‘സ്റ്റോളൻ’: ഹിമസംഗരത്തിന്റെ പാദമുദ്രകൾ,
അപഹരിക്കപ്പെട്ട സാമി ജീവിതം

യൂറോപ്യൻ യൂണിയനിലെ ഒരേയൊരു അംഗീകൃത തദ്ദേശീയ ജനതയാണ് സാമികൾ. പുതിയ കാലത്ത് സാമി ജനതയ്ക്ക് നേരിടേണ്ടിവരുന്ന വംശവിദ്വേഷത്തിന്റെ തിക്തതകളെയും, വെറുപ്പിന്റെ രാഷ്ട്രീയത്തെയും പ്രശ്നവത്ക്കരിക്കുന്ന നോവലാണ് സ്വീഡനിലെ യുവ സാമി എഴുത്തുകാരിയായ ആൻ ഹെലൻ ലേസ്റ്റാഡിയസ് രചിച്ച 'സ്റ്റോളൻ'.

സാമി എന്ന തദ്ദേശീയ ജനത അധിവസിക്കുന്ന ആർട്ടിക് പ്രദേശമാണ് സാപ്മി. ഹിമസംഗരങ്ങളുടെ (reindeer) കാൽപ്പാടുകൾ പിന്തുടർന്ന് ആർട്ടിക് മേഖലയിൽ ദേശാന്തരയാത്രകൾ നടത്തി ജീവിച്ചിരുന്നവരാണ് സാമികൾ. നോർവെയുടെ തെക്കൻ പ്രദേശമായ ഹെഡ്മാർല കൗണ്ടി മുതൽ റഷ്യയുടെ വടക്കുഭാഗത്തെ കോള മുനമ്പു വരെ വ്യാപിച്ചുകിടന്ന ദേശമായിരുന്നു ലാപ്ലാൻഡ് അഥവാ സാപ്മി. നൂറ്റാണ്ടുകൾക്ക് മുമ്പ് റഷ്യൻ സാറുകളും സ്കാൻഡിനേവിയൻ ഭരണാധികാരികളും പല കാലഘട്ടങ്ങളിൽ ഈ ദേശത്തെ തങ്ങളുടെ അധീനതയിലാക്കി. ചരിത്രത്തിലെ എണ്ണമറ്റ പടയോട്ടങ്ങൾ അവരുടെ ദേശത്തെ നാലു രാഷ്ട്രങ്ങളിലേക്ക് ചിതറിച്ചുകളഞ്ഞു.നോർവെ, സ്വീഡൻ, ഫിൻലൻഡ്, റഷ്യ എന്നീ രാഷ്ട്രങ്ങളിൽ അധിവസിക്കുമ്പോഴും അതിരുകളില്ലാത്ത ഒരു രാജ്യമായി സാപ്മിയെ സാമി ജനത തങ്ങളുടെ ഹൃദയഭൂപടത്തിൽ ഏറെ വികാരവായ്പ്പോടെ അടയാളപ്പെടുത്തുന്നു.

ഋതുഭേദങ്ങൾക്കനുസരിച്ചുള്ള സാമികളുടെ പരമ്പരാഗതമായ ദേശാന്തര ജീവിതം മലനിരകളിൽനിന്ന് തീരപ്രദേശങ്ങൾവരെ നീളുന്ന മേച്ചിൽ പുറങ്ങളിലൂടെ റെയ്ൻഡീയറുകളെ പിന്തുടർന്നുള്ളതാണ്.

സാപ്മിയിലെ സാമി എന്ന തദ്ദേശീയ ജനത Photos: swedishlapland.com

ആർട്ടിക് പ്രദേശത്തിന്റെ കാലാവസ്ഥയോട് ഇണങ്ങിച്ചേർന്ന ബൊവാസു എന്ന റെയ്ൻഡീയറിന് സാപ്മിയിൽ സവിശേഷ സ്ഥാനമുണ്ട്. പ്രകൃതിയുടെ താളത്തിനൊത്ത് അതിവിശാലമായ മേച്ചിൽപ്പുറങ്ങളിൽ അവ സ്വൈരവിഹാരം നടത്തുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ പാതിവരെയും നാടോടികളായി (nomads) ജീവിച്ച സാമികൾ മലനിരകളിലെ വേനൽക്കാല മേച്ചിൽപ്പുറങ്ങളിൽ പോലും ഇപ്പോൾ സ്ഥിരം അധിവാസകേന്ദ്രങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. റെയ്ൻഡീയർ പരിപാലനത്തെ ആശ്രയിച്ചുള്ള ഒരു ജീവിതചര്യ പുലർത്തിയിരുന്ന സാമികൾ പ്രകൃതിയുടെ സൂക്ഷ്മ ഭാവഭേദങ്ങൾ പോലും ഉൾക്കൊണ്ട് ജീവിച്ച ജനതയാണ്.

പ്രകൃതിയോടും മണ്ണിനോടും ഇവർ പുലർത്തുന്ന ആദരവും കൃതജ്ഞതാഭാവവും അനന്യമാണ്. കടുത്ത കാലാവസ്ഥയിലും പരുക്കൻ ഋതുക്കളിലും അതിജീവനത്തിനായി കഠിനമായി യത്നിക്കുന്നവരാണ് സാമികൾ. പ്രകൃതിയുടെ സന്തുലനത്തിലും സാമി സംസ്ക്കാരം ബലപ്പെടുത്തുന്നതിലും ഇവർ ശ്രദ്ധാലുക്കളാണ്. റെയ്ൻഡീയറിന്റെ കാൽപ്പാടുകൾ പതിഞ്ഞ പാതയിലൂടെയാണ് തങ്ങളിവിടെ എത്തിയതെന്ന് അവർ അഭിമാനിക്കുന്നു. അവരുടെ സ്വാതന്ത്ര്യബോധത്തിന്റെയും അകളങ്കിത സ്വഭാവത്തിന്റെയും പേരിൽ റൂസ്സോയുടെ 'ശ്രേഷ്ഠനായ അനാഗരികൻ' (the noble savage) എന്ന ആശയത്തെ ഉദാഹരിക്കാൻ സാമികളെ ചൂണ്ടിക്കാട്ടുന്നവരുണ്ട്. സാപ്മിയിലെത്തിയ വിദേശ സഞ്ചാരികൾ തങ്ങളുടെ അനുഭവങ്ങളെ ആധാരമാക്കി രചിച്ച ഗ്രന്ഥങ്ങളിലൂടെ സാമികളുടെ ചില വാർപ്പുമാതൃകകൾ പ്രചരിപ്പിച്ചു. റെയ്ൻഡീയറുകളെ വളർത്തി ജീവിക്കുന്നവർ മാത്രമാണ് യഥാർത്ഥ സാമികൾ എന്ന മിത്തും ഇവരിൽ ചിലർ സൃഷ്ടിച്ചിട്ടുണ്ട്.

സാമിവംശജരുടെ ജീവത്പ്രശ്നങ്ങളെയും പ്രതിസസികളെയും യൂറോപ്പിന് പുറത്തെത്തിക്കാൻ ഈ നോവലിന്റെ വിജയം ഉപകരിച്ചു എന്നു പറയാം.

പ്രകൃതിയോട് ഗാഢബന്ധം പുലർത്തി ജീവിക്കുന്ന ഈ ജനതയ്ക്ക് നാല് ഋതുക്കൾ പോരാതെ വരുന്നു. അവരുടെ പ്രകൃതിയുടെ കലണ്ടറിൽ എട്ട് ഋതുക്കളുണ്ട്. എട്ടു ഋതുക്കളിലും റെയ്ൻഡീയറിനെ കേന്ദ്രീകരിച്ചാണ് ഇവരുടെ പാരമ്പര്യജീവിതം ചുറ്റിത്തിരിഞ്ഞത്. പല ഋതുക്കളിൽ പല മേച്ചിൽപ്പുറങ്ങളിലേക്ക് ഇവർ ദേശാന്തരയാത്രകൾ നടത്തുന്നു. ഓരോ പുതിയ ദിവസവും അടുത്ത ശൈത്യകാലത്തേക്കുള്ള ചുവടുവെപ്പാണ് എന്ന ചൊല്ലുതന്നെ ഇവർക്കിടയിലുണ്ട്. അതിരുകളില്ലാത്ത ഒരു ദേശമാണ് സാപ്മിയെന്ന് സാമികൾ കരുതുന്നു. ഇവർക്ക് സ്വന്തം ഭാഷയും ചരിത്രവും സം‌സ്ക്കാരവും പാർലിമെൻറും പതാകയുമുണ്ട്. അവരുടെ പാർലിമെൻറിനാകട്ടെ നാമമാത്ര അധികാരങ്ങളേ ഉള്ളൂ.

പ്രകൃതിയിലേക്ക് അതിഗാഢം വേരൂന്നിയ സവിശേഷമായ ഒരു സാംസ്ക്കാരിക ഭൂമിക സാമികൾക്കുണ്ട്. പ്രകൃതിശക്തികൾക്ക് സാമി വിശ്വാസസംഹിതയിൽ പ്രാമുഖ്യവുമുണ്ട്. റെയ്ൻഡീയറിന് സാമി സംസ്ക്കാരത്തിൽ പ്രതീകാത്മക തലത്തിലും സവിശേഷസ്ഥാനമാണുള്ളത്. അവയുടെ രോമത്തിൽ നിന്നത്രെ പുല്ലും മരങ്ങളും കാടുകളുമുണ്ടായത്. അതിന്റെ തലയോട്ടിയിൽ നിന്ന് ആകാശവും കണ്ണുകളിൽ നിന്ന് നക്ഷത്രങ്ങളുമുണ്ടായി. അവയുടെ ഞരമ്പുകളിലൂടൊഴുകുന്ന രക്തത്തിൽ നിന്ന് എല്ലാ പുഴകളും ഉറവെടുത്തു.

ആർട്ടിക് പ്രദേശത്തിന്റെ കാലാവസ്ഥയോട് ഇണങ്ങിച്ചേർന്ന ബൊവാസു എന്ന റെയ്ൻഡീയറിന് സാപ്മിയിൽ സവിശേഷ സ്ഥാനമുണ്ട്. പ്രകൃതിയുടെ താളത്തിനൊത്ത് അതിവിശാലമായ മേച്ചിൽപ്പുറങ്ങളിൽ അവ സ്വൈരവിഹാരം നടത്തുന്നു.

കൃസ്ത്യൻ മിഷനറിമാർ അവർക്കിടയിലേക്ക് വരുന്നതിനുമുമ്പ് ഷാമനിസം, ആനിമിസം എന്നിവ സമൂഹത്തിൽ ശക്തമായിരുന്നു. മൃഗങ്ങളിലും മരങ്ങളിലും പ്രകൃതിയിലെ വസ്തുക്കളിലുമെല്ലാം ആത്മാവുണ്ടെന്ന് അവർ വിശ്വസിച്ചു. (എമേഴ്സനും തോറോയുമുൾപ്പടെയുള്ള പല ചിന്തകരും പുലർത്തിപ്പോന്ന, അമേരിക്കൻ നവോത്ഥാനകാലത്തെ transcendental pantheism ഏതൊക്കെയോ രീതികളിൽ സാമികളുടെ ഈ പ്രകൃതിസങ്കല്പനവുമായി ചേർന്നുപോകുന്ന തായി കാണാം.) ആത്മാക്കളെയും പ്രകൃതിശക്തികളെയും പരമ്പരയാ വിശ്വസിച്ചുപോരുന്ന ദൈവങ്ങളെയും അവർ ആരാധിച്ചു. വിശപ്പിന്റെയും രോഗപീഢകളുടെയും തീരാദുരിതങ്ങളിലും വേട്ടയ്ക്ക് പോകുമ്പോഴും അവർ ദൈവങ്ങളുടെ തുണ തേടി. നൊവായിഡ് എന്നറിയപ്പെട്ട സാമി ഷാമനാണ് അവർക്കിയിൽ ദൈവേച്ഛയുടെ വ്യാഖ്യാനാവായിരുന്നത്. സാധാരണക്കാരനായ നൊവായിഡ് മൃഗാത്മാക്കളെ തന്നിലേക്ക് ആവാഹിച്ച് അരുളപ്പാടിനായുള്ള മനോനില കൈവരിക്കുന്നതോടെ ദേശ- കാലാതീതനായി മാറുന്നു. രോഗവിമുക്തിക്കായുള്ള ഷാമനിസ്റ്റ് അനുഷ്ഠാനങ്ങൾ സാപ്മിയിൽ ഇപ്പോഴും അന്യം നിന്നിട്ടില്ല.

‘അപഹരിക്കപ്പെട്ടത്’ (Stolen)

പുതിയ കാലത്ത് സാമി ജനതയ്ക്ക് സാമൂഹ്യജീവിതത്തിൽ നേരിടേണ്ടിവരുന്ന വംശവിദ്വേഷത്തിന്റെ തിക്തതകളെയും, വെറുപ്പിന്റെ രാഷ്ട്രീയത്തെയും പ്രശ്നവത്ക്കരിക്കുന്ന നോവലാണ് സ്വീഡനിലെ യുവ സാമി എഴുത്തുകാരിയായ ആൻ ഹെലൻ ലേസ്റ്റാഡിയസ് രചിച്ച 'സ്റ്റോളൻ'. ഒമ്പതു വയസ്സുകാരിയായ എൽസയാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം. ഉത്തര സ്വീഡനിലെ ഒരു വിദൂര ഗ്രാമത്തിലാണ് എൽസയുടെ കുടുംബം താമസിക്കുന്നത്. റെയ്ൻഡീയർ പരിപാലനം നടത്തി ഉപജീവനം കഴിക്കുന്നവരാണിവർ. ഒരിക്കൽ റെയ്ൻഡിയർ പറ്റങ്ങളുടെ മേച്ചിൽപുറത്തേക്ക് സ്കീയിങ് നടത്തവെ കയ്യിൽ ചോരപുരണ്ട കത്തിയുമായി ഒരാൾ നിൽക്കുന്നത് അവൾ കാണുന്നു. താൻ കൊലപ്പെടുത്തിയ റെയ്ൻഡിയറിന്റെ ചോരയിറ്റുന്ന ചെവി അയാൾ കടിച്ചു പിടിച്ചിട്ടുമുണ്ട്. ഒരു റെയ്ൻഡിയർ ഏതു പറ്റത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയാനുള്ള അടയാളം അവയുടെ ചെവിയിൽ മുദ്രണം ചെയ്തിട്ടുണ്ടാകും. കണ്ടത് ആരോടെങ്കിലും വെളിപ്പെടുത്തിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി അയാൾ സ്ഥലംവിടുന്നു. അയാൾ ഉപേക്ഷിച്ചുപോയ ചെവിക്കഷ്ണം അവളെടുക്കുന്നു. തന്റെ അരുമയായ നേസ്റ്റെഗലു എന്ന റെയ്ൻഡീയറാണ് കൊല്ലപ്പെട്ടതെന്ന് അവൾ മനസ്സിലാക്കുന്നു. റെയ്ൻഡീയർ കൊലകൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച റോബർട്ട് ഐസക്സണായിരുന്നു ആ അക്രമി. അയാളുടെ ഭീഷണിയെതുടർന്ന് ഭീതിയിലാണ്ടുപോയെങ്കിലും, ആ സംഭവത്തിന്റെ ദൃക്സാക്ഷിയെന്ന നിലയിൽ ആകെ പരിക്ഷീണയായെങ്കിലും ഒരിക്കൽ താനയാളെ കൊല്ലുമെന്ന് അവൾ മനസ്സിലുറപ്പിക്കുന്നു. എൽസയുടെ പിതാവ് അവളെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുണ്ടെങ്കിലും ഭീതികാരണം അവൾക്ക് അയാളുടെ പേര് വെളിപ്പെടുത്താനായില്ല. അതുണ്ടാക്കിയ കുറ്റബോധം വർഷങ്ങളോളം അവളെ വേട്ടയാടുന്നുണ്ട്. അതൊരു മോഷണക്കേസായി നിസ്സാരവത്ക്കരിക്കുന്ന പൊലീസാകട്ടെ അതിന്മേൽ ഗൗരവതരമായ അന്വേഷണം നടത്തിയതുമില്ല.

നോർവെയിലും സ്വീഡനിലുമൊക്കെ ന്യൂനപക്ഷമായ സാമികളോടുള്ള വിദ്വേഷം ഭൂരിപക്ഷ വംശജർ പ്രകടമാക്കുന്നത് അവരുടെ റെയ്ൻഡിയറുകളെ ക്രൂരമായി ഉപദ്രവിച്ചും കൊലപ്പെടുത്തിയുമൊക്കെയാണ്.

സാമികൾക്കെതിരായ കുറ്റകൃത്യങ്ങളോട് പൊലീസ് കാട്ടുന്ന മുൻവിധിയും പക്ഷപാതപരമായ നിലപാടുകളും അതിക്രമങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു. ഭൂരിപക്ഷ വംശജർ നടത്തുന്ന റെയ്ൻഡീയർ ഹത്യകളും തുടർന്നുള്ള പൊലീസിന്റെ നിസ്സംഗ സമീപനവും തുടർക്കഥകളാകുന്നു. വർഷങ്ങൾക്കു ശേഷം റെയ്ൻഡീയർ പരിപാലകയായി എൽസ ഗ്രാമത്തിലേക്ക് മടങ്ങിയെത്തുന്നത് തങ്ങൾക്കും തങ്ങളുടെ ജീവനായ റെയ്ൻഡീയറുകൾക്കും നേരെയുള്ള സർവ്വ നൃശംസതകൾക്കുമെതിരായ പോരാട്ടത്തിന് തയ്യാറായാണ്. ഇതോടെ അത്യന്തം നാടകീയമായ സംഭവങ്ങളിലൂടെ നോവൽ സഞ്ചരിക്കുന്നു. സാമികളെ സംബന്ധിച്ച് റെയ്ൻഡീയറുകളെന്നാൽ അവരുടെ ജീവിതം തന്നെയാണ്. അവയ്ക്കെതിരായ ഹിംസയെ സാമിജനതയ്ക്കുനേരെയുള്ള ഹിംസയായി മാത്രമേ അവർക്ക് കാണാനാവൂ. നോർവെയിലും സ്വീഡനിലുമൊക്കെ ന്യൂനപക്ഷമായ സാമികളോടുള്ള വിദ്വേഷം ഭൂരിപക്ഷ വംശജർ പ്രകടമാക്കുന്നത് അവരുടെ റെയ്ൻഡിയറുകളെ ക്രൂരമായി ഉപദ്രവിച്ചും കൊലപ്പെടുത്തിയുമൊക്കെയാണ്.

സാമികൾക്കെതിരായ ഹിംസയുടെ ആനന്ദത്തിൽ അവർ ആറാടുമ്പോൾ ഭരണകൂടവും നീതിന്യായ സംവിധാനങ്ങളും പുലർത്തുന്ന നിഷ്ക്രിയത്വവും നിർവ്വികാര സമീപനങ്ങളും അവരുടെ ദൈനംദിന ജീവിതം കൂടുതൽ ദുസ്സഹമാക്കി മാറ്റുന്നു. റെയ്ൻഡിയറുകളെ മോഷ്ടിക്കുന്നതിനിടയിൽ സംഭവിക്കുന്ന സംഗതികളായി മാത്രം അവയെ ലഘൂകരിച്ചു കാണുന്ന നീതിപാലകർ അതൊരു വിദ്വേഷപ്രേരിതമായ കുറ്റകൃത്യമായി (hate crime) അംഗീകരിക്കാൻ വിമുഖത കാട്ടുന്നത് അത്തരം അതിക്രമങ്ങൾ ആവർത്തിക്കുന്നതിന് കാരണമാകുന്നു. തങ്ങളുടെ റെയ്ൻഡീയറുകൾ കൊല്ലപ്പെട്ടപ്പോൾ കഥാനായികയായ എൽസയെപ്പോലുള്ളവർ നടത്തുന്ന പോരാട്ടങ്ങളെ പലപ്പോഴും പരാജയപ്പെടുത്തുന്നത് ഇതേ നീതിന്യായവ്യവസ്ഥിതിയാണ്. തന്നിമിത്തം അവർ വീണ്ടും ഇരകളാക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണവും (hate campaign), സൈബറിടങ്ങളിലെ ആൾക്കൂട്ട ആക്രമണവുമൊക്കെ (cyber lynching) സാമികൾക്ക് വളരെ കൂടുതൽ നേരിടേണ്ടി വരുന്നുണ്ട്. അവർക്കെതിരെയുള്ള വിദ്വേഷം നിറഞ്ഞ പോസ്റ്റുകളും കമന്റുകളും സമൂഹമാധ്യമങ്ങളിൽ നിറയുന്നു. സ്ഥിരം കുറ്റവാളിയായ റോബർട്ടും കൂട്ടാളിയും റെയ്ൻഡിയറുകളെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്യാനുള്ള ധൈര്യം കാട്ടുന്നു. അതിനാകട്ടെ വ്യാപകമായ പിന്തുണയും ലഭിക്കുന്നുണ്ട്.

സാമി വംശജർക്ക് പൊതുസമൂഹത്തിലുണ്ടാകുന്ന ഏതൊരു പ്രശ്നത്തിന്റെയും പ്രതിഫലനം പലപ്പോഴും വിദ്യാലയങ്ങളിൽപോലും പ്രകടമാകും. സാമി വിദ്യാർത്ഥികൾ പലപ്പോഴും കൂട്ടം ചേർന്നുള്ള ബുള്ളിയിങ്ങിന് വിധേയരാകുന്നു. വംശീയ വിഭാഗമെന്ന നിലയിൽ പല നിലകളിലും സാമികൾ ഇരയാക്കപ്പെടുന്നു. ദൈനംദിന സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സാമികൾ അഭിമുഖീകരിക്കുന്ന സംഘർഷാത്മക സാഹചര്യങ്ങൾ ക്രമേണ അവരെ ജീവിതനൈരാശ്യത്തിലേക്കും കടുത്ത വിഷാദരോഗത്തിലേക്കും തുടർന്നുള്ള ആത്മഹത്യയിലേക്കും നയിക്കുന്നു. ഒരു ആത്മഹ ത്യയെങ്കിലും സംഭവിച്ചിട്ടില്ലാത്ത കുടുംബങ്ങൾ സാമികൾക്കിടയിലില്ല എന്നു പൊതുവെ വിലയിരുത്തപ്പെടാറുണ്ട്. തുടർച്ചയായുണ്ടാകുന്ന ഭീഷണികൾ എൽസയേയും കുടുംബത്തെയും നിതാന്ത ഭയത്തിലേക്കാണ് തള്ളിവിടുന്നത്. റോബർട്ട് എന്ന സ്ഥിരം കുറ്റവാളി ഒരിക്കൽ അവളുടെ വീടാക്രമിക്കുന്നു പോലുമുണ്ട്. സഹോദരൻ മത്യാസിന്റെ മനോനില തകരാറിലാവുകയും സൈക്കി സെൻററിൽ ചികിത്സ തേടുകയും ചെയ്യുന്നു. എൽസയുടെ സുഹൃത്ത് ആത്മഹത്യ ചെയ്യുന്നു. എൽസയും കുടുംബവും കടന്നുപോകുന്ന മാനസികവ്യഥകൾ വംശീയ വിദ്വേഷത്തിലധിഷ്ഠിതമായ സാമൂഹ്യഘടനയുടെ സൃഷ്ടിയാണ്. റെയ്ൻഡീയറുകുടെ വിഹാരകേന്ദ്രമായ മേച്ചിൽപ്പുറങ്ങളിൽ കോടതി ഉത്തരവു പ്രകാരം വേട്ട നിരോധിക്കപ്പെടുകയും ആ പ്രദേശം സാമികൾക്ക് മാത്രമായി വിട്ടുനൽകപ്പെടുകയുമുണ്ടായി. ഇത് സ്വീഡിഷ് ഭൂരിപക്ഷ സമുദായത്തിൽപെട്ടവരുടെ സാമികളോടുള്ള വിദ്വേഷത്തിന്റെ ആഴം കൂട്ടാനിടയാക്കി. തുടർന്ന് റെയ്ൻഡീയർ കൊലകൾ കൂടുതലായി ആവർത്തിക്കപ്പെട്ടുകൊണ്ടേയിരുന്നു. ‘അവർക്ക് ഞങ്ങളെ കൊല്ലാനാകാത്തതിനാൽ ഞങ്ങളുടെ റെയ്ൻഡിയറുകളെ കൊല്ലുന്നു' എന്നാണ് എഴുത്തുകാരിയായ ആൻ ഹെലൻ ലേസ്റ്റാഡിയസ് ഇതേപ്പറ്റി അഭിപ്രായപ്പെടുന്നത്.

മനുഷ്യാവകാശ സംരക്ഷണത്തിലും മാനവവികസന സൂചികയിലും മുൻപന്തിയിലുള്ള രണ്ടു രാജ്യങ്ങളിൽ സാമി ജനത നേരിടുന്ന വംശീയ മുൻവിധികളിലധിഷ്ഠിതമായ വിവേചനവും നിരന്തര അപമാനവും നോവലിൽ ശക്തമായി ആവിഷ്ക്കരിക്കുന്നുണ്ട്.

റെയ്ൻഡിയർ പരിപാലനം നടത്തുന്ന സാമികളുടെ കൂട്ടായ്മയാണ് റെയ്ൻഡിയർ കലക്റ്റീവ്. ഈ മേഖലയിൽ സാമി സ്ത്രീകൾക്ക് ലിംഗവിവേചനം നേരിടേണ്ടിവരുന്നുണ്ട്. ഒരു സാമി സ്ത്രീ റെയ്ൻഡിയർ പരിപാലകയാകുന്നതോ കലക്റ്റീവിന്റെ നേതൃനിരയിലേക്ക് ഉയർന്നുവരുന്നതോ പൊതുവിൽ സാമി പുരുഷന്മാർ ആഗ്രഹിക്കുന്നില്ല. അതിനാൽ നോവലിലെ നായികയായ എൽസയെപ്പോലെ ഈ മേഖലയിലേക്ക് ഇഷ്ടത്തോടെ വരുന്ന സ്ത്രീകൾ സാമി സമുദായത്തിനുള്ളിൽത്തന്നെ ഏറെ സമർദ്ദം നേരിടേണ്ടിവരുന്നുണ്ട്. റെയ്ൻഡിയർ കലക്റ്റീവിലെ അംഗമായിട്ടും സ്ത്രീയായതിനാൽ അതിനുള്ളിൽ അവൾക്ക് വോട്ടവകാശം ലഭിക്കുന്നില്ല. സ്വസമുദായത്തിനുള്ളിൽത്തന്നെ എൽസയ്ക്ക് പോരാടേണ്ടി വരുന്നു. സാമി സ്ത്രീകളെന്ന നിലയിൽ പൊതു സമൂഹത്തിലും ഇതേ അവസ്‌ഥയിലൂടെ കടന്നുപോകുന്ന തിനാൽ അവർ ഒരുതരം ഇരട്ട പാർശ്വവത്ക്കരണത്തിന് (double marginalization) വിധേയരാകുന്നു.

സാപ്മിയിലെ പരമ്പരാഗത ഗോത്രജീവിതവവുമായി ബന്ധപ്പെട്ട പല സൂചനകളും നോവലിൽ കാണാം. പരേതാത്മാക്കളുടെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള വിശ്വാസം അത്തരത്തിലൊനാണ്. അത്തരം വിശ്വാസങ്ങളുടെ പേരിൽ വേട്ടയാടപ്പെട്ട ഒരു ഭൂതകാലം സാമിജനതയ്ക്കുണ്ട്.

ആർട്ടിക് പ്രദേശത്തെ പ്രതിഭാസമായ ഉത്തരധ്രുവദീപ്തിയെക്കുറിച്ച് (Northern lights) ഈ നോവലിൽ പറയുന്നുണ്ട്. അതിന്റെ രൂപം മാറിക്കൊണ്ടിരിക്കുന്നതാണ്. ഇതിന് സാമികളുട പരമ്പരാഗത വിശ്വാസങ്ങളുമായി ബന്ധമുണ്ട്. എൽസയുടെ അമ്മൂമ്മ അക്കു അതിനെ അശുഭലക്ഷണമായാണ് കാണുന്നത്. അതിനോട് ആദരവ് പുലർത്തണം. അത് അപകടകാരിയാണെന്നും നല്ലതൊന്നും സമ്മാനിക്കുകയില്ല എന്നും അവർ എൽസയോട് ഒരിക്കൽ പറയുന്നുണ്ട്.

മനുഷ്യാവകാശ സംരക്ഷണത്തിലും മാനവവികസന സൂചികയിലുമൊക്കെ ആഗോളതലത്തിൽതന്നെ ഏറ്റവും മുൻപന്തിയിലുള്ള ഈ രണ്ടു രാജ്യങ്ങളിലും സാമി ജനത നേരിടുന്ന വംശീയ മുൻവിധികളിലധിഷ്ഠിതമായ വിവേചനവും നിരന്തര അപമാനവും ലേസ്റ്റാസിയസ് തന്റെ നോവലിൽ ശക്തമായി ആവിഷ്ക്കരിക്കുന്നുണ്ട്.

ആൻ ഹെലൻ ലേസ്റ്റാഡിയസ്

സ്വാംശീകരണ പ്രക്രിയയുടെ രാഷ്ട്രീയം

15ാം നൂറ്റാണ്ടു മുതൽ സാപ്മി ജനത സ്വീഡൻ, നോർവെ, റഷ്യ (ഒരു ഘട്ടത്തിൽ ഡെന്മാർക്കിന്റെയും) എന്നീ രാജ്യങ്ങളുടെ അധിനിവേശത്തിനു വിധേയമായി. സ്വീഡിഷ് ഭരണാധികാരി ഗുസ്താവ് ഒന്നാമൻ സാപ്മി സ്വീഡന്റെ അധീനതയിലാണെന്ന് ഔദ്യോഗികമായി അവകാശപ്പെട്ടു. സ്വീഡനിലും നോർവെയിലുമുള്ള സാമികളുടെ സ്വീഡിഷ് / നോർവീജിയൻവത്ക്കരണം ദീർഘകാലം തകൃതിയായി നടന്നു. സ്വീഡിഷ് / നോർവീജിയൻ ദേശരാഷ്ട്രത്തോട് വിധേയപ്പെട്ട് ജീവിക്കാൻ അവർ പല നിലയ്ക്കും നിർബന്ധിതരായി. 17ാം നൂറ്റാണ്ടിൽ തന്നെ സാമി ജനതയ്ക്കിടയിൽ മിഷനറി പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു . 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അവർ ബോർഡിങ് സ്ക്കൂൾ തുറന്നു- ഇവ പള്ളികളായും ഉപയോഗിക്കപ്പെട്ടു. പുരോഹിതന്മാർക്കായിരുന്നു ഇതിന്റെ ചുമതല. വിദ്യാർത്ഥികളെ അവരുടെ സമുദായങ്ങളിൽ നിന്നും സാംസ്ക്കാരിക വേരുകളിൽനിന്നുതന്നെയും അന്യവത്ക്കരിക്കുക എന്നതായിരുന്നു ബോർഡിങ് സ്കൂളുകളുടെ ലക്ഷ്യം. ഭരണകൂടത്തിന്റെ സ്വാംശീകരണപ്രക്രിയ ഫലപ്രദമായി നടപ്പിലാക്കാൻ ഇവ സഹായിച്ചു എന്നുതന്നെ പറയണം. സാമി വിദ്യാർത്ഥികൾക്ക് അവരുടെ തദ്ദേശീയ ഭാഷ ഉപയോഗിക്കാനോ സാംസ്കാരിക പ്രവർത്തനത്തിലേർപ്പെടാനോ ഉള്ള അവകാശം നിഷേധിക്കപ്പെട്ടു. സാമി സംസ്ക്കാരിക സ്വത്വം പുലർത്താനാവാത്തവിധം സ്വീഡിഷ് / നോർവീജിയൻ പ്രബല സംസ്ക്കാരത്തിലേക്ക് അവരെ സ്വാംശീകരിച്ചെടുക്കുന്ന പ്രവണത (cultural appropriation) ത്വരിതഗതിയിൽ നടപ്പാക്കപ്പെട്ടു.

ദേശീയതയിലും സോഷ്യൽ ഡാർവിനിസത്തിലും അധിഷ്ഠിതമായ പ്രത്യയശാസ്ത്ര സമീപനമായിരുന്നു സ്വീഡിഷ് / നോർവീജിയൻവത്ക്കരണം. സാമികൾ കൂടുതലായുള്ള പ്രദേശങ്ങളിൽ അവർക്ക് സ്ഥലവുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങൾക്കുള്ള അനുമതി നിഷേധിക്കപ്പെട്ടു. സാമി സ്ഥലനാമങ്ങൾ സ്വീഡിഷ് / നോർവിജിയൻവത്ക്കരിപ്പെട്ടു. സ്വീഡിഷ് / നോർവീജിയൻ വംശത്തേക്കാൾ താഴ്ന്നവരാണ് സാമികൾ എന്ന കോയ്മാസിദ്ധാന്തം അവതരിപ്പിക്കപ്പെട്ടു.

മനഃശാസ്ത്ര പരിചരണവും പ്രത്യേക വിദ്യാഭ്യാസ പദ്ധതികളും ആവശ്യമുള്ളവരായി അവരെ കണക്കാക്കി. അവരുടെ ഭാഷ എഴുത്തുപയോഗത്തിനു കൊള്ളില്ല എന്നു വാദിക്കപ്പെട്ടു. വംശഹത്യയോളം നീണ്ടുപോകുന്ന വേരുകളുള്ള ഒരാശയത്തെ പേറുന്ന 'അബ്നോർമൽ' എന്ന വിശേഷണം സാമി ജനതയുടെ മേൽ മുദ്രകുത്തപ്പെട്ടു. സെൻസസിൽ ശാരീരക- മാനസിക പ്രശ്നമുള്ളവരുടെ കൂട്ടത്തിലാണ് സാമികളെ ഉൾപ്പെടുത്തിയത്.

സ്വീഡിഷ് ഭരണാധികാരി ഗുസ്താവ് ഒന്നാമൻ

സാമി സംസ്കാരത്തിന്റെയും ഭാഷയുടെയും ഉന്മൂലനപ്രക്രിയ പല അളവിൽ പല വിധത്തിൽ നടന്നു. ക്രമേണ സാമികളിലൊരു വിഭാഗം തങ്ങൾ സ്വീഡിഷ് / നോർവീജിയൻ വംശമഹിമ പേറുന്നവരാണെന്ന് വിശ്വസിച്ചുതുടങ്ങി. സാമി വംശീയ പശ്ചാത്തലമുള്ള പലരും അവരുടെ ഭാഷയേയും സംസ്ക്കാരത്തെയും നിഷേധാത്മകമായി കാണാൻ തുടങ്ങി. ഏറെക്കുറെ സമാനമായ പ്രശ്നങ്ങളാണ് സ്വീഡനിലെയും നോർവെയിലെയും സാമിജനത അഭിമുഖീകരിച്ചത്.

പ്രതിസന്ധികളും അതിജീവനവും

സാമികൾ എന്ന തദ്ദേശീയ ജനത പൊതുവിൽ നേരിടുന്ന ബഹുതല സ്പർശിയായ പ്രതിസന്ധികളെ ലേസ്റ്റാഡിയസ് തന്റെ നോവലിൽ അടയാളപ്പെടുത്തുന്നു. ആധുനിക വികസനപദ്ധതികളുടെ ബാഹുല്യവും മറ്റും ഈ തദ്ദേശീയ ജനതയുടെ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്. അവർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ പല മാനങ്ങളുള്ളവയാണ്. യൂറോപ്യൻ യൂണിയനിലെ ഒരേയൊരു അംഗീകൃത തദ്ദേശീയ ജനതയാണ് സാമികൾ. നാലു രാഷ്ട്രങ്ങളിലായി കഴിയുന്ന സാമികളുടെ മനുഷ്യാവകാശങ്ങൾ ഉറപ്പു വരുത്തുന്നതിൽ പ്രസ്തുത സ്റ്റേറ്റുകൾ പലപ്പോഴും ജാഗ്രത പുലർത്തുന്നില്ല എന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ചൂഷണാധിഷ്ഠിത വ്യവസായ പ്രവർത്തനങ്ങൾ സാമി ജനതയുടെ ജീവനോപാധികളെയും സാംസ്കാരിക സവിശേഷതകളെയും സാരമായി ബാധിക്കുന്നതായും റിപ്പോർട്ട് എടുത്തുപറയുന്നു.

സാമികൾ നേരിടുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ നിരവധിയാണ്. സാപ്മി മേഖയിലെ വ്യാപകമായ മൈനിങ്, വ്യവസായവത്ക്കരണം എന്നിവയുടെ ഫലമായാണ് പാരിസ്ഥിതിക ദുരന്തങ്ങൾ സംഭവിക്കുന്നത്. ആഗോള താപനം മൂലമുള്ള പാരിസ്ഥിതിക വിനാശങ്ങൾ വേറെയും. ഉഷ്ണകാലത്തുണ്ടാകുന്ന കാട്ടുതീ റെയ്ൻഡിയറുകളുടെ മേച്ചിൽപുറങ്ങൾ കത്തിയെരിക്കുന്നു. അവ ആഹരിക്കുന്ന 'ലിച്ചനു'കൾ (ഒരു തരം ഭക്ഷ്യയോഗ്യമായ ഫംഗി -ആൽഗേ) പാടേ നശിച്ചുപോകുന്നു. അവ വീണ്ടും തളിർത്ത് പഴയമട്ടിലാകാൻ മുപ്പത് വർഷങ്ങളെങ്കിലുമെടുക്കും. റെയ്ൻഡിയറുകൾ വിഹരിച്ചിരുന്ന മേച്ചിൽപുറങ്ങളുടെ വ്യാപ്തി കുറഞ്ഞു വരികയാണ്.

1950- കൾക്കുശേഷം തങ്ങൾ അധിവസിക്കുന്ന സ്കാൻഡിനേവിയൻ രാഷ്ട്രങ്ങളുടെ സ്വാംശീകരണ പ്രക്രിയയെ ചെറുത്ത് സാപ്മി ജനത സ്കൂളുകളിൽ സാമി ഭാഷ ഉപയോഗിക്കാൻ തുടങ്ങി.

പിറന്നുവീഴുമ്പോൾ മുതൽ ചുറ്റും പൊതിഞ്ഞു നിൽക്കുന്ന മഞ്ഞിനെ കുറിക്കാൻ നൂറുകണക്കിന് പദങ്ങൾ സാമി ഭാഷയിലുണ്ട്. മഞ്ഞുപാളികളുടെ ഘനം, ഘടന, സാന്ദ്രത തുടങ്ങിയവയ്ക്കനുസരിച്ച് വ്യത്യസ്ത പദങ്ങൾ ഉരുവം കൊണ്ടിട്ടുണ്ട്. എന്നാൽ, കാലാവസ്ഥാ വ്യതിയാനം മൂലം താപനിരക്ക് ഉയർന്നതിനെ തുടർന്നുണ്ടായ പ്രക്രിയയിൽ പുതുതായി രൂപം കൊണ്ട മഞ്ഞിനെ സൂചിപ്പിക്കാൻ സാമിഭാഷയിൽ വാക്കുകളില്ല. മഞ്ഞിനടിയിൽ തീറ്റ കണ്ടെത്തിയിരുന്ന ഹിമസംഗരങ്ങൾക്ക് പുതിയ മഞ്ഞുപാളികൾക്കടിയിൽ അതു കണ്ടെത്തുക ദുഷ്ക്കരമായിത്തീർന്നിരിക്കുന്നു. 20-ാം നൂറ്റാണ്ടായപ്പോഴേക്കും സാമി സാംസ്ക്കാരിക സ്വത്വത്തെ നിർണ്ണയിക്കുന്ന റെയ്ൻഡീ യർ വളർത്തൽ അത്യന്തം വാണിജ്യവത്ക്കരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. സാങ്കേതികവിദ്യകളെ പുൽകാതെ സാമികൾക്ക് നിലനിൽക്കാനാവാത്ത അവസ്ഥ സംജാതമായി. പുത്തൻ സമ്പദ് വ്യവസ്ഥയിൽ സാമി ഭാഷകളെ പിന്തള്ളി നോർവീജിയൻ ഭാഷയും മറ്റ് സ്കാൻഡിനേവിയൻ ഭാഷകളും ആധിപത്യം സ്ഥാപിച്ചതോടെ സാമികൾ വാണിജ്യരംഗത്ത് ഭാഷാപരമായ പ്രതിസന്ധിയും നേരിട്ടു. സ്വന്തം ഭാഷയെ അവരിൽ പലരും ഒരു തടസ്സമായി കണ്ടു തുടങ്ങി.

1950- കൾക്കുശേഷം തങ്ങൾ അധിവസിക്കുന്ന സ്കാൻഡിനേവിയൻ രാഷ്ട്രങ്ങളുടെ സ്വാംശീകരണ പ്രക്രിയയെ ചെറുത്ത് സാപ്മി ജനത സ്കൂളുകളിൽ സാമി ഭാഷ ഉപയോഗിക്കാൻ തുടങ്ങി. റെയ്ൻ ഡീയറുകളുടെ മേച്ചിൽപ്പുറങ്ങൾ സംരക്ഷിക്കാനും തങ്ങളുടെ പാരമ്പര്യവും സംസ്ക്കാരവും നിലനിർത്താനും അവർ കഠിനമായി യത്നിച്ചു പോന്നു. ഈ നൂറ്റാണ്ടിലെ ഇവരുടെ പ്രതിനിധിയാണ് നോവലിലെ നായികയായ എൽസ. സാപ്മിയിൽ ഇപ്പോൾ സാമി രാഷ്ട്രീയ- സാംസ്ക്കാരിക സംഘടനകൾ സജീവമാണ്. സ്വന്തമായി ആരംഭിച്ച ഏതാനും പത്രങ്ങളും റേഡിയോ സംവിധാനങ്ങളും അവർക്കു വേണ്ടി ശബ്ദിക്കുന്നുണ്ട്. ഈ നോവലിലും തന്റെ വംശത്തിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള എൽസയുടെ പോരാട്ടങ്ങളെ പിന്തുണയ്ക്കാൻ ഉറച്ച രാഷ്ട്രീയ ബോധ്യങ്ങളുള്ള ചില മാധ്യമ പ്രവർത്തകർ തയ്യാറാകുന്നുണ്ട്.

Photos: medium.com

അടുത്തകാലം വരെ റെയ്ൻഡീയർ പരിപാലനത്തെ ആശ്രയിച്ചുള്ളതായിരുന്നു സാമികളുടെ സമ്പദ് വ്യവസ്ഥ. ആഹാരം, വസ്ത്രം, സാമികളുടെ മുഖ്യ തൊഴിലുകളിലൊന്നായ കരകൗശലസാമഗ്രികളുടെ നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ എന്നിവയുടെയെല്ലാം മുഖ്യസ്രോതസ്സ് റെയ്ൻ ഡീയറുകളായിരുന്നു. അതായിരുന്നു അവരുടെ സംസ്കാരത്തിന്റെയും അടിസ്ഥാനം. റെയ്ൻഡീയർ പറ്റങ്ങളോടൊപ്പം അഞ്ചോ ആറോ കുടുംബങ്ങൾ ഒരുമിച്ച് ചേർന്ന് നടത്തിയിരുന്ന നാടോടി ജീവിതം ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു. സാമി ജനതയിൽ പത്തു ശതമാനത്തോളം ആൾക്കാർ മാത്രമാണ് ഇന്ന് റെയ്ൻഡീയറുകളെ കേന്ദ്രീകരിച്ച് നിത്യവൃത്തിയെടുക്കുന്നത്. എങ്കിലും പ്രകൃതിയോടും മണ്ണിനോടും പൊതുവിൽ തങ്ങൾ പുലർത്തുന്ന ആഭിമുഖ്യം വരും തലമുറകളിലേക്കും സംക്രമിക്കും എന്ന് അവർ പ്രത്യാശിക്കുന്നുണ്ട്. തന്റെ നോവലിൽ ലേസ്റ്റാഡിയസ് സാമിജീവിതത്തിന്റെയും സാംസ്കാരിക സവിശേഷതകളുടെയും ഇത്തരം സൂക്ഷ്മാംശങ്ങൾ ഉൾച്ചേർക്കുന്നതായി കാണാം.

സ്വന്തം ദേശത്ത് തങ്ങളുടെ വംശീയസ്വത്വം പുലർത്തിക്കൊണ്ട് ആത്മാഭിമാനത്തോടെ അന്തസ്സുറ്റ ജീവിതം നയിക്കാനുള്ള സാമിവംശജരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും അപഹരിക്കപ്പെടുന്നതിന്റെ തീക്ഷ്ണമായ ആവിഷ്ക്കാരമാണ് ‘സ്റ്റോളൻ' എന്ന നോവൽ. വംശീയ വിവേചനങ്ങൾക്കെതിരെ ഉറച്ച നിലപാടുകളോടെ പൊരുതുന്ന സാമിയുവത്വത്തിന്റെ പ്രതീകമായ കഥാനായിക എൽസ നോവലിസ്റ്റായ ആൻ ഹെലൻ ലേസ്റ്റാഡിയസിന്റെ തന്നെ പ്രതിരൂപമാണ് എന്നു പറയാം. പത്രപ്രവർത്തകയായിരുന്ന അവർ വംശീയ വിവേചനങ്ങൾക്കെതിരെ സമൂഹത്തിലിറങ്ങി പ്രവർത്തിക്കുന്നയാളാണ്. എങ്കിലും അവർക്ക് സാമിഭാഷ വശമില്ല. സാമിസമൂഹത്തിൽ അവരുടെ ഭാഷ സംസാരിക്കുകയും നഗരത്തിലേക്ക് പോകുമ്പോൾ സ്വീഡിഷ് ഭാഷ സംസാരിക്കുകയും ചെയ്യുന്ന തന്റെ അമ്മ തന്നെ സാമിഭാഷ പഠിപ്പിച്ചില്ല എന്നാണ് എഴുത്തുകാരി പറയുന്നത്.

നോർവേയിലെ മോസ്‌ജോണിനടുത്ത് ചത്ത റെയിൻഡിയറുകൾ

2021- ൽ സ്വീഡിഷ് ഭാഷയിൽ ഇറങ്ങിയ നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് റേയ്ചൽ വിൽസൻ ബ്രൊയ്ൽസാണ്. സാമിവംശജരുടെ ജീവത്പ്രശ്നങ്ങളെയും പ്രതിസസികളെയും യൂറോപ്പിന് പുറത്തെത്തിക്കാൻ ഈ നോവലിന്റെ വിജയം ഉപകരിച്ചു എന്നു പറയാം. സ്റ്റോളന്റെ ചലച്ചിത്രഭാഷ്യം നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവരാനിരിക്കുകയാണ്.


ടി. പി. സജീവൻ

കഥാകൃത്ത്​, വിവർത്തകൻ. പി. കുഞ്ഞിരാമൻ നായരുടെ കളിയച്​ഛൻ ഇംഗ്ലീഷിലേക്ക്​ പരിഭാഷപ്പെടുത്തി. ഒഡിയ ഭാഷയിലെ ആദ്യ ദളിത് നോവൽ അഖില നായകിന്റെ ഭേദ, സാഗരിക ദാസുമൊത്ത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.

Comments