ട്. ഇന്ത്യയിലെ മെയിൻസ്ട്രീം മീഡിയയും പ്രതിപക്ഷവും ചെയ്യേണ്ട രാഷ്ട്രീയ ഇടപെടലാണ് ഒരു യൂട്യൂബർ ഏറ്റെടുത്ത് നടത്തിയിരിക്കുന്നത്.

രാജ്യത്തെ മുഖ്യധാര മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങിയും പ്രതിപക്ഷ കേന്ദ്രങ്ങളെയെല്ലാം ഭയപ്പെടുത്തിയും നിഷ്ക്രിയരാക്കിയും ബി.ജെ.പി. സര്‍ക്കാര്‍ അതിന്റെ എല്ലാ ജനാധിപത്യ വിരുദ്ധതയും ഭരണകൂട ഭീകരതയും പുറത്തെടുക്കുമ്പോള്‍ പ്രതിരോധത്തിന്റെ ഇത്തരം ഒറ്റപ്പെട്ട ശബ്ദങ്ങളാണ് യഥാര്‍ഥ പ്രതിപക്ഷമാവുന്നത്.

‌കേരളത്തിൽ വ്യാപകമായി 'ലൗ ജിഹാദ്' നടത്തുന്നു എന്ന സംഘപരിവാർ പ്രചാരണത്തിനുള്ള മെറ്റീരിയലായിരുന്നു കേരള സ്റ്റോറി.

കാര്യങ്ങൾ ഏറ്റവും സാധാരണക്കാർക്കുപോലും മനസിലാവുന്ന തരത്തിൽ വിശദീകരിക്കുക എന്നതിലാണ് ധ്രുവ് വിജയിക്കുന്നത്. ഏറ്റവും പുതുതായി വന്ന ‘Electoral Bond, India’s biggest Scam’ എന്ന വീഡിയോ കണ്ടാൽ ധ്രുവ് റാഠിയുടെ സ്റ്റൈൽ മനസിലാക്കാം. ഒരു വലിയ സ്കാമിനെക്കുറിച്ച് പറയുമ്പോൾ സാധാരണ അവതാരകർ പുറത്തെടുക്കാറുള്ള ക്ഷോഭമോ എക്സാജറേഷനോ ഇല്ലാതെ ശാന്തമായി വിശദീകരണത്തിൽ മാത്രം ശ്രദ്ധിച്ചുള്ള അവതരണമാണ് ധ്രുവ് റാഠിയുടേത്. ലഡാക്കിലെ നിരാഹാര സമരം, കർഷക പ്രക്ഷോഭം തുടങ്ങി സാധാരണ വലിയ റീച്ചിന് സാധ്യതയില്ലാത്ത വിഷയങ്ങളിൽ പോലും ധ്രുവ് റാഠിയുടെ വീഡിയോ ഹിറ്റാവാനുള്ള കാരണത്തിൽ ഈ അവതരണവും പ്രധാന പങ്കു വഹിക്കുന്നുണ്ട്.

ബി.ജെ.പിയെ തുറന്നുകാണിക്കുന്ന വീഡിയോകളാണ് കൂടുതലെങ്കിലും കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റുകളെയും വിമർശക്കുന്ന ഉള്ളടക്കങ്ങളും ധ്രുവ് റാഠിയുടെ യൂട്യൂബ് ചാനലിൽ കാണാം.

ട്രാവൽ വ്ലോഗായിട്ടാണ് ധ്രുവ് റാഠി തന്റെ ചാനൽ ആരംഭിച്ചത്. പിന്നീട് ഫാക്ട് ചെക്കിംഗിലേക്കും എക്സ്പ്ലൈനർ വീഡിയോകളിലേക്കും തിരിഞ്ഞു. 2014 ഒക്ടോബറിലാണ് ധ്രുവ് ആദ്യ പൊളിറ്റിക്കൽ വീഡിയോ അപ് ലോഡ് ചെയ്യുന്നത്, BJP Exposed: Lies Behind The Bullshit എന്ന ടൈറ്റിലിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പിനുമുമ്പ് പറഞ്ഞ കാര്യങ്ങളും ശേഷം അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നതുമായ വിഷ്വൽസ് കലർത്തിയുള്ള ഒരു മ്യൂസിക്കിൽ വീഡിയോ ആയിരുന്നു അത്.

പിന്നീട് ബി.ജെ.പി. ഐ.ടി. സെല്ലിന്റെ പ്രചാരണങ്ങളെയും രാഷ്ട്രീയ പാർട്ടികളുടെ നിലപാടില്ലായ്മയെയും പൊളിച്ചുകാണിച്ച് തുടരെ വീഡിയോകൾ പോസ്റ്റു ചെയ്തു. ബി.ജെ.പിയെ തുറന്നുകാണിക്കുന്ന വീഡിയോകളാണ് കൂടുതലെങ്കിലും കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റുകളെയും വിമർശക്കുന്ന ഉള്ളടക്കങ്ങളും ധ്രുവ് റാഠിയുടെ യൂട്യൂബ് ചാനലിൽ കാണാം.

ബി.ജെ.പി. എം.പി. വിജയ് ഗോയലുമായി ട്വിറ്ററിൽ നടത്തിയ വാഗ്വാദം ധ്രുവ് റാഠിയെ ഐ.ടി. സെല്ലിന്റെ പ്രധാന ടാർഗറ്റുകളിലൊരാളാക്കി.

ബി.ജെ.പി. ഐ.ടി. സെല്ലിൽ നിന്ന് പുറത്തുവന്ന മഹാവീർ പ്രസാദുമായുള്ള ഇന്റർവ്യൂ ആണ് ധ്രുവ് രഠിക്ക് വലിയൊരു പോപ്പുലാരിറ്റി കൊടുത്തത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഐ.ടി. സെൽ എങ്ങനെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന എന്ന് മഹാവീർ പ്രസാദ് വിശദീകരിക്കുന്ന വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് പത്ത് ലക്ഷത്തിലധികം പേർ കണ്ടു. അതിനിടെ ബി.ജെ.പി. എം.പി. വിജയ് ഗോയലുമായി ട്വിറ്ററിൽ നടത്തിയ വാഗ്വാദവും ധ്രുവ് റാഠിയെ ഐ.ടി. സെല്ലിന്റെ പ്രധാന ടാർഗറ്റുകളിലൊരാളാക്കി.

ആഴ്ചയിൽ ഒന്നോ രണ്ടോ വീഡിയോ മാത്രം പോസ്റ്റ് ചെയ്യുന്ന ധ്രുവ് റാഠി എട്ടു വർഷംകൊണ്ട് എൻ.ഡി.ടി.വി, ഇന്ത്യാ ടുഡേ ഉൾപ്പടെയുള്ള മെയിൻ സ്ട്രീം മീഡിയകളുടെ യൂട്യൂബ് ചാനലിനേക്കാൾ ഫോളോവേഴ്സിനെ സമ്പാദിച്ചിട്ടുണ്ട്. ടൈം മാഗസിൻ ‘Next Generation Leaders’ പട്ടികയിൽ ഇടം പിടിച്ച് ധ്രുവിന് നിലവിൽ 16.6 മില്ല്യൺ സബ്സ്ക്രൈബേഴ്സുണ്ട്.

Comments