സ്വതന്ത്രമായ തെരഞ്ഞെടുപ്പ് കമീഷൻ
ഒരു ഭരണഘടനാഭാവന മാത്രമാകുമോ?

മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറെയും മറ്റ് കമീഷണർമാരെയും തിരഞ്ഞെടുക്കുന്ന സെലക്ഷൻ പാനലിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി ബി ജെ പി സർക്കാർ പാസാക്കിയെടുത്ത പുതിയ നിയമത്തിനെതിരെ സുപ്രീംകോടയിൽ അഭിഭാഷകർ ഹർജി നൽകിയിരിക്കുകയാണ്. നിഷ്പക്ഷവും സ്വതന്തവുമായ സെലക്ഷൻ കമ്മിറ്റി എന്ന സംവിധാനം പുതിയ നിയമത്തോടെ ഇല്ലാതാകുമെന്നാണ് ഹർജികളി​ലെ ആശങ്ക. പുതിയ നിയമം വന്ന വഴി പരിശോധിച്ചാൽ ഈ ആശങ്കക്ക് അടിസ്ഥാനമുണ്ടെന്നു കാണാം.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ജനങ്ങളെ ‘പ്രാകൃത സമൂഹം’ എന്നു വിശേഷിപ്പിച്ച ബ്രിട്ടീഷുകാർക്കുള്ള മറുപടിയായിരുന്നു 1951 - ലെ ആദ്യ പൊതു തിരഞ്ഞെടുപ്പ്. ഒന്നാം ലോക രാജ്യങ്ങൾക്കുമാത്രം സാധിക്കുന്ന ഒന്നാണ് ജനാധിപത്യം എന്ന പാശ്ചാത്യ ലോകത്തിൻ്റെ മുൻവിധികളെ തച്ചുടച്ച് ഇന്ത്യൻ ജനത വരിവരിയായിനിന്ന് തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തിയ ചരിത്ര മുഹൂർത്തം. അന്നുമുതൽ ഇന്നുവരെ ഇന്ത്യയെ പോലെ ഒരു വലിയ ജനസമൂഹത്തിൻ്റെ ജനാധിപത്യ അവകാശമായ ഇലക്ഷൻ പ്രക്രിയയുടെ അതി സങ്കീർണമായ സാങ്കേതിക വശങ്ങൾക്കും, കാര്യക്ഷമമായ നടത്തിപ്പിനും മേൽനോട്ടം വഹിച്ചു പോരുന്നത് തിരഞ്ഞെടുപ്പ് കമീഷൻ എന്ന ഭരണഘടനാസ്ഥാപനവും അതിൻ്റെ തലപ്പത്തുള്ള മുഖ്യ ഇലക്ഷൻ കമീഷണറും മറ്റ് ഇലക്ഷൻ കമീഷണർമാരുമാണ്. അതുകൊണ്ടുതന്നെ ഈ ഉദ്യോഗസ്ഥ സ്ഥാനങ്ങൾ വഹിക്കുന്നവർ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വഴങ്ങാതെ തികച്ചും നിഷ്പക്ഷരായിരിക്കണം എന്നത് നിർബന്ധമാണ്. മാത്രമല്ല ഇവരെ തിരഞ്ഞെടുക്കുന്ന രീതിയും പക്ഷപാതപരമല്ലാത്ത ഒന്നായിരിക്കണം.

എന്നാൽ ഈ നിർബന്ധങ്ങളെയും, മൂല്യങ്ങളെയും കാറ്റിൽ പറത്തി, മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറെയും മറ്റ് കമീഷണർമാരെയും തിരഞ്ഞെടുക്കുന്ന സെലക്ഷൻ പാനലിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി ബി ജെ പി സർക്കാർ കൊണ്ടുവന്ന ബിൽ- The Chief Election Commissioner and Other Election Commissioners (Appointment, Conditions of Service and Term of Office) Bill, 2023- രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമീഷൻ എന്ന സ്ഥാപനത്തിൻ്റെ സകല വിശ്വാസ്യതയെയും ഇല്ലാതാക്കുന്ന ഈ നിയമനിർമാണത്തെക്കുറിച്ച് പതിവുപോലെ മുഖ്യധാരാ ദേശീയ മാധ്യമങ്ങൾ അറിഞ്ഞ ഭാവം നടിക്കുന്നില്ല, ഒരുതരം രോഷപ്രകടനവുമില്ല.

അതിനിടെ, പുതിയ നിയമത്തിനെതിരെ സുപ്രീംകോടതിയിൽ രണ്ട് ഹർജികൾ സമർപ്പിച്ചിട്ടുണ്ട്. നിയമം പ്രാബല്യത്തിലാക്കി ഡിസംബർ 28ന് രാഷ്ട്രപതി പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹർജികളിലെ ആവശ്യം. മുഖ്യ കമീഷണറെയും കമീഷണർമാരെയും തെരഞ്ഞെടുക്കുന്ന മൂന്നംഗ സമിതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ വീണ്ടും അംഗമാക്കണം എന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.

ഇലക്ഷൻ കമീഷൻ ബിൽ അവതരിപ്പിച്ച് നിയമവകുപ്പ് സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ പാർലമെന്റിൽ സംസാരിക്കുന്നു

പുതിയ നിയമത്തിലെ 7,8 സെക്ഷനുകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജയ താക്കൂറാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ഇലക്ഷൻ കമീഷണറെ നിയമിക്കുന്നതിൽ നിഷ്പക്ഷവും സ്വതന്തവുമായ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പുസംവിധാനം നടപ്പാക്കണമെന്ന് അഭിഭാഷകൻ സഞ്ജീവ് മൽഹോത്രയും അഞ്ജലെ പട്ടേലും ഹർജിയിൽ ആവശ്യപ്പെടുന്നു.

സുപ്രീംകോടതി പറഞ്ഞത്

1950 - ൽ സ്ഥാപിതമായ തിരഞ്ഞെടുപ്പു കമീഷന് തുടക്കത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ മാത്രമാണ് ഉണ്ടായിരുന്നത്. 1990- കളുടെ തുടക്കത്തിലാണ് ഒരു നിയമഭേഗതിയിലൂടെ ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറും രണ്ട് തിരഞ്ഞെടുപ്പ് കമീഷണർമാരും അടങ്ങുന്ന സംവിധാനം രൂപം കൊള്ളുന്നത്. തിരഞ്ഞെടുപ്പ് കമീഷനെ കുറിച്ച് പറയുന്ന 324 -ാം ഭരണഘടനാ അനുച്ഛേദം തിരഞ്ഞെടുപ്പ് കമീഷണർമാരെ കുറിച്ചും മേൽപറഞ്ഞ രീതിയിലുള്ള അവരുടെ ഘടനയെ കുറിച്ചും ഒക്കെ സൂചിപ്പിക്കുമ്പോൾ അവരെ തിരഞ്ഞെടുക്കുന്ന രീതി പാർലിമെൻ്ററി നിയമനിർമ്മാണത്തിന് വിട്ടു കൊടുത്തിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ വർഷങ്ങളായി രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെയും കേന്ദ്ര മന്ത്രിസഭയുടെയും നിർദേശപ്രകാരമാണ് തിരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിച്ചു പോന്നിരുന്നത്.

ജസ്റ്റിസ് കെ. എം. ജോസഫ്

എന്നാൽ 2015 - ൽ അനൂപ് ബറൻവാൽ, തിരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സംവിധാനം ഭരണഘടനാവിരുദ്ധമാണ് എന്ന് കാണിച്ച് സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി നൽകി. 2023 മാർച്ചിൽ ജസ്റ്റിസ് കെ. എം. ജോസഫ് അടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച്, തിരഞ്ഞെടുപ്പ് കമീഷണർമാരെ തിരഞ്ഞെടുക്കുന്നതിന്മേൽ ഒരു പാർലിമെൻ്ററി നിയമനിർമാണമുണ്ടാകുന്നതുവരെ പ്രധാനമന്ത്രിയും, പ്രതിപക്ഷ നേതാവോ അല്ലെങ്കിൽ ലോകസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവും, സുപ്രീം കോടതി ചീഫ് ജസ്റ്റിസും അടങ്ങുന്ന ഒരു കമ്മിറ്റി വേണം കമീഷണർമാരെ തിരഞ്ഞെടുക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് എന്ന് തീർപ്പ് കൽപ്പിക്കുകയായിരുന്നു.

പ്രതിപക്ഷം പുറത്താക്കപ്പെട്ട സഭ

ഈ വിധി വന്ന് അഞ്ചു മാസങ്ങൾക്കു ശേഷം ഓഗസ്റ്റിൽ കൂടിയ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ Chief Election Commissioner and Other Election Commissioners (Appointment, Conditions of Service And Term of Office) Bill, 2023 രാജ്യസഭയിൽ അവതരിച്ചു. ചെറിയ മാറ്റങ്ങൾക്കുശേഷം വീണ്ടും ഡിസംബറിൽ കൂടിയ ശീതകാല സമ്മേളനത്തിൽ വീണ്ടും ഇത് അവതരിപ്പിച്ചു. പ്രത്യേകിച്ച് അത്ഭുതങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല. സി. എ. ജി. നിയമനത്തിനുസമാനമായ രാഷ്ട്രീയ കൈകടത്തലുകൾ അതേ അളവിൽ ഒരു ബില്ലിന്റെ രൂപത്തിൽ അവതരിച്ചു എന്നുമാത്രം. മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറെയും, മറ്റ് കമീഷണർമാരെയും തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ നിന്ന് സുപ്രീംകോടതി നിർദേശത്തിന് വിപരീതമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി. പുതിയ നിയമത്തിൽ പറയുന്ന സെലക്ഷൻ കമ്മിറ്റിയിൽ പ്രധാനമന്ത്രിയും, പ്രതിപക്ഷ നേതാവോ അല്ലെങ്കിൽ ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവും, ഒരു ക്യാബിനറ്റ് മന്ത്രിയുമാണുള്ളത്. ഇതോടെ ഭരണപക്ഷ മേൽക്കൈയുള്ള കമ്മിറ്റിയിൽ മിക്കവാറും തീരുമാനങ്ങൾ 2-1 എന്ന രീതിയിൽ ഭരണപക്ഷത്തിന് അനുകൂലമാകും.

കൂടാതെ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള കാലയളവിൽ, ലോക്സഭ പിരിച്ചുവിടുന്ന സാഹചര്യത്തിൽ ഈ കമ്മിറ്റി ഭരണപക്ഷ കക്ഷികൾ മാത്രം അടങ്ങുന്ന സംവിധാനമായി മാറുന്നു. മാത്രമല്ല, കേന്ദ്ര നിയമമന്ത്രി നേതൃത്വം നൽകുന്ന സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന അഞ്ച് പേരുകൾക്കുപുറമേ, മറ്റാരെ വേണമെങ്കിലും പരിഗണിക്കാനുള്ള സ്വാതന്ത്ര്യവും ബില്ല് നൽകുന്നുണ്ട്. ജനാധിപത്യ പ്രക്രിയക്ക് മേൽനോട്ടം വഹിക്കുന്ന ഒരു പ്രധാന ഉദ്യോഗസ്ഥ തിരഞ്ഞെടുപ്പിനെ വെറും പാർട്ടി ഉപാധ്യക്ഷനെ തിരഞ്ഞെടുക്കുന്ന നിലവാരത്തിലേക്ക് കൊണ്ടു പോയിരിക്കുകയാണ് ബിജെപി സർക്കാർ.

പ്രതിപക്ഷം ഇറങ്ങിപ്പോയതിനുപുറകേ രാജ്യസഭയിലും, 97 അംഗങ്ങളുടെ സസ്പെൻഷൻ മൂലം ഏതാണ്ട് ശൂന്യമായ പ്രതിപക്ഷനിരയുള്ള ലോക്സഭയിലും ബി ജെ പി അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ബില്ലിന്മേൽ ‘ചർച്ച’. രണ്ട് മണിക്കൂർ സ്തുതിഗീതങ്ങൾക്കും, മൂന്ന് പ്രതിപക്ഷ എം.പിമാരുടെ സസ്പെൻഷനും ശേഷം ബിൽ പാസാക്കി രാഷ്ട്രപതിക്ക് അയച്ചു.

ബി ജെ പി എം.പിയുടെ പാസിൽ പാർലമെന്റിലെത്തിയ യുവാക്കൾ പുക സ്പ്രേയും മറ്റുമായി വന്ന് അക്രമാന്തരീക്ഷം സൃഷ്ടിക്കുന്നു, അതിനോടനുബന്ധിച്ച് നടന്ന പ്രതിഷേധങ്ങളിൽ പ്രതിപക്ഷത്തെ ഒന്നാകെ ഇരുസഭകളിൽ നിന്നും പുറത്താക്കുന്നു. പ്രതിപക്ഷശബ്ദം നിരോധിക്കപ്പെട്ട ഒരു സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ ബിൽ അടക്കം നിരവധി സുപ്രധാന ബില്ലുകൾ പാസാക്കുന്നത്.

ഈ ബിൽ പാസാക്കിയെടുക്കുന്ന സമയവും സന്ദർഭവും പരിശോധിക്കേണ്ട ഒന്നാണ്. ബി ജെ പി എംപിയുടെ പാസിൻ്റെ പുറത്ത് പാർലമെന്റിലെത്തിയ യുവാക്കൾ പുക സ്പ്രേയും മറ്റുമായി വന്ന് അക്രമാന്തരീക്ഷം സൃഷ്ടിക്കുന്നു, അതിനോടനുബന്ധിച്ച് നടന്ന പ്രതിഷേധങ്ങളിൽ പ്രതിപക്ഷത്തെ ഒന്നാകെ ഇരുസഭകളിൽ നിന്നും പുറത്താക്കുന്നു. അങ്ങനെ പ്രതിപക്ഷശബ്ദം നിരോധിക്കപ്പെട്ട ഒരു സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ ബിൽ അടക്കം നിരവധി സുപ്രധാന ബില്ലുകൾ പാസാക്കുന്നത്. സഭയുടെ പുറത്തെ ഒച്ചപ്പാടുകൾ ശമിപ്പിക്കാൻ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം, അതിലേക്കുള്ള ക്ഷണം എന്നിവ ചർച്ചയിലേക്ക് കൊണ്ടുവരുന്നു.

കമീഷന്റെ ഇടപെടലുകൾ

നിഷ്പക്ഷവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നതിനുള്ള സ്വയംരണ സ്ഥാപനമായാണ് തിരഞ്ഞെടുപ്പ് കമീഷനെ ഭരണഘടന നിർവചിച്ചിരിക്കുന്നത്. ലോക്‌സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകൾ, കൗൺസിലുകൾ, രാഷ്ട്രപതിയുടെ ഓഫീസുകൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകളുടെ മേൽനോട്ടം, നിർദ്ദേശം, നിയന്ത്രണം എന്നിവയാണ് കമീഷന്റെ അധികാരം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് വെറുമൊരു ജനാധിപത്യ പ്രക്രിയ മാത്രമായിരുന്നില്ല. വലിയൊരു ജനതയെ, സമ്മതിദാനാവകാശത്തിലേക്ക് കൂട്ടിക്കൊണ്ടുവരുകയും അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുക എന്ന അതിസങ്കീർണവും കഠിനവുമായ ഒരു പ്രവൃത്തിയായിരുന്നു അത്. നിഷ്പക്ഷമായും കാര്യക്ഷമതയോടെയും ഈ കൃത്യം നിർവഹിക്കാൻ സാധിച്ചത് സുകുമാർ സെൻ എന്ന തിരഞ്ഞെടുപ്പ് കമീഷണറുടെ ഗണിതശാസ്ത്ര മികവു കൊണ്ട് മാത്രമായിരുന്നില്ല. മറിച്ച്, ഒരു തരത്തിലുമുള്ള രാഷ്ട്രീയ ഇടപെടലുകൾക്കും നിൽക്കാതെ രാജ്യത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ജോലി സ്വതന്ത്രമായി ചെയ്യാനുള്ള സാഹചര്യം അന്നത്തെ രാഷ്ട്രീയ നേതാക്കൾ ഉറപ്പുവരുത്തിയിരുന്നു.

ടി. എൻ. ശേഷൻ

കാലം മുൻപോട്ട് നീങ്ങിയപ്പോൾ വോട്ടിംഗ് പ്രായം 21-ൽനിന്ന് 18 ആയി. തൊണ്ണൂറുകളുടെ തുടക്കത്തിൽ ടി. എൻ. ശേഷൻ എന്ന ഊർജസ്വലനായ ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ വന്നു. അദ്ദേഹത്തിൻ്റെ കാലത്ത് തിരഞ്ഞെടുപ്പ് കമീഷൻ കൂടുതൽ കർശനമായി. മദ്യവും പണവും കൊടുത്തു കൊണ്ടുള്ള വോട്ട് പിടിത്തം ഇല്ലാതാക്കാനും കൃത്യമായ സാമ്പത്തിക വിവരങ്ങൾ സമർപ്പിക്കാത്ത സ്ഥാനാർത്ഥികളെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് പുറത്താക്കാനുമുള്ള നടപടികൾ അദ്ദേഹം സ്വീകരിച്ചു.

21-ാം നൂറ്റാണ്ടോടെ തിരഞ്ഞെടുപ്പ് രീതികൾ ആധുനികവൽക്കരിക്കപ്പെട്ടു. ബാലറ്റ് പേപ്പർ മാറി വിവിപാറ്റി​ലേക്കും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലേക്കും എത്തി. ശാസ്ത്രത്തിൻ്റെ വളർച്ച പല മേഖലകളിലേയും വിശ്വാസ്യത വർദ്ധിപ്പിച്ചപ്പോൾ, തിരഞ്ഞെടുപ്പ് പ്രക്രയയിൽ അത് നേരെ മറിച്ചാണ് സംഭവിച്ചത്. ഓരോ തിരഞ്ഞെടുപ്പു കഴിയുംതോറും വോട്ടിംഗ് യന്ത്രത്തെ കുറിച്ചുള്ള പരാതികൾ കൂടുകയാണ്. ബാലറ്റ് പേപ്പറുകളുടെ സുതാര്യത യന്ത്രങ്ങളിൽ തെളിയുന്ന അക്കങ്ങൾക്കൂം അക്ഷരങ്ങൾക്കും ഇല്ല എന്ന് പല പഠനങ്ങളും തെളിയിച്ചു. പല രാജ്യങ്ങളും യന്ത്രങ്ങളിൽനിന്ന് മാറി പഴയ സംവിധാനത്തിലേക്ക് തിരിച്ചു പോകുന്നത്, ഇത്തരം പരാതികളിൽ കഴമ്പുണ്ടെന്ന് തെളിയിക്കുന്നു.

ഇലക്ട്റൽ ബോണ്ട് എന്ന കുപ്രസിദ്ധ സംവിധാനത്തിലൂടെ അളവറ്റ കോർപറേറ്റ് ഫണ്ടിംഗ് ആണ് ഇന്ത്യൻ തിരഞ്ഞെടുപ്പുകളിലേക്ക് ഒഴുകുന്നത്. ഇതിൽ ഭൂരിഭാഗവും ജനഹിതം വിലക്കെടുക്കാൻ സമർഥരായ ബി.ജെ.പിക്കാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

റപ്രസന്റേഷൻ ഓഫ് ദ് പീപ്പിൾ ആക്‌ട്‌- 1951 എന്ന ജനപ്രാതിനിധ്യ നിയമം, ഇൻകംടാക്‌സ് ആക്‌ട്‌-1961, ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്‌ട്‌- 2010, കമ്പനീസ് ആക്‌ട്‌-2013 എന്നീ നാല് നിയമനിർമാണങ്ങൾ ഒന്നിച്ച് ഭേദഗതി ചെയ്‌തുകൊണ്ടാണ് 2018 ജനുവരി 2 മുതൽ ഇലക്ടറൽ ബോണ്ട് പദ്ധതി നടപ്പാക്കിത്തുടങ്ങിയത്‌.
20,000 രൂപയ്‌ക്കുമേൽ സംഭാവന നൽകുന്ന വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും വിശദവിവരങ്ങൾ അതത് രാഷ്ട്രീയപാർട്ടികൾ ദേശീയ തെരഞ്ഞെടുപ്പ് കമീഷന് നിർബ്ബന്ധമായും നൽകണം എന്നതായിരുന്നു ജനപ്രാധിനിധ്യ നിയമത്തിലെ വ്യവസ്ഥ. ഭേദഗതിയിലൂടെ, ഇലക്ടറൽ ബോണ്ട് വഴി എത്ര പണം നൽകിയാലും പണം നൽകുന്ന വ്യക്തികളോ സ്ഥാപനങ്ങളോ, അത് കൈപ്പറ്റുന്ന പാർട്ടികളോ, ആർക്കും ഒരു വിവരവും നൽകേണ്ടതില്ല.
തുടർച്ചയായി മൂന്നു വർഷം ലാഭത്തിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് മാത്രമേ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് ഫണ്ട് നൽകാൻ സാധിക്കുകയുള്ളൂ. അതും ആ കമ്പനിയുടെ പരമാവധി അറ്റാദായത്തിന്റെ 7.5% തുക വരെ മാത്രം. ഈ വ്യവസ്ഥയും മാറ്റി.

ജനാധിപത്യത്തിനുമുകളിൽ പണവും, മുഴുവൻ സംവിധാനവും തന്നെ വട്ടമിട്ട് പറക്കുമ്പോൾ അതിൻ്റെ തലപ്പത്തുതന്നെ രാഷ്ട്രീയ കൈകടത്തൽ നടത്തി ജനാധിപത്യത്തെ തന്നെ ദുർബലമാക്കുന്നതാണ് കേന്ദ്ര സർക്കാരിൻ്റെ പുതിയ നിയമം.

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ജെ.എം. ലിങ്ദോ

ഒരു ഗുജറാത്ത് അനുഭവം

തിരഞ്ഞെടുപ്പ് കമീഷണർമാരെ തങ്ങളുടെ വരുതിയിലാക്കാൻ മുമ്പും ബി.ജെ.പി ശ്രമിച്ചിട്ടുണ്ട്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത്, 2002 - ലെ വംശഹത്യയുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ കത്തിനിൽക്കുന്ന പാശ്ചാത്തലത്തിൽ, 2003 ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, 2002 ജൂലൈയിൽ തന്നെ സർക്കാരിനെ പിരിച്ചുവിട്ട് ഭരണഘടനാ പ്രതിസന്ധിക്ക് വഴിതെളിയിച്ചു. അതേവർഷം ഒക്ടോബറിൽ തന്നെ തിരഞ്ഞെടുപ്പ് നടത്തണം എന്നായിരുന്നു മോദിയുടെ ആവശ്യം. അതിനു വേണ്ടി അന്നത്തെ തിരഞ്ഞെടുപ്പ് കമീഷണറായിരുന്ന ജെ. ലിങ്ദോയിൽ സമ്മർദ്ദം ചെലുത്താനും തുടങ്ങി. എന്നാൽ കലാപം കൊണ്ട് പൊറുതി മുട്ടിയ നാട്ടിൽ, ബഹുഭൂരിപക്ഷം ജനങ്ങൾ ക്യാമ്പുകളിലും മറ്റും അഭയം തേടിയ സമയത്ത് തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കില്ല എന്ന് ലിങ്ദോ കർശനമായി പറയുകയും, റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സുപ്രീംകോടതിയും ലിങ്ദോയുടെ വാദം ശരിവെക്കുകയാണ് ചെയ്തത്. ഇതിന്റെ പ്രതികാരമെന്നോണം, വഡോദരയിൽ വച്ച് മോദിയുടെ പ്രസംഗത്തിൽ ക്രിസ്ത്യൻ വിശ്വാസിയായ ലിങ്ദോയെ മതപരമായി പേരെടുത്ത് അധിക്ഷേപിക്കുന്ന തലത്തിൽ വരെ കാര്യങ്ങളെത്തി.
ബി.ജെ.പിയും അതിന്റെ ഭരണകൂടങ്ങളും പിന്തുടരുന്ന ജനാധിപത്യവിരുദ്ധ നടപടികളുടെ തുടർച്ചയാണ് പുതിയ നിയമം. ആ ജനാധിപത്യവിരുദ്ധതയെ ചോദ്യം ചെയ്യാനാകാത്തവിധം ദേശീയ പൊതുബോധം നിശ്ശബ്ദമാക്കപ്പെടുന്നു എന്നിടത്ത് ദുരന്തം പൂർത്തിയാകുന്നു.

Comments